അജ്മാനിൽ വാഹന പരിശോധനക്ക് എ.ഐ സംവിധാനം
text_fieldsവാഹന പരിശോധന ഏഴുമിനിറ്റിനുള്ളിൽ പൂർത്തിയാകും
അജ്മാന്: രജിസ്ട്രേഷന് പുതുക്കുന്നതുമായി ബന്ധപ്പെട്ട് വാഹനങ്ങളുടെ പരിശോധനക്ക് എ.ഐ സംവിധാനമൊരുക്കി അജ്മാന്. ഇതിനായി പ്രത്യേകം എ.ഐ അടിസ്ഥാനമാക്കിയുള്ള സ്മാർട്ട് ഇൻസ്പെക്ഷൻ ലൈന്‍ ആരംഭിച്ചിട്ടുണ്ട്. ഇതോടെ വാഹന പരിശോധന 7 മിനിറ്റിനുള്ളിൽ പൂർത്തിയാക്കാൻ കഴിയും. ഏകദേശം 20 മിനുട്ട് എടുത്തിരുന്ന പ്രവര്‍ത്തിയാണ് കുറഞ്ഞത്. പുതിയ എ.ഐ സ്മാർട്ട് ഇൻസ്പെക്ഷൻ ലൈൻ ആരംഭിച്ചതോടെ നടപടിക്രമങ്ങളിൽ 50 ശതമാനം കുറവും വന്നിട്ടുണ്ട്. സർക്കാർ സേവനങ്ങളിലെ കാര്യക്ഷമതയും സേവന വിതരണവും വർധിപ്പിക്കുന്നതിന് നിർമ്മിതബുദ്ധിയുടെ ഉപയോഗം വിപുലീകരിക്കുന്നതിന് അജ്മാൻ പൊലീസ് ജനറൽ ഹെഡ്ക്വാർട്ടേഴ്സ് അവതരിപ്പിച്ച പദ്ധതികളുടെ ഭാഗമാണിത്. പരിശോധനയുടെ ഒമ്പത് ഘട്ടങ്ങൾ നാലായി വെട്ടിക്കുറച്ചും മുമ്പ് അധിക സമയവും പരിശ്രമവും ആവശ്യമായിരുന്ന മാനുവൽ ഡാറ്റ എൻട്രി നീക്കംചെയ്തും പരിശോധന പ്രക്രിയ മാറിയതായി വെഹിക്കിൾസ് ലൈസൻസിങ് വിഭാഗം മേധാവി മേജർ അലി ബിൻ മുഹമ്മദ് അൽ നുഐമി പറഞ്ഞു.
പുതിയ സംവിധാനത്തിന് കീഴിൽ വാഹനമോടിക്കുന്നവർ ഇനി പരിശോധനക്കിടെ വാഹനങ്ങളിൽ നിന്ന് പുറത്തുകടക്കേണ്ടതില്ല. എ.ഐ കാമറകൾ ലൈസൻസ് പ്ലേറ്റുകൾ സ്വയം സ്കാൻ ചെയ്യുകയും വാഹനത്തിന്റെയും ഉടമയുടെയും വിവരങ്ങൾ കണ്ടെത്തുകയും ചെയ്യും. അംഗീകൃത സ്മാർട്ട് ചാനലുകൾ വഴിയാണ് പേയ്മെന്റുകൾ പൂർത്തിയാക്കുന്നത്. പരിശോധന സർട്ടിഫിക്കറ്റുകൾ ഉപഭോക്താക്കളുടെ മൊബൈൽ ഫോണുകളിലേക്ക് നേരിട്ട് ലിങ്ക് വഴി നൽകും. യു.എ.ഇയുടെ സ്മാർട്ട് ട്രാൻസ്ഫോർമേഷൻ അജണ്ടയെ പിന്തുണക്കുന്നതിനും പൊതുജനവിശ്വാസം വർധിപ്പിക്കുന്ന വേഗതയേറിയതും എളുപ്പമുള്ളതും കൂടുതൽ വിശ്വസനീയവുമായ സേവനങ്ങൾ നൽകുന്നതിനും നൂതന ഡിജിറ്റൽ പരിഹാരങ്ങൾ തുടർന്നും സേന സ്വീകരിക്കുമെന്നും അൽ നുഐമി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

