ഫ്രീ സോണുകളിൽ ഗതാഗതം മെച്ചപ്പെടുത്താൻ കരാർ
text_fieldsറോഡ് വികസന പ്രവൃത്തി നിരീക്ഷിക്കുന്ന ആർ.ടി.എ ഉദ്യോഗസ്ഥർ
ദുബൈ: എമിറേറ്റിലെ റോഡ് ഗതാഗതം മെച്ചപ്പെടുത്തുന്നതിന് റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ) പ്രമുഖ പ്രോപ്പർട്ടി ഡെവലപ്പർമാരുമായും ഫ്രീ സോൺ അതോറിറ്റികളുമായും ഒമ്പത് പുതിയ സഹകരണ കരാറുകളിൽ ഒപ്പുവെച്ചു. അടിസ്ഥാന സൗകര്യ പദ്ധതികൾക്കുള്ള അംഗീകാരം എളുപ്പമാക്കാനും റോഡ് സുരക്ഷ വർധിപ്പിക്കാനും ലക്ഷ്യമിട്ടാണ് കരാറുകൾ ഒപ്പുവെച്ചത്.
വികസന പദ്ധതികൾ ബന്ധപ്പെട്ട അധികാരികൾ നിശ്ചയിച്ച ഏറ്റവും ഉയർന്ന മാനദണ്ഡങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും കരാറിലൂടെ ലക്ഷ്യമിടുന്നുണ്ട്. ദുബൈയിലെ പ്രമുഖ ഡെവലപ്പർമാരായ ഇമാർ പ്രോപ്പർട്ടീസ്, ഡമാക് പ്രോപ്പർട്ടീസ്, മാജിദ് അൽ ഫുത്തൈം പ്രോപ്പർട്ടീസ്, ഇൻഷാമ, അൽ ഫുത്തൈം പ്രോപ്പർട്ടീസ്, ദുബൈ മൾട്ടി കമ്മോഡിറ്റീസ് സെന്റർ, ദുബൈ ഹെൽത്ത്കെയർ സിറ്റി, ദുബൈ ഇൻവെസ്റ്റ്മെന്റ് പാർക്ക്, ദുബൈ ഇന്റഗ്രേറ്റഡ് ഇക്കണോമിക് സോൺസ് അതോറിറ്റി എന്നിവ ഉൾപ്പെടെയുള്ള പ്രമുഖ പ്രോപ്പർട്ടി ഡെവലപ്പർമാരുമായും ഫ്രീ സോൺ അതോറിറ്റികളുമാണ് കരാറിൽ ഒപ്പുവെച്ചിരിക്കുന്നത്.
ദുബൈയിലെ ഗതാഗത സംവിധാനം കാര്യക്ഷമമാക്കുന്നതിന്റെയും, അടിസ്ഥാന സൗകര്യ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനുമുള്ള ഒരു കേന്ദ്രീകൃത രീതി സ്ഥാപിക്കുന്നതിന്റെയും ഭാഗമാണ് കരാറുകളെന്ന് ആർ.ടി.എയുടെ ട്രാഫിക് ആൻഡ് റോഡ്സ് ഏജൻസിയിലെ എക്സിക്യൂട്ടിവ് ഡയറക്ടർ ബദർ അൽ സിരി പറഞ്ഞു. സഹകരണം റോഡ് ശൃംഖലയുടെ കാര്യക്ഷമത മെച്ചപ്പെടുത്തുക മാത്രമല്ല, ഗതാഗതം വർധിപ്പിക്കുകയും എല്ലാ റോഡ് ഉപയോക്താക്കളുടെയും വാഹനമോടിക്കുന്നവരുടെയും കാൽനടയാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

