അബൂദബിയിൽ ട്രാഫിക് നിയന്ത്രിക്കാൻ എ.ഐ
text_fieldsഅബൂദബി: ട്രാഫിക് നിയന്ത്രണത്തിന് അബൂദബിയിൽ നിർമിത ബുദ്ധി (എ.ഐ) സംവിധാനം സജ്ജമാക്കുന്നു. ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ സ്ട്രീറ്റിലേക്ക് പ്രവേശിക്കുന്ന ഏഴ് പ്രധാന പ്രവേശന കവാടങ്ങളില്‍ സ്മാര്‍ട്ട് ട്രാഫിക് ലൈറ്റ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് അബൂദബിയിലെ സംയോജിത ഗതാഗത സെന്‍റർ (ഐ.ടി.സി) അറിയിച്ചു. ഡിപാർട്ട്മെന്റ് ഓഫ് മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്പോർട്ടിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഐ.ടി.സി. എമിറേറ്റിലെ റോഡുകളിൽ അതാതു സമയത്തെ ഗതാഗത നീക്കം എ.ഐ കാമറകളിലൂടെയും സെന്‍സറുകളിലൂടെയും നിരീക്ഷിച്ച് ട്രാഫിക് തിരക്കനുസരിച്ച് ട്രാഫിക് സിഗ്നല്‍ സമയം ഓട്ടോമാറ്റിക് ആയി ക്രമീകരിക്കുന്നതാണ് പുതിയ സംവിധാനം. ആഗോള തലത്തിൽ ഈ സംവിധാനം ഉപയോഗപ്പെടുത്തുന്ന ആദ്യ നഗരമാണ് അബൂദബി.
തിരക്കേറിയ സമയങ്ങളില്‍ റോഡിലേക്ക് വാഹനങ്ങള്‍ കടക്കുന്നതിന് എ.ഐ ട്രാഫിക് സിഗ്നല്‍ സംവിധാനം പരിമിതി വയ്ക്കും. തിരക്ക് കുറഞ്ഞ സമയങ്ങളിൽ കൂടുതല്‍ വാഹനങ്ങള്‍ കടത്തിവിടുകയും ചെയ്യും.തിരക്ക് കൂടിയാല്‍ മാത്രമേ ഈ സംവിധാനം ആക്ടിവേറ്റ് ചെയ്യൂ എന്ന് അബൂദബി മൊബിലിറ്റി അറിയിച്ചു. ശഖ്ബൂത് ബിന്‍ സുല്‍ത്താന്‍ സ്ട്രീറ്റ്, ധഫീര്‍ സ്ട്രീറ്റ്, ഹദ്ബാത് അല്‍ ഗുബൈന സ്ട്രീറ്റ്, സലാമ ബിന്‍ത് ബട്ടി സ്ട്രീറ്റ്, അല്‍ ധഫ്ര സ്ട്രീറ്റ്, റബ്ദാന്‍ സ്ട്രീറ്റ്, ഉം യിഫിന സ്ട്രീറ്റ് എന്നിവിടങ്ങളിലാണ് സ്മാര്‍ട്ട് ട്രാഫിക് ലൈറ്റ് സംവിധാനം ഏര്‍പ്പെടുത്തുകയെന്ന് ഐ.ടി.സി ആക്ടിങ് ഡയറക്ടറ ജനറൽ ഡോ. അബ്ദുല്ല ഹമദ് അൽ ഖഫേലി പറഞ്ഞു. നിർമിത ബുദ്ധിയും സ്മാർട്ട് സംവിധാനങ്ങളും ഉപയോഗിച്ച് യഥാസമയം വാഹനങ്ങളുടെ സാന്ദ്രത വിലയിരുത്താൻ സഴിയും. ഇതു വഴി ട്രാഫിക് നിയന്ത്രണം എളുപ്പമാവും. പുതിയ സംവിധാനത്തിലൂടെ വാഹനങ്ങളുടെ തിരക്ക് നിയന്ത്രിക്കുക മാത്രമല്ല, റോഡുകളുടെ മൊത്തത്തിലുള്ള കാര്യക്ഷമത മെച്ചപ്പെടുത്താനും കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

