ദുബൈയിൽ തീയണയ്ക്കാൻ എ.ഐ റോബോട്ട്
text_fieldsശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ദുബൈ സിവിൽ ഡിഫൻസ് ആസ്ഥാനം സന്ദർശിക്കുന്നു
ദുബൈ: വിവിധ മേഖലകളിൽ നൂതനമായ നിർമ്മിതബുദ്ധി സംവിധാനങ്ങൾ ഉപയോഗിക്കുന്ന ദുബൈയിൽ ഇനിമുതൽ തീയണയ്ക്കാനും എ.ഐ റോബോട്ട്. എക്സ്പ്ലോറർ എന്നുപേരിട്ട നാലുകാലുള്ള റോബോട്ടാണ് ദുബൈയിൽ ഉപയോഗിക്കാൻ തയ്യാറാക്കിയിരിക്കുന്നത്. പുകപടലങ്ങളിലൂടെ സ്വയം നടന്നുനീങ്ങാൻ കഴിവുള്ളതാണിത്. അതോടൊപ്പം തീപിടിച്ച കെട്ടിടത്തിന്‍റെ ത്രീഡി മാപ്പ് നിർമിച്ചെടുക്കാനും റോബോട്ടിന് സാധിക്കും.
കഴിഞ്ഞ ദിവസം ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ദുബൈ സിവിൽ ഡിഫൻസ് ആസ്ഥാനം സന്ദർശിച്ച് ഈ റോബോട്ടിന്‍റെ പ്രവർത്തനം നോക്കിക്കണ്ടു. 400കി.ഗ്രാം വരെ ഭാരം വഹിക്കാൻ ശേഷിയുള്ള റോബാട്ടിക് കൈ, ഉയർന്ന കെട്ടിടങ്ങളിലെ തീയണക്കാൻ സഹായിക്കുന്ന ഷഹീൻ ഡ്രോൺ എന്നിവയും സന്ദർശനത്തിൽ ശൈഖ് ഹംദാൻ പരിശോധിച്ചു.
സിവിൽ ഡിഫൻസ് ദുബൈയെ ലോകത്തെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളിലൊന്നാക്കിയെന്ന് ശൈഖ് ഹംദാൻ പ്രശംസിച്ചു. ദുബൈ സിവിൽ ഡിഫൻസ് സംഘം വളരെ അസാധാരണമായ കഴിവും സന്നദ്ധതയുമാണ് പ്രകടിപ്പിക്കുന്നത്. ഇത് ദുബൈയെ ലോകത്തെഏറ്റവും സരക്ഷിതമായ നഗരമാക്കി മാറ്റുകയും ജീവിത നിലവാരത്തിൽ അതിന്‍റെ ആഗോള പദവി ശക്തിപ്പെടുത്തുകയും ചെയ്യുന്നു -അദ്ദേഹം വ്യക്തമാക്കി.
സുരക്ഷാ കാര്യങ്ങളിൽ ഏറ്റവും ഉയർന്ന അന്താരാഷ്ട്ര നിലവാരം കൈവരിക്കുന്നതിന് നൂതനമായ സംവിധാനങ്ങളും സാങ്കേതികവിദ്യകളും പ്രാഗൽഭ്യം തെളിയിച്ച മനുഷ്യവിഭവവും സഹായിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ദുബൈ സിവിൽ ഡിഫൻസിന്‍റെ സൗകര്യങ്ങൾ തുടർച്ചയായി വികസിപ്പിക്കുന്നതിനും വിഭവങ്ങൾ മെച്ചപ്പെടുത്തുന്നതിനും നിക്ഷേപം വർധിപ്പിക്കുന്നതിന് പ്രതിജ്ഞാബദ്ധമാണ്. സമൂഹത്തിന് സംരക്ഷണമൊരുക്കുന്നതും വിഭവങ്ങളെ സംരക്ഷിക്കുന്നതും അടിസ്ഥാന മൂല്യവും പ്രാഥമികമായ ലക്ഷ്യവുമാണ് -അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

