തടസ്സമില്ലാത്ത സേവനത്തിന് എ.ഐ കേന്ദ്രീകൃത പദ്ധതി
text_fieldsശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഉദ്യോഗസ്ഥർക്കൊപ്പം
ദുബൈ: സർക്കാർ സേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കുന്നതിനും പൊതുവിഭവങ്ങളുടെ കൈകാര്യം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുമായി എ.ഐ (നിർമിത ബുദ്ധി) കേന്ദ്രീകൃത പദ്ധതി പ്രഖ്യാപിച്ച് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം.
ഫെഡറൽ ഗവൺമെന്റ് സ്ട്രാറ്റജിക് പ്ലാൻ 2031 എന്ന് പേരിട്ടിരിക്കുന്ന പദ്ധതി കൂടുതൽ മികച്ചതും വേഗമേറിയതും കാര്യക്ഷമവുമായ സർക്കാറിനെ സൃഷ്ടിക്കാൻ സഹായിക്കുമെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന വ്യവസായ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്നതിന് യു.എ.ഇ വ്യത്യസ്ത മേഖലകളിൽ ഏറ്റവും പുതിയ സാങ്കേതികവിദ്യ സ്വീകരിച്ചുവരുന്നുണ്ട്. നടപടിക്രമങ്ങളുടെ സങ്കീർണത പോലുള്ള ഘടകങ്ങളിലൂടെയായിരുന്നു മുൻകാല വിജയങ്ങൾ അളന്നിരുന്നത്.
ഇപ്പോൾ അത് കാര്യങ്ങൾ എളുപ്പത്തിലും വേഗത്തിലുമാക്കുക എന്ന അർഥത്തിലേക്ക് എത്തിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തടസ്സമില്ലാത്ത സേവനങ്ങൾ നൽകുന്നതിന് എ.ഐ സഹായിക്കും. കൂടാതെ ദൈർഘ്യമേറിയതും നീണ്ടതുമായ നടപടിക്രമങ്ങളുടെ ആവശ്യം ഇല്ലാതാക്കി വിശാലമായ ഒരു വിഭാഗം ഉപഭോക്താക്കളിലേക്ക് ഏറ്റവും വേഗത്തിൽ എത്തിച്ചേരാനുള്ള ഒരു ഉപകരണമായും ഇത് പ്രവർത്തിക്കുന്നു.
നിർമിതബുദ്ധി സാങ്കേതിക വിദ്യകൾ ഇതിനകം തന്നെ എമിറേറ്റിലെ സർക്കാറിൽ നന്നായി സംയോജിപ്പിക്കാനായിട്ടുണ്ട്. നിയമ മേഖലക്കായി ഈ സാങ്കേതിക വിദ്യ ഉപയോഗിച്ചുവരുന്നു. പൗരന്മാരിലും താമസക്കാരിലും നിയമങ്ങൾ ചെലുത്തുന്ന സ്വാധീനം അളക്കുന്നതിന് വലിയ തോതിലുള്ള ഡേറ്റ നേടുന്നതിന് എ.ഐ ആണ് ഉപയോഗിക്കുന്നത്. ഇത് കൂടുതൽ ഫലപ്രദമായ നിയമനിർമാണം നടത്താൻ സഹായിക്കുമെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.
മന്ത്രിസഭയിലും മന്ത്രിതല വികസന കൗൺസിലിലും മറ്റ് എല്ലാ ഡയറക്ടർ ബോർഡുകളിലും ഫെഡറൽ സ്ഥാപനങ്ങളിലും സർക്കാർ കമ്പനികളിലും 2026ഓടെ ഉപദേശക അംഗമായി നിർമിതബുദ്ധിയെ നിയോഗിക്കുമെന്ന് കഴിഞ്ഞ മാസം യു.എ.ഇ പ്രഖ്യാപിച്ചിരുന്നു. കൂടാതെ പൊതുവിദ്യാലയങ്ങളിൽ കിന്റർഗാർട്ടൻ മുതൽ എ.ഐ പഠിപ്പിക്കുന്ന ലോകത്തെ ആദ്യ രാജ്യം കൂടിയാണ് യു.എ.ഇ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

