പഞ്ചരാഷ്ട്ര അറബ് ഉച്ചകോടിയിൽ സഹകരണം ശക്തമാക്കാൻ ധാരണ
text_fieldsപഞ്ചരാഷ്ട്ര അറബ് ഉച്ചകോടിക്കിടെ യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, ഈജിപ്ത് പ്രസിഡൻറ് അബ്ദുൽ ഫത്താഹ് സീസിയുമായും ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുമായും കൂടിക്കാഴ്ച നടത്തുന്നു
ദുബൈ: പരസ്പര സഹകരണം ശക്തമാക്കാൻ ഈജിപ്തിൽ ചേർന്ന അറബ് രാഷ്ട്രത്തലവന്മാരുടെ ഉച്ചകോടിയിൽ ധരണ.
യു.എ.ഇ, ഈജിപ്ത്, ബഹ്റൈൻ, ജോർഡൻ, ഇറാഖ് എന്നീ രാഷ്ട്രത്തലവന്മാരാണ് ഈജിപ്തിലെ മെഡിറ്ററേനിയൻ നഗരമായ ന്യൂ ആലമീൻ പട്ടണത്തിൽ ഒത്തുചേർന്നത്. യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ഉച്ചകോടിയിൽ പങ്കെടുക്കാൻ ഞായറാഴ്ച എത്തിച്ചേർന്നിരുന്നു. ഈജിപ്ത് പ്രസിഡൻറ് അബ്ദുൽ ഫത്താഹ് സീസി, ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, ജോർഡൻ രാജാവ് അബ്ദുല്ല രണ്ടാമൻ, ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽ ഖാദിമി എന്നിവരും പങ്കെടുത്തു. യുക്രെയ്ൻ യുദ്ധത്തിന്‍റെ സാമ്പത്തിക പ്രത്യാഘാതങ്ങളെ മറികടക്കുന്നത് സംബന്ധിച്ചും ചില രാജ്യങ്ങളിലെ ഭക്ഷ്യ ഉൽപന്നങ്ങളുടെ ലഭ്യതക്കുറവ് സംബന്ധിച്ചും നേതാക്കൾ ഉച്ചകോടിയിൽ സംസാരിച്ചു. സാമ്പത്തിക സഹകരണവും ദേശീയ സുരക്ഷയും അവലോകനം ചെയ്തതിനുപുറമെ വിവിധ പ്രാദേശിക, അന്തർദേശീയ പ്രശ്നങ്ങളും നേതാക്കൾ ചർച്ച ചെയ്തു.
അറബ് മേഖലയിലെ യമൻ, സിറിയ, ലിബിയ, ഫലസ്തീൻ പ്രശ്നങ്ങളെക്കുറിച്ചും നേതാക്കൾ ചർച്ച നടത്തിയതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
തിങ്കളാഴ്ച രാത്രി ന്യൂ ആലമീനിലെ വമ്പൻ കടൽത്തീര റിസോർട്ട് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലും നേതാക്കൾ പങ്കെടുത്തു. വർണാഭമായ വെടിക്കെട്ടോടെ അവസാനിച്ച ചടങ്ങിൽ യു.എ.ഇ ഉപ പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ വകുപ്പ് മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാനും മറ്റു ഉന്നത നേതാക്കളും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

