രണ്ടര ലക്ഷം ഡോളർ സമ്മാനത്തുക; അഗിമോൾ പ്രദീപിന് ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ് അവാർഡ്
text_fieldsആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ് അവാർഡ് മുഖ്യമന്ത്രി വി.ഡി. സതീശനിൽനിന്ന് അഗിമോൾ പ്രദീപ് ഏറ്റുവാങ്ങുന്നു. ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ, മാനേജിങ് ഡയറക്ടർ അലീഷ മൂപ്പൻ തുടങ്ങിയവർ സമീപം
കൊച്ചി: ലോകത്തെ മികച്ച നഴ്സുമാരെ ആദരിക്കുന്നതിനായുള്ള ഈ വർഷത്തെ ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ്ങ് അവാർഡിന് (250,000 യു.എസ് ഡോളർ) യു.കെയിൽ നിന്നുള്ള ഇന്ത്യൻ വംശജയായ അഗിമോൾ പ്രദീപ് അർഹയായി. ലോകമെമ്പാടുമുള്ള 214 രാജ്യങ്ങളിൽ നിന്നായി ലഭിച്ച 1,34,000ലധികം രജിസ്ട്രേഷനുകളിൽ നിന്നാണ് അഗിമോളെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്.
സെപ്റ്റംബർ 12ന് കൊച്ചിയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ അവാർഡ് സമ്മാനിച്ചു. ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ, മാനേജിങ് ഡയറക്ടർ അലീഷ മൂപ്പൻ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. ആഗോള ആരോഗ്യ മേഖലക്ക് നഴ്സുമാർ നൽകുന്ന സംഭാവനകളെ പ്രശംസിച്ചുകൊണ്ടുള്ള ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസിന്‍റെ പ്രത്യേക സന്ദേശവും ചടങ്ങിൽ അവതരിപ്പിച്ചു.
ലണ്ടനിലെ കിങ്സ് കോളജ് ഹോസ്പിറ്റലിലെ സീനിയർ ട്രാൻസ്പ്ലാന്റ് കോഓഡിനേറ്ററും സാൽഫോർഡ് സർവകലാശാലയിലെ ഓണററി സീനിയർ ലക്ചററുമാണ് ഡോ. അഗിമോൾ പ്രദീപ്. യു.കെയിലെ ദക്ഷിണേഷ്യൻ സമൂഹത്തിനിടയിൽ അവയവ ദാതാക്കളുടെ കുറവ് പരിഹരിക്കാനായി ആരംഭിച്ച ‘ഉപഹാർ’ എന്ന സംരംഭത്തിലൂടെ പതിനായിരത്തിലധികം സ്റ്റെം സെൽ ദാതാക്കളെ കണ്ടെത്താൻ അവർക്ക് കഴിഞ്ഞു. കൂടാതെ, വിദേശ രാജ്യങ്ങളിൽ നിന്നുള്ള നഴ്സുമാർക്ക് യു.കെയിൽ വീണ്ടും തൊഴിൽ രംഗത്തേക്ക് പ്രവേശിക്കാനുള്ള നിയന്ത്രണ മാറ്റങ്ങൾ കൊണ്ടുവരുന്നതിലും അവർ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
ഈ നേട്ടം ജീവിതകാലം മുഴുവൻ കൂടുതൽ മികവോടെ പ്രവർത്തിക്കാനുള്ള ഊർജ്ജം നൽകുന്നുവെന്ന് പുരസ്കാരം ഏറ്റുവാങ്ങി അഗിമോൾ പറഞ്ഞു. അവയവ-സ്റ്റെം സെൽ ദാന കാമ്പയിനുകൾ കൂടുതൽ വിപുലീകരിക്കാനും അർഹരായ കമ്യൂണിറ്റികളിലേക്ക് സേവനം എത്തിക്കാനും ഈ സമ്മാനത്തുക വിനിയോഗിക്കുമെന്ന് അവർ വ്യക്തമാക്കി. നഴ്സിങ് വിദ്യാഭ്യാസത്തിലും പരിശീലനത്തിലും കൂടുതൽ നിക്ഷേപം നടത്തി മാറ്റങ്ങൾ സൃഷ്ടിക്കാനും അവർ ലക്ഷ്യമിടുന്നു.
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ജീവിതങ്ങളെ സ്വാധീനിക്കുന്ന നഴ്സിങ് മേഖലയുടെ അർപ്പണബോധത്തിന്‍റെയും അനുകമ്പയുടെയും ഉത്തമ ഉദാഹരണമാണ് അഗിമോൾ പ്രദീപിന്‍റെ സേവനമെന്ന് ഡോ. ആസാദ് മൂപ്പനും അലീഷ മൂപ്പനും അഭിപ്രായപ്പെട്ടു. ഏൺസ്റ്റ് ആൻഡ് യങ് ഉൾപ്പെടുന്ന വിദഗ്ധ പാനലിന്‍റെ കർശനമായ തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയാണ് സ്വീഡൻ, സൗദി അറേബ്യ, ഇന്ത്യ, കൊളംബിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള മറ്റ് ഒമ്പത് ഫൈനലിസ്റ്റുകളെ പിന്തള്ളി അഗിമോൾ ഒന്നാമതെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

