ബഹിരാകാശ സഞ്ചാരത്തെ എ.ഐ മാറ്റിമറിക്കും -നൂറ അൽ മത്റൂഷി
text_fieldsദുബൈ: നിർമ്മിതബുദ്ധി സാങ്കേതികവിദ്യ (എ.ഐ) ബഹിരാകാശ സഞ്ചാരത്തെ വലിയ രീതിയിൽ മാറ്റിമറിക്കുമെന്ന് ആദ്യ ഇമാറാത്തി, അറബ് വനിതാ ബഹിരാകാശ സഞ്ചാരി നൂറ അൽ മത്റൂഷി. ഇമാറാത്തി വനിതാദിനത്തിന്റെ പശ്ചാതലത്തിൽ ‘ഗൾഫ് മാധ്യമ’ത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ. ജീവൻരക്ഷാ സംവിധാനങ്ങളുടെ നിരീക്ഷണം, ദൈനംദിന പ്രവർത്തനങ്ങളുടെ ശ്രദ്ധ എന്നിവ എ.ഐ നിർവഹിക്കുന്നതോടെ ബഹിരാകാശ യാത്രികർക്ക് കൂടുതലായി ശാസ്ത്രീയ പരീക്ഷണങ്ങളിലും മറ്റും ചിലവഴിക്കാനാകുമെന്നും അവർ കൂട്ടിച്ചേർത്തു.
ഭാവിയിൽ സാങ്കേതിക തകരാറുകൾ പ്രവചിക്കാനും തടയാനും നിർമ്മിതബുദ്ധിക്ക് സാധിക്കും. ഇതുവഴി സങ്കീർണമായ സന്ദർഭങ്ങളിൽ തീരുമാനങ്ങളെടുക്കാൻ ബഹിരാകാശ സഞ്ചാരിക്ക് കഴിയും. ബൗദ്ധിക പങ്കാളിയായി എ.ഐ കടന്നുവരുന്നതോടെ സൗകര്യങ്ങൾ വർധിക്കുകയും കൂടുതൽ സുക്ഷിതമായും കാര്യക്ഷമമായും ദൗത്യം പൂർത്തിയാക്കാനും സാധിക്കും -നൂറ വിശദീകരിച്ചു.
മാതാവും മാതാവിന്റെ മാതാവുമാണ് തന്റെ ജീവിതത്തിലെ എക്കാലത്തെയും രണ്ട് പ്രചോദനങ്ങളെന്നും സ്വപ്നങ്ങളെ നിശ്ചയദാർഡ്യത്തോടെയും ലക്ഷ്യബോധത്തോടെയും പിന്തുടരാൻ ആവേശം പകർന്നത് അവരായിരുന്നുവെന്നും അവർ വെളിപ്പെടുത്തി. ക്ലാസ് മുറിയിൽ വെച്ച് ചന്ദ്രന്റെ ഉപരിതലത്തിൽ നടക്കുന്നതായി അഭിനയിക്കാൻ ആവശ്യപ്പെട്ട സംഭവമാണ് ബഹിരാകാശ സ്വപ്നങ്ങളുടെ വിത്ത് എനിക്ക് സമ്മാനിച്ചത്. അതിനാൽ കുട്ടിക്കാലത്തെ അനുഭവങ്ങൾ പ്രധാനമാണ്. കുഞ്ഞുന്നാളിൽ നക്ഷത്ര നീരിക്ഷണവും ബഹിരാകാശ പാഠങ്ങളും ഞാൻ ആസ്വദിച്ചിരുന്നു. യു.എ.ഇക്ക് സ്വന്തമായി ബഹിരാകാശ പദ്ധതി ഉണ്ടായിരുന്നില്ലാത്ത കാലത്ത് ചന്ദ്രനിൽ നടക്കുന്ന സ്വപ്നങ്ങൾ സമ്മാനിച്ചത് ഇത്തരം അനുഭവങ്ങളായിരുന്നു -നൂറ അൽ മത്റൂഷി കുട്ടിക്കാലത്തെ അനുഭവങ്ങൾ ഓർത്തെടുത്തു.
യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം തനിക്ക് എക്കാലവും മാർഗദർശിയായിരുന്നുവെന്നും, പ്രത്യേകിച്ച് അസാധ്യമയതെല്ലാം സാധ്യമാണെന്ന അദ്ദേഹത്തിന്റെ കാഴ്ചപ്പാട് വിജയത്തിലേക്ക് മുന്നേറാൻ ധൈര്യംപകർന്നുവെന്നും അവർ വെളിപ്പെടുത്തി. യു.എ.ഇ നേതൃത്വത്തിന്റെ സ്ത്രീ ശാക്തീകരണ നയങ്ങൾ വ്യക്തിപരമായി തനിക്ക് ആത്മവിശ്വാസവും ബഹിരാകാശ സഞ്ചാരിയാകാനുള്ള തന്റെ അഭിലാഷങ്ങൾ കൈവരിക്കാൻ അവസരവുമൊരുക്കിയെന്നും അവർ കൂട്ടിച്ചേർത്തു.
വ്യക്തിപരമായ അനുഭവങ്ങൾകൊപ്പം, യു.എ.ഇയുടെ ബഹിരാകാശ സ്വപ്നങ്ങളും കാഴ്ചപ്പാടുകളും അഭിമുഖത്തിൽ നൂറ പങ്കുവെക്കുന്നുണ്ട്. ഒരു ഇന്ത്യൻ മാധ്യമത്തിന് നൂറ അൽ മത്റൂഷി നൽകിയ ആദ്യ അഭിമുഖം ‘ഗൾഫ് മാധ്യമ’ത്തിന് വേണ്ടി പ്രത്യേക ലേഖിക സമർ അലിയാണ് തയ്യാറാക്കിയത്. അഭിമുഖം പൂർണമായും madhyamamonline.comൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എമിറേറ്റ് ബീറ്റ്സിന്റെ അടുത്ത ലക്കത്തിലും അഭിമുഖം വായിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

