സർക്കാർ സേവനങ്ങളിൽ ഏജന്‍റിക് എ.ഐ; 80,000 സർക്കാർ ഉദ്യോഗസ്ഥർക്ക് പരിശീലനത്തിന് വമ്പൻ പദ്ധതി
text_fieldsശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ അധ്യക്ഷതയിൽ നടക്കുന്ന മന്ത്രിസഭ യോഗം
ദുബൈ: സർക്കാർ സേവനങ്ങളിൽ 50 ശതമാനം നിർമിത ബുദ്ധി (എ.ഐ) അധിഷ്ഠിത സംവിധാനങ്ങളിലേക്ക് മാറുന്നതിന്‍റെ ഭാഗമായി 80,000 ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകാൻ വമ്പൻ പദ്ധതി പ്രഖ്യാപിച്ചു. സർക്കാർ മേഖലയിൽ നടത്തുന്ന ഏറ്റവും വലിയ പരിശീലന പദ്ധതിയാണിത്. ഏജന്‍റിക് എ.ഐ സാങ്കേതികവിദ്യകളിലും ഉപകരണങ്ങളിലും ഉദ്യോഗസ്ഥരുടെ വൈദഗ്ധ്യം വർധിപ്പിക്കുകയാണ് ലക്ഷ്യം. അബൂദബി ഖസർ അൽ വതനിൽ ചേർന്ന മന്ത്രിസഭ യോഗത്തിൽ യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
പൊതു മേഖല സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിലും സേവനങ്ങളിലും ഏജന്‍റിക് എ.ഐ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ലോകത്തെ മുൻ നിര സർക്കാറുകളിൽ ഒന്നായി യു.എ.ഇയെ മാറ്റുകയാണ് ഏജന്‍റിക് എ.ഐ പദ്ധതിയുടെ ലക്ഷ്യം. പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ നിർദേശത്തിന് കീഴിൽ പ്രഖ്യാപിച്ച പദ്ധതി മന്ത്രിസഭ യോഗം അവലോകനം ചെയ്തു. ദേശീയ തലത്തിൽ നടപ്പിലാക്കുന്ന പരിശീലന പദ്ധതിയിൽ വിവിധ മന്ത്രാലയങ്ങളുടെയും ഫെഡറൽ സ്ഥാപനങ്ങളുടെയും പങ്ക് വിശദീകരിക്കുന്ന നിയമ ചട്ടക്കൂടിനും മന്ത്രിസഭ അംഗീകാരം നൽകി. ഡിജിറ്റൽ പരിവർത്തനം വേഗത്തിലാക്കാനുള്ള വിപുലമായ ശ്രമത്തിന്‍റെ ഭാഗമായുള്ള പരിശീലന പരിപാടിയിൽ മന്ത്രിമാർ, മുതിർന്ന എക്സിക്യുട്ടീവുകൾ, ജീവനക്കാർ എന്നിവർ ഉൾപ്പെടും.
ഇത് കൂടാതെ പൗരൻമാർ, താമസക്കാർ, ബിസിസുകാർ, നിക്ഷേപകർ എന്നിവർക്കായി രൂപകൽപന ചെയ്ത എ.ഐ അധിഷ്ഠിത സർക്കാർ സേവന ബണ്ടിലുകളുടെ ആദ്യ പാക്കേജിനും മന്ത്രി സഭ അംഗീകാരം നൽകി. ദേശീയ തലത്തിൽ എ.ഐയിൽ പ്രവർത്തിക്കുന്ന മെഡിക്കൽ സംവിധാനം വികസിപ്പിക്കുന്നതിലൂടെ ആരോഗ്യ രംഗത്ത് നിർമിത ബുദ്ധി സംയോജനം ശക്തിപ്പെടുത്തുന്നതിനും അടിസ്ഥാന സൗകര്യങ്ങളുടെ വിപുലീകരണത്തിനും ആരോഗ്യസംരക്ഷകർക്ക് പരിശീലനം നൽകുന്നതിനുമായുള്ള ദേശീയ നയവും മന്ത്രിസഭ അംഗീകരിച്ചു. ‘യു.എ.ഇ ഗവൺമെന്‍റ് 4.0’ സംരംഭത്തിന് രാജ്യത്ത് തുടക്കമായതായും ശൈഖ് മുഹമ്മദ് പ്രഖ്യാപിച്ചു. ഉപ പ്രധാനമന്ത്രി ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാനായിരിക്കും സർക്കാർ സംവിധാനങ്ങളിലെ എ.ഐ പരിവർത്തന പദ്ധതിക്ക് മേൽനോട്ടം വഹിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

