എ.ഐ സ്റ്റാർട്ടപ് മത്സരം; മലയാളി കമ്പനിക്ക് ഒന്നാം സ്ഥാനം
text_fieldsഫ്യൂച്ചർ ടെക് ഇന്നോവേഷൻ പിച്ച് മത്സര വിജയികളായ
നിഹാലും അഖിലയും
ദുബൈ: ദുബൈ എ.ഐ വീക്കിനോടനുബന്ധിച്ച് നടന്ന ഫ്യൂച്ചർ ടെക് ഇന്നോവേഷൻ പിച്ച് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി മലയാളി സ്റ്റാർട്ടപ് കമ്പനി. മലപ്പുറം വളാഞ്ചേരി സ്വദേശി നിഹാൽ മുഹമ്മദ് മുസ്തഫ (22)യും സുഹൃത്ത് അഖില കുഞ്ഞുമോനും ചേർന്ന് നിർമിച്ച ഏതർ ബോട്ട് ഡോട്ട് എ.ഐ എന്ന സ്റ്റാർട്ടപ്പിനാണ് 10,000 ദിർഹമിന്റെ സമ്മാനം ലഭിച്ചത്.
ദുബൈയിൽ നടന്ന മത്സരത്തിൽ ലോക രാജ്യങ്ങളിൽനിന്നായി 180 സ്റ്റാർപ്പട്ടുകളാണ് പങ്കെടുത്തത്. ഇതിൽ ഫൈനൽ റൗണ്ടിലെത്തിയ 12 കമ്പനികളിൽനിന്നാണ് ഏതർ ബോട്ട് ഡോട്ട് എ.ഐ ഒന്നാം സ്ഥാനം നേടിയത്. യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽ ഖുദ്റ സ്റ്റാർട്ടപ്പിനാണ് രണ്ടാം സ്ഥാനം. മനുഷ്യ വികാരങ്ങളെ മനസ്സിലാക്കി അതിന് അനുസൃതമായി പ്രതികരിക്കാൻ കഴിയുന്ന ഇമോഷണലി ഇന്റലിജന്റായ ഡിജിറ്റൽ ഹ്യൂമൻസിനെയാണ് നിഹാലും സുഹൃത്തും വികസിപ്പിച്ചത്. വിദ്യാഭ്യാസം, റിയൽ എസ്റ്റേറ്റ്, കസ്റ്റമർ സർവിസ് തുടങ്ങിയ മേഖലകളിൽ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്ന എ.ഐ സൊല്യൂഷനായിരിക്കും ഇതെന്നാണ് വിലയിരുത്തൽ. ലോകത്തെ ഏത് ഭാഷ മനസിലാക്കാനും ഇതിന് കഴിയുമെന്നതാണ് സവിശേഷത. കുസാറ്റിൽനിന്നുള്ള സിവിൽ എൻജിനീയറിങ് ബി.ടെക് ബിരുദധാരിയാണ് നിഹാൽ.
പഠിച്ചത് സിവിൽ എൻജിനീയറിങ് ആണെങ്കിലും സാങ്കേതികവിദ്യ രംഗത്തെ താൽപര്യം മൂലം യൂട്യൂബിൽ നിന്നാണ് എ.ഐയുടെ ബാലപാഠങ്ങൾ മനസ്സിലാക്കിയത്. പിന്നീട് പുസ്തകങ്ങളിലൂടെ കൂടുതൽ വിവരങ്ങൾ വായിച്ചറിഞ്ഞു. ഈ അറിവുകൾ അടിസ്ഥാനമാക്കിയാണ് സുഹൃത്തായ അഖില കുഞ്ഞമോനുമായി ചേർന്ന് പുതിയ സ്റ്റാർട്ടപ്പിന് രൂപം നൽകിയത്. യു.എ.ഇയിലെ പ്രമുഖ കമ്പനികൾ തന്റെ സ്റ്റാർട്ടപ്പിൽ നിക്ഷേപം നടത്താമെന്ന് വാഗ്ദാനം ചെയ്തിരിക്കുകയാണെന്ന് നിഹാൽ ഗൾഫ് മാധ്യമത്തോട് പറഞ്ഞു. മലപ്പുറം വളാഞ്ചേരിയിലെ സ്കൂൾ അധ്യാപകനായ സലിം നവാസാണ് നിഹാലിന്റെ പിതാവ്. മാതാവ് നദീറ. ഹസീന, നസീഹ എന്നിവർ സഹോദരങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

