എ.ഐ ഉപയോഗം: പള്ളി ഇമാമുമാർക്കും മതപ്രഭാഷകർക്കും പരിശീലനം
text_fieldsദുബൈ: രാജ്യത്തെ പള്ളി ഇമാമുമാർക്കും മത പ്രഭാഷകർക്കും നിർമിത ബുദ്ധി (എ.ഐ) ഉൾപ്പെടെയുള്ള നവീന സാങ്കേതിക വിദ്യകളുടെ ഉപയോഗം സംബന്ധിച്ച പരിശീലന പരിപാടിക്ക് തുടക്കം. ജനറൽ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫേഴ്സ്, എൻഡോവ്മെന്‍റ്സ് ആൻഡ് സക്കാത്ത് (ഔഖാഫ്) ആണ് പുതിയ സംരംഭം അവതരിപ്പിച്ചത്.
യു.എ.ഇ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, ഡിജിറ്റൽ ഇകണോമി ആൻഡ് റിമോട്ട് വർക്ക് ആപ്ലിക്കേഷൻസ് ഓഫിസ് എന്നിവയുടെ സഹകരണത്തോടെ 5,000ത്തിലധികം ഇമാമുമാർ, മത പ്രഭാഷകർ, മുഫ്തികൾ എന്നിവർക്കാണ് നൂതന സാങ്കേതിക വിദ്യകൾ എങ്ങനെ ഉത്തരവാദിത്തോടെ ഉപയോഗിക്കാം എന്നത് സംബന്ധിച്ച് പരിശീലനം നൽകുന്നത്.
യു.എ.ഇയുടെ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സ്ട്രാറ്റജി 2031ന്‍റെ ലക്ഷ്യങ്ങളുമായി ചേർന്നു നിൽക്കുന്ന പദ്ധതിയിലൂടെ രാജ്യത്തിന്‍റെ ഡിജിറ്റൽ ഭാവി രൂപപ്പെടുത്തുന്ന വിവിധ സാങ്കേതികവിദ്യ കമ്പനികളും മത സ്ഥാപനങ്ങളും തമ്മിലുള്ള സംയോജനം ശക്തിപ്പെടുത്തുകയാണ് മുഖ്യ ലക്ഷ്യം. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ഓൺലൈനായും വ്യക്തിപരമായും നടത്തിയ വർക്ക് ഷോപ്പുകളിൽ 600ലധികം പേർ പങ്കെടുത്തു. എ.ഐയിലെ അടിസ്ഥാന അറിവുകളും പ്രായോഗിക ആശയങ്ങളും പരിചയപ്പെടുത്തുന്നതായിരുന്നു ആദ്യ സെഷൻ. കൂടാതെ എ.ഐ ഉപയോഗത്തിന്‍റെ ധാർമ്മികവുമായ തത്വങ്ങളെ പരിചയപ്പെടുത്തുകയും ചെയ്തു. പ്രഫഷനൽ രംഗത്ത് എ.ഐ ഉപയോഗിക്കുമ്പോഴുണ്ടാകുന്ന വെല്ലുവിളികളേയും സാധ്യതകളേയും കുറിച്ചുള്ള സംശയ നിവാരണത്തിനും അവസരമൊരുക്കിയിരുന്നു.
മൈക്രോസോഫ്റ്റ് വികസിപ്പിച്ചെടുത്ത പ്രധാന നിർമിത ബുദ്ധി സാങ്കേതികവിദ്യകളെക്കുറിച്ച് പങ്കെടുത്തവരെ പരിചയപ്പെടുത്തുകയും ജോലിസ്ഥലത്ത് അവയുടെ പ്രയോഗങ്ങളുടെ പ്രദർശനങ്ങളും നടത്തി. മൈക്രോ സോഫ്റ്റിന്‍റെ കോപൈലറ്റ് പോലുള്ള നൂതനമായ ഉപകരണങ്ങൾ ഉള്ളടക്ക നിർമാണം, ഗവേഷണം, വിശകലനം, വിവര ശേഖരണം എന്നിവക്കായി എങ്ങനെ ഉപയോഗിക്കാമെന്നത് സംബന്ധിച്ചും ക്ലാസുകളിൽ വിശദീകരിച്ചു നൽകി. മുഹമ്മദ് ബിൻ സായിദ് യൂനിവേഴ്സിറ്റി ഫോർ ഹ്യുമാനിറ്റീസ് ആണ് പരിപാടിയുടെ സംഘാടകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

