റമദാന് മുന്നോടിയായി ഗസ്സയിലേക്ക് സഹായക്കപ്പൽ
text_fieldsഗസ്സയിലേക്ക് പുറപ്പെടാനായി ഒരുക്കിയ ‘ഉമ്മുൽ ഇമാറാത്ത്’ കപ്പൽ
ദുബൈ: റമദാൻ മാസത്തിന് മുന്നോടിയായി ഗസ്സയിലെ ജനങ്ങളെ സഹായിക്കാൻ യു.എ.ഇയിൽനിന്ന് സഹായക്കപ്പൽ പുറപ്പെടുന്നു. ‘ഉമ്മുൽ ഇമാറാത്ത്’ എന്നുപേരിട്ട സഹായക്കപ്പൽ യു.എ.ഇയുടെ തുടർച്ചയായ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പോകുന്നത്. വിവിധ എമിറേറ്റുകളിൽനിന്നുള്ള 16 ജീവകാരുണ്യ സംഘടനകൾ ചേർന്ന് 7,300 ടണ്ണിലധികം സഹായ സാധനങ്ങളാണ് കപ്പലിൽ സജ്ജമാക്കിയത്. ഭക്ഷ്യവസ്തുക്കൾ, താമസസൗകര്യ സാമഗ്രികൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയാണ് പ്രധാനമായും ഉൾപ്പെടുത്തിയത്.
ഭക്ഷ്യസഹായത്തിൽ ഭക്ഷ്യക്കിറ്റുകൾ, സമൂഹ അടുക്കളക്കുള്ള സാധനങ്ങൾ, ഈത്തപ്പഴം എന്നിവ ഉൾപ്പെടും. കൂടാതെ ഈദ് വസ്ത്രങ്ങൾ, ടെന്റുകൾ, ദുരിതാശ്വാസ കിറ്റുകൾ, ഗൃഹോപകരണങ്ങൾ എന്നിവയും കയറ്റി അയക്കുന്നുണ്ട്. മെഡിക്കൽ സഹായമായി വെന്റിലേറ്ററുകൾ, മെഡിക്കൽ കിടക്കകളും മേശകളും മെഡിക്കൽ ചെയറുകൾ, മാസ്കുകൾ, വായുശുദ്ധീകരണ ഉപകരണങ്ങൾ തുടങ്ങിയവയും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഗസ്സയിലേക്ക് യു.എ.ഇ അയക്കുന്ന 13ാമത്തെ സഹായക്കപ്പലായ ‘ഉമ്മുൽ ഇമാറാത്ത്’ കടൽമാർഗ മാനവിക സഹായത്തിന്റെ ഭാഗമായാണ് അയക്കുന്നത്. ജനുവരിയിൽ യു.എ.ഇ സുപ്രീംകൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ഖാസിമിയുടെ നിർദേശത്തെതുടർന്ന് പുറപ്പെട്ട കപ്പൽ ഈജിപ്തിലെ അൽആരിഷ് തുറമുഖത്തെത്തിയിരുന്നു. സഖര്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമി ചാരിറ്റി ആൻഡ് ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന് കീഴില്‍ സംഭരിച്ച ഭക്ഷണവും അവശ്യവസ്തുക്കളുമായാണ് ‘സഖര്‍ ഹ്യുമാനിറ്റേറിയന്‍ ഷിപ്പ്’ വഴി ഈജിപ്തിലെത്തിച്ചത്. അൽ ആരിഷിൽനിന്ന് സഹായ സാമഗ്രികൾ ഗസ്സയിലെത്തിക്കുന്നത് ആരംഭിച്ചിട്ടുണ്ട്. യുദ്ധക്കെടുതി അനുഭവിക്കുന്ന ഗസ്സയിലെ ജനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിന് യു.എ.ഇ ആരംഭിച്ച ‘ഓപറേഷന് ഗാലന്റ് നൈറ്റ്-3’ സഹായദൗത്യത്തെ പിന്തുണക്കുന്നതിന്റെ ഭാഗമായാണ് സഹായക്കപ്പലുകൾ അയക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

