ഫലസ്തീനികൾക്ക് തടസ്സങ്ങളില്ലാതെ സഹായമെത്തിക്കണം -യു.എ.ഇ
text_fieldsയു.എന്നിലെ യു.എ.ഇ അംബാസഡർ മുഹമ്മദ് അബൂ ശഹാബ്
ദുബൈ: ഗസ്സയിൽ പട്ടിണിയെ ഇസ്രായേൽ യുദ്ധായുധമായി ഉപയോഗിക്കുകയാണെന്ന് യു.എൻ രക്ഷാസമിതിയിൽ യു.എ.ഇ. ഫലസ്തീൻ ജനതയെ വ്യവസ്ഥാപിതമായി തകർക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ഫലസ്തീനികൾക്ക് തടസ്സങ്ങളില്ലാതെ സഹായമെത്തിക്കേണ്ട സമയമാണ് ഇതെന്നും അറബ് രാഷ്ട്രങ്ങളെ പ്രതിനിധാനം ചെയ്ത് രാജ്യം യു.എൻ രക്ഷാസമിതിയിൽ വ്യക്തമാക്കി. ഗസ്സ വിഷയത്തിൽ 22 അറബ് രാഷ്ട്രങ്ങളെ പ്രതിനിധാനം ചെയ്ത് യു.എന്നിലെ യു.എ.ഇ അംബാസഡർ മുഹമ്മദ് അബൂ ശഹാബ് നടത്തിയ പ്രസംഗത്തിൽ ഗസ്സയിലേക്ക് ഭക്ഷണം അടക്കമുള്ള സഹായങ്ങളെത്തിക്കാതിരിക്കാൻ മനഃപൂർവമായ ശ്രമങ്ങളാണ് നടക്കുന്നതെന്ന് കുറ്റപ്പെടുത്തി.
നിലവിലെ സഹായങ്ങൾ കടലിലെ ഒരു തുള്ളി മാത്രമേയുള്ളൂവെന്ന് അബൂ ശഹാബ് ചൂണ്ടിക്കാട്ടി.
ഗസ്സ അതിർത്തിയിൽ 1.6 ലക്ഷം ടൺ ഭക്ഷണ വസ്തുക്കളാണ് കെട്ടിക്കിടക്കുന്നത്. കെറെം ഷാലോം ക്രോസിങ് വഴി 408 ട്രക്കുകൾക്ക് മാത്രമാണ് ഗസ്സയിലേക്ക് പ്രവേശിക്കാൻ ഇസ്രായേൽ അനുമതി നൽകിയത്. ഇതിൽ 115 ട്രക്കുകൾക്ക് മാത്രമേ ഭക്ഷണവിതരണം വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞുള്ളൂ.
20 ലക്ഷത്തിലേറെ ഫലസ്തീനികളാണ് ആവശ്യത്തിന് ഭക്ഷണവും മരുന്നും കിട്ടാതെ ദുരിതമനുഭവിക്കുന്നത് -അബൂ ശഹാബ് പറഞ്ഞു. ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിലുള്ള മാനുഷിക സഹായപദ്ധതി നടപ്പാക്കണമെന്നും സൗദി അറേബ്യ, ലബനാൻ, സുഡാൻ, ഈജിപ്ത് തുടങ്ങിയവർകൂടി അടങ്ങുന്ന അറബ് ഗ്രൂപ് ആവശ്യപ്പെട്ടു.
ഗസ്സയുടെ പുനർനിർമാണത്തിനായി ഈജിപ്തിന്റെ നേതൃത്വത്തിൽ അവതരിപ്പിച്ച പദ്ധതിക്ക് സമ്പൂർണ പിന്തുണ നൽകുന്നതായും അറബ് രാഷ്ട്രങ്ങൾ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

