അൽ അഖ്റൂബി പള്ളിയിലിരുന്നാൽ തിരമാലകളുടെ ദിക്റുപാട്ട് കേൾക്കാം
text_fieldsഷാർജ: മുത്തുവാരലിനും മത്സ്യബന്ധനത്തിനും പേരുകേട്ട മേഖലയായിരുന്നു ഷാർജയിലെ അൽഖാൻ. സമുദ്രത്തെക്കുറിച്ച് അഗാധ പാണ്ഡിത്യമുള്ള, ഭൂപടങ്ങൾ സ്വയം തയ്യാറാക്കിയിരുന്ന ഒേട്ടറെ സാഹസികർ അന്നിവിടെ ഉണ്ടായിരുന്നു. ഇവരുടെ ജീവിതച്ചുറ്റുപാടിൽ നിന്ന് വിശാലമായ പട്ടണം ഇവിടെ രൂപപ്പെട്ടു. ഇന്നും പൗരാണിക ഗ്രാമങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി ഷാർജ ഈ പ്രദേശത്തെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കുന്നു. ഇവിടെ ഒരു പള്ളിയുണ്ട്, അൽ അഖ്റൂബിയ മസ്ജിദ്. റമദാനിലെ ദിനരാത്രങ്ങളിൽ കരക്കാറ്റും കടൽക്കാറ്റും പ്രാർഥനാ മന്ത്രങ്ങളുമായി പള്ളിയെ വലം വെക്കുന്നതായി തോന്നും. സമുദ്രങ്ങളുടെ ആഴങ്ങളിലേക്ക് മുത്ത് തേടി സാഹസിക യാത്ര നടത്തിയിരുന്ന റാഷിദ് അൽ അഖ്റൂബി 1904ലാണ് പള്ളി നിർമിച്ചത്. കടലുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് പ്രാർഥന നടത്താനും വിശ്രമിക്കാനും ലക്ഷ്യമിട്ടായിരുന്നു നിർമാണം.
മിനാരം പള്ളിയിൽ നിന്ന് 30 മീറ്റർ അകലെയായിട്ടാണ് സ്ഥാപിച്ചിട്ടുള്ളത്. ബദുബിയൻ നിർമാണ കലയുടെ ചാരുതയാണിത്. കടലിൽ നിന്ന് ഒരുവിളിപ്പാടകലെയാണ് പള്ളി. അകത്തും പുറത്തും കാറ്റും വെളിച്ചവും നൽകുന്നത് പ്രകൃതി തന്നെ. ജസ്റ്റിസ് ആൻഡ് ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയത്തിെൻറയും ഔകാഫിെൻറയും അണ്ടർസെക്രട്ടറിയും റാഷിദ് അൽ അഖ്റൂബിയുടെ മകനുമായ ഉബൈദ് റാഷിദ് അൽ അഖ്റൂബിയാണ് ഇപ്പോൾ പള്ളി പരിപാലിക്കുന്നത്. നവീകരണത്തിന് പണം മുടക്കുന്നതും ഇദ്ദേഹം തന്നെ. കടലിൽ നിന്ന് ശേഖരിച്ച കല്ലും മണ്ണും പവിഴപ്പുറ്റുകളും കൊണ്ടാണ് പള്ളി നിർമ്മിച്ചിരിക്കുന്നത്. പള്ളി വളപ്പിെൻറ മധ്യത്തിലായി ഈന്തപ്പനയും അരികിലായി ഗുൽമോഹറുമുണ്ട്. പള്ളിയിലേക്ക് ജലം എത്തിക്കാനായി തീർത്ത കിണർ അതേപടി തന്നെയുണ്ട്. കുറെകാലം ഉപയോഗിക്കാതെ കിടന്ന ഈ കിണർ അടുത്തിടെയാണ് ഉപയോഗ സജ്ജമാക്കിയത്. മരത്തിെൻറ വാതിലും ജനലുകളുമാണ് പള്ളിയിലുള്ളത്.
ഉത്തരത്തിൽ പാനൂസ് വിളക്കുകൾ തൂങ്ങി കിടക്കുന്നു. അഞ്ച് തൂണുകളാണ് മേൽക്കൂരയെ താങ്ങി നിറുത്തുന്നത്. കടലിലേക്ക് നോട്ടം കിട്ടതക്ക വിധത്തിലാണ് ജാലകങ്ങളുള്ളത്. മുത്ത് വാരാൻ പോയവർ വല്ല അപകടത്തിലും പെട്ടാൽ പെട്ടെന്ന് അറിയാനായി നിർമ്മിച്ചവ. താഴിക കുടമില്ല എന്നതും അൽ അഖ്റൂബിയ പള്ളിയുടെ പ്രത്യേകതയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
