വർക്ക് പെർമിറ്റ് അപേക്ഷ പരിശോധിക്കാനും എ.ഐ
text_fieldsദുബൈ: രാജ്യത്ത് വർക്ക് പെർമിറ്റിന് വേണ്ടിയുള്ള അപേക്ഷകൾ വിലയിരുത്താനും അംഗീകാരം നൽകാനും നിർമിത ബുദ്ധി (എ.ഐ), റോബോട്ടിക് അധിഷ്ഠിത സംവിധാനം അവതരിപ്പിച്ച് യു.എ.ഇ. ഉദ്യോഗസ്ഥ ഇടപെടൽ ഇല്ലാതെ അപേക്ഷാ നടപടിക്രമങ്ങൾ പൂർണമായും എ.ഐ, ഡിജിറ്റൽ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചായിരിക്കും നടത്തുക.
മാനവ വിഭവ ശേഷി, സ്വദേശിവത്കരണ മന്ത്രാലയവുമായി കൈകോർത്ത് ഫെഡറൽ അതോറിറ്റി ഫോർ സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐ.സി.പി) ആണ് പുതിയ സംവിധാനം അവതരിപ്പിച്ചത്.
തൊഴിൽ വിപണിയിലെ ഉൽപാദനക്ഷമത വർധിപ്പിക്കുകയും വിദഗ്ധരായ പ്രതിഭകളെ ആകർഷിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. മേയ് മുതൽ പുതിയ സംവിധാനം നടപ്പിലാക്കാനാണ് ഐ.സി.പിയുടെ തീരുമാനം. വർക്ക് പെർമിറ്റിന് അപേക്ഷിക്കുന്നവരെ കഴിവ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, അറിവ് എന്നിവയുടെ അടിസ്ഥാനത്തിൽ വിലയിരുത്തുന്നതിനായി സ്മാർട്ട് അൽഗോരിതം ആണ് ഐ.സി.പി ഇനി മുതൽ ഉപയോഗിക്കുക. തൊഴിലാളികളുടെ നിയമനവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ കാര്യക്ഷമമാക്കുന്നതിനും ആധുനിക സമ്പദ്വ്യവസ്ഥയുടെ ആവശ്യങ്ങൾക്കനുസരിച്ച് തൊഴിൽ ശക്തിയുടെ ഗുണനിലവാരം ക്രമീകരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള വസ്തുനിഷ്ഠമായ വിലയിരുത്തൽ സംവിധാനമായിരിക്കും ഇതെന്ന് ഐ.സി.പി വ്യക്തമാക്കി.
പൊതുമേഖലകളിലെ പ്രവർത്തനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനായി യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം കഴിഞ്ഞ ദിവസം പ്രത്യേക നിയമ ചട്ടക്കൂട് കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിരുന്നു.
അടുത്ത രണ്ട് വർഷത്തിനുള്ളിൽ സർക്കാറിന്‍റെ സേവനങ്ങളിൽ പകുതിയും ഏജന്‍റിക് എ.ഐയിലേക്ക് മാറ്റുകയാണ് ലക്ഷ്യം. ആദ്യ ഘട്ടം വിവിധ മന്ത്രാലയങ്ങൾ, ഫെഡറൽ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പിലാക്കുകയെന്നും ശൈഖ് മുഹമ്മദ് വ്യക്തമാക്കിയിരുന്നു.
ഇതിന്‍റെ ഭാഗമായാണ് ഐ.സി.പി തൊഴിൽ പെർമിറ്റ് അപേക്ഷകളുടെ വിലയിരുത്തലുകളും എ.ഐ, റോബോട്ടിക് സംവിധാനത്തിലേക്ക് മാറ്റുന്നത്. മുൻവിധികളില്ലാതെ മെറിറ്റ് അടിസ്ഥാനത്തിൽ ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കാൻ പുതിയ സംവിധാനത്തിന് കഴിയുമെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

