മന്ത്രിസഭയിലേക്ക് ഉപദേശകനായി നിർമിതബുദ്ധിയും
text_fieldsശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം
ദുബൈ: യു.എ.ഇ സർക്കാർതലത്തിൽ സുപ്രധാന മാറ്റങ്ങൾ പ്രഖ്യാപിച്ച് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. ദേശീയ നിർമിത ബുദ്ധി സംവിധാനത്തെ യു.എ.ഇ മന്ത്രിസഭയുടെ ഉപദേശക അംഗമായി പരിഗണിക്കുന്നതടക്കമുള്ള മാറ്റങ്ങളാണ് വെള്ളിയാഴ്ച പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത വർഷം ജനുവരി മുതലാണ് നിർമിത ബുദ്ധി സംവിധാനം മന്ത്രിസഭയിൽ ഇടംപിടിക്കുക. മന്ത്രിസഭക്കൊപ്പം മിനിസ്റ്റീരിയൽ ഡെവലപ്മെന്റ് കൗൺസിൽ, ഫെഡറൽ സ്ഥാപനങ്ങളുടെയും സർക്കാർ കമ്പനികളുടെയും ഡയറക്ടർ ബോർഡുകൾ എന്നിവയുടെയും ഉപദേശക അംഗമായി നാഷനൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സിസ്റ്റം പ്രവർത്തിക്കുമെന്നും എക്സ് അക്കൗണ്ടിലൂടെ അറിയിച്ചു.
രാജ്യത്തെ വിദേശ വ്യാപാരം നിയന്ത്രിക്കുന്നതിന് പ്രത്യേക മന്ത്രാലയവും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. ഡോ. ഥാനി ബിൻ സയൂദിയാണ് വിദേശ വ്യാപാര മന്ത്രിയായി നിയമിതനായിട്ടുള്ളത്. അതോടൊപ്പം സാമ്പത്തികകാര്യ മന്ത്രാലയം, ഇനിമുതൽ സാമ്പത്തിക, വിനോദ സഞ്ചാര മന്ത്രാലയമായി മാറും. അബ്ദുല്ല ബിൻ തൂഖ് അൽ മർരിയാണ് വകുപ്പുമന്ത്രി.തീരുമാനമെടുക്കാൻ സഹായിക്കുക, തീരുമാനങ്ങൾ അതിവേഗത്തിൽ വിശകലനം നടത്തുക, സാങ്കേതിക ഉപദേശം നൽകുക, എല്ലാ മേഖലകളിലും സർക്കാർ നയങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുക എന്നിവയാണ് നിർമിതബുദ്ധി ഉപയോഗപ്പെടുത്തുന്നതിലൂടെ ലക്ഷ്യമിടുന്നത്. ശാസ്ത്രീയമായും സാമ്പത്തികമായും സാമൂഹികമായും ലോകം സമഗ്രമായ മാറ്റങ്ങളിലൂടെ കടന്നുപോകുകയാണെന്നും, വരുംദശകങ്ങളിലേക്ക് ഇപ്പോൾതന്നെ ഒരുങ്ങുകയും ഭാവിതലമുറകൾക്ക് തുടർച്ചയായ അഭിവൃദ്ധിയും മാന്യമായ ജീവിതവും ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് നമ്മുടെ ലക്ഷ്യമെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.
സമീപ വർഷങ്ങളിലായി യു.എ.ഇയുടെ വിവിധ തലങ്ങളിലെ നയങ്ങളിൽ നിർമിതബുദ്ധി സുപ്രധാന സ്ഥാനം നേടുന്നുണ്ട്. 2017 ഒക്ടോബറിൽ ലോകത്ത് ആദ്യമായി നിർമിതബുദ്ധി സഹമന്ത്രി പദവിയിൽ രാജ്യം നിയമനം നടത്തിയിരുന്നു. നിലവിൽ എ.ഐ, ഡിജിറ്റൽ സമ്പദ്വ്യവസ്ഥ, റിമോട്ട് വർക്ക് ആപ്ലിക്കേഷൻസ് എന്നിവയുടെ സഹമന്ത്രി പദവിയിൽ ഉമർ അൽ ഉലമയാണ് പ്രവർത്തിക്കുന്നത്. 2019ന്റെ തുടക്കത്തിൽ യു.എ.ഇ നാഷനൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്ട്രാറ്റജി 2031 എന്ന പേരിൽ പദ്ധതി ആരംഭിക്കുകയും ചെയ്തു. ഇതുവഴി 2031ഓടെ നിർമിതബുദ്ധിയിലെ മുൻനിര രാജ്യങ്ങളിലൊന്നായി മാറാനാണ് രാജ്യം ലക്ഷ്യമിടുന്നത്. പിന്നീട് മുഹമ്മദ് ബിൻ സായിദ് യൂനിവേഴ്സിറ്റി ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്ഥാപിക്കുകയും ചെയ്തു. സർക്കാർ, സ്വകാര്യതലങ്ങളിലെല്ലാം നിർമിത ബുദ്ധിയുടെ സാധ്യതകൾ ഉപയോഗിക്കുന്നതിൽ വലിയ മുന്നേറ്റമാണ് രാജ്യം നേടിക്കൊണ്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

