യു.എ.ഇയിൽ നാല് വയസു മുതൽ ‘എ.ഐ’ പഠനം
text_fieldsശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം
ദുബൈ: അടുത്ത അധ്യയന വർഷം മുതൽ യു.എ.ഇയിലെ സർക്കാർ വിദ്യഭ്യാസത്തിന്‍റെ എല്ലാ മേഖലയിലും നിർമിത ബുദ്ധി(എ.ഐ) പഠനം നിർബന്ധമാക്കി. ഇതോടെ നാലാം വയസുമുതൽ നിർമിത ബുദ്ധി സാങ്കേതികവിദ്യയെ കുറിച്ച അറിവുകൾ കുട്ടികൾക്ക് ലഭിച്ചുതുടങ്ങും. കിന്‍റർഗാർഡൻ മുതൽ 12ാം ക്ലാസ് വരെയുള്ള പുതിയ പാഠ്യപദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകിക്കൊണ്ടാണ് തീരുമാനമെടുത്തത്. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് തീരുമാനം എക്സ് അക്കൗണ്ടിലൂടെ അറിയിച്ചത്. അതിവേഗം വികസിക്കുന്ന ലോകത്തിനൊപ്പം സഞ്ചരിക്കാൻ ഭാവി തലമുറയെ സജ്ജമാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
ഭാവിതലമുറയെ വ്യത്യസ്തമായ ഭാവിയിലേക്കും, പുതിയ ലോകത്തിലേക്കും, നൂതന കഴിവുകൾക്കുമായി ഒരുക്കുന്നതിനുള്ള യു.എ.ഇയുടെ ദീർഘകാല പദ്ധതികളുടെ ഭാഗമായാണ് അടുത്ത അധ്യയന വർഷം മുതൽ നിർമിത ബുദ്ധി ഒരു വിഷയമായി ഉൾപ്പെടുത്തിയതെന്ന് ശൈഖ് മുഹമ്മദ് എക്സ് അക്കൗണ്ടിൽ വ്യക്തമാക്കി. ലോകത്തെ ഭാവി ജീവിതരീതിയെ തന്നെ മാറ്റിമറിക്കാൻ സഹായിക്കുന്ന നിർമിതബുദ്ധി ഉൾപ്പെടുത്തി സമഗ്രമായ ഒരു പാഠ്യപദ്ധതി വികസിപ്പിച്ച വിദ്യാഭ്യാസ മന്ത്രാലയത്തെ അദ്ദേഹം അഭിനന്ദിച്ചു.
സാങ്കേതികമായി എ.ഐയെ കുറിച്ച് ആഴത്തിലുള്ള ധാരണ കുട്ടികളെ പഠിപ്പിക്കുക, അതോടൊപ്പം ഈ പുതിയ സാങ്കേതികവിദ്യയുടെ ധാർമ്മിക വശങ്ങളെകുറിച്ചുള്ള അവബോധം വളർത്തുക, അതിന്റെ ഡാറ്റ, അൽഗോരിതം, ആപ്ലിക്കേഷനുകൾ, അപകടസാധ്യതകൾ, സമൂഹവുമായും ജീവിതവുമായും ഉള്ള ബന്ധം എന്നിവയെക്കുറിച്ചുള്ള അറിവ് വർധിപ്പിക്കുക എന്നിവയും പദ്ധതിയുടെ ലക്ഷ്യമാണ് -അദ്ദേഹം കൂട്ടിച്ചേർത്തു. നമ്മുടേതിൽ നിന്ന് വ്യത്യസ്തമായ ഒരു സമയത്തേക്ക്, നമ്മുടേതിൽ നിന്ന് വ്യത്യസ്തമായ സാഹചര്യങ്ങളിൽ, രാജ്യത്ത് വികസനത്തിന്റെയും പുരോഗതിയുടെയും തുടർച്ച ഉറപ്പാക്കുന്നതിന്, പുതിയ കഴിവുകൾ ഉപയോഗിക്കാൻ കുട്ടികളെ സജ്ജരാക്കുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ദുബൈയിൽ കഴിഞ്ഞ ആഴ്ച എ.ഐ അക്കാദമി ദുബൈ കിരീടാവകാശിയും യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പ്രഖ്യാപിച്ചിരുന്നു. നിർമിത ബുദ്ധി വിദ്യാഭ്യാസത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും സുപ്രധാന മേഖലകളിൽ അതിന്‍റെ സ്വീകാര്യത വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് എ.ഐ അക്കാദമി സ്ഥാപിക്കുന്നത്. രാജ്യത്ത് വിവിധ മേഖലകളിൽ എ.ഐ സാങ്കേതികവിദ്യയുടെ ഉപയോഗം സജീവമായിട്ടുണ്ട്. പൊതു മേഖലയിലും സ്വകാര്യ മേഖലയിലും നിർമിത ബുദ്ധിയുടെ ഉപയോഗം പ്രചാരം നേടുകയും ഭാവിയിൽ ഈ മേഖല കൂടുതൽ വികസിക്കാനുള്ള സാധ്യതയും മുന്നിൽകണ്ടാണ് പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

