എ.ഐ നിർമിത ദേശീയ ചിഹ്നങ്ങൾക്ക് വിലക്ക്
text_fieldsഅബ്ദുല്ല ബിൻ മുഹമ്മദ് ബിൻ ബുത്തി അൽ ഹമദിന്‍റെ അധ്യക്ഷതയിൽ ചേർന്ന യു.എ.ഇ മീഡിയ കൗൺസിലിന്‍റെ മൂന്നാമത് യോഗം
ദുബൈ: അനുമതിയില്ലാതെ നിർമിത ബുദ്ധി(എ.ഐ)യോ മറ്റ് ആധുനിക ഡിജിറ്റൽ ഉപകരണങ്ങളോ ഉപയോഗിച്ച് ദേശീയ ചിഹ്നങ്ങളുടെയും പ്രമുഖ വ്യക്തികളുടെയും ചിത്രങ്ങൾ നിർമിക്കുന്നതും സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതും മാധ്യമ ഉള്ളടക്ക മാനദണ്ഡങ്ങളുടെ ലംഘനമാണെന്ന് യു.എ.ഇ മീഡിയ കൗൺസിൽ വ്യക്തമാക്കി.
സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനും വിദ്വേഷ പ്രസംഗം പ്രോത്സാഹിപ്പിക്കാനും വ്യക്തികളെ അപകീർത്തിപ്പെടുത്താനും സ്ഥാപനങ്ങളുടെ പ്രശസ്തിയെ ഇല്ലാതാക്കാനും സാമൂഹിക മൂല്യങ്ങളെയും തത്വങ്ങളെയും ആക്രമിക്കാനും എ.ഐ ഉപയോഗിക്കുന്നത് മാധ്യമ കുറ്റകൃത്യമായി കണക്കാക്കും.
മാധ്യമ നിയമലംഘന ചട്ടങ്ങൾക്ക് കീഴിലാണ് ഇത്തരം നിയമലംഘനങ്ങൾ പരിഗണിക്കുക. ഇതിന് ശക്തമായ പിഴചുമത്തുകയും ഭരണപരമായ ശിക്ഷ നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് മീഡിയ കൗൺസിൽ മുന്നറിയിപ്പു നൽകി. രാജ്യത്ത് പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾ, ഉള്ളടക്ക നിർമാതാക്കൾ, സമൂഹ മാധ്യമ ഉപയോക്താക്കൾ തുടങ്ങിയവർ യു.എ.ഇയിൽ നിലവിലുള്ള നിയമങ്ങളും മാനദണ്ഡങ്ങളും പാലിക്കുന്നതോടൊപ്പം പ്രഫഷണൽ നിലവാരവും ധാർമിക ഉത്തരവാദിത്തത്തവും ഉയർത്തിപ്പിടിക്കണമെന്നും അതോറിറ്റി അഭ്യർഥിച്ചു.
ഡീപ്ഫേക്ക് സാങ്കേതിക വിദ്യകൾ വളർന്നതോടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനായുള്ള ശക്തമായ ആയുധമായി എ.ഐ ടൂളുകൾ മാറിയിട്ടുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഈ പശ്ചാത്തലത്തിലാണ് വിഷയത്തിൽ ദേശീയ മീഡിയ കൗൺസിൽ ശക്തമായ നിലപാട് വ്യക്തമാക്കിയത്.
നാഷനൽ മീഡിയ കൗൺസിൽ, നാഷനൽ മീഡിയ ഓഫിസ് എന്നിവയുടെ ചെയർമാൻ അബ്ദുല്ല ബിൻ മുഹമ്മദ് ബിൻ ബൂത്തി അൽ ഹമദിന്‍റെ അധ്യക്ഷതയിൽ ചേർന്ന യു.എ.ഇ മീഡിയ കൗൺസിലിന്‍റെ മൂന്നാമത് യോഗം ഇതുൾപ്പെടെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു.
ആഗോള മാധ്യമ രംഗത്ത് പ്രകടമാകുന്ന ധ്രുതഗതിയിലുള്ള മാറ്റങ്ങൾക്കൊപ്പം നീങ്ങാനും ദേശീയ സമ്പദ്വ്യവസ്ഥയെ പിന്തുണക്കുന്നതിൽ മേഖലയുടെ പങ്ക് ശക്തിപ്പെടുത്താനും പുതിയ നടപടികൾ ലക്ഷ്യമിടുന്നതായി അൽ ഹമദ് പറഞ്ഞു. തെരഞ്ഞെടുപ്പുകളിലും ഭൗമരാഷ്ട്ര സംഘർഷങ്ങളിലും എ.ഐ നിർമിത തെറ്റായവിവരങ്ങൾ വർധിച്ചിട്ടുണ്ടെന്ന് ഗവേഷണ പഠനങ്ങൾ കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

