മൂന്നരപ്പതിറ്റാണ്ടിന്‍റെ പ്രവാസം: ‘ഐ.കെ.ടി’ മടങ്ങുന്നു
text_fieldsഐ.കെ.ടി
ഇസ്മായിൽ
അബൂദാബി: ഏതാണ്ട് മൂന്നര പതിറ്റാണ്ട് നീണ്ട പ്രവാസ ജീവിതത്തിന് വിരാമമിട്ട് നാദാപുരം തൂണേരി സ്വദേശി ഐ.കെ.ടി ഇസ്മായിൽ നാട്ടിലേക്ക് മടങ്ങി. എഴുത്തും വായനയും റേഡിയോയും പുതിയ കാലത്തെ സാമൂഹിക മാധ്യമവുമൊക്കെ കൂട്ടുപിടിച്ച് മടുപ്പില്ലാതെ 34 വർഷത്തെ പ്രവാസം ധന്യമാക്കിയയാണ് മടക്കം. നിലവിൽ പത്ത് വർഷത്തിലധികമായി അബൂദാബി അൽ മദീന ഗ്രൂപ്പിൽ റെസ്റ്റോന്‍റ് മാനേജർ ആയി ജോലി ചെയ്ത് വരികയാണ്.
സുഹൃത്തുക്കൾക്കും പ്രിയപ്പെട്ടവർക്കുമിടയിൽ ‘ഐ.കെ.ടി’ എന്ന പേരിൽ അറിയപ്പെടുന്ന ഇസ്മായിൽ യു.എ.ഇയിൽ പ്രവാസമാരംഭിക്കുന്നത് 1992ലാണ്. നാട്ടിൽ ‘മാധ്യമം’ പത്രത്തിന്‍റെ പ്രാദേശിക ലേഖകനായിരിക്കെയാണ് പ്രവാസത്തിന്‍റെ തുടക്കം. രണ്ട് പതിറ്റാണ്ട് കാലം ജബൽ അലി ഫ്രീ സോണിലെ ശീഷ് മഹൽ റെസ്റ്റോറന്‍റിലും തുടർന്ന് ഏതാനും വർഷക്കാലം അതേ പേരിൽ റാസൽ ഖൈമയിൽ പ്രവർത്തിക്കുന്ന റെസ്റ്റോറന്‍റിലും ജോലി ചെയ്ത ശേഷമാണ് 2016 അൽ മദീന ഗ്രൂപ്പിന്‍റെ ഭാഗമാവുന്നത്. പ്രവാസികൾക്കിടയിൽ മലയാളം റേഡിയോ കയ്യടക്കിയ തൊണ്ണൂറുകളിലും തുടർന്നും ഇദ്ദേഹമെഴുതിയ ഒട്ടേറെ കുറിപ്പുകൾ ശബ്ദാവിഷ്കാരമായി പുറത്ത് വന്നിരുന്നു. ഗൃഹാതുരത നിറഞ്ഞു നിൽക്കുന്നതായിരുന്നു അതിൽ പലതും.
അതോടൊപ്പം ഗൾഫ് മാധ്യമമടക്കമുള്ള പത്രങ്ങളിലൂടെയും ആനുകാലികങ്ങളിലുമായി ഒട്ടേറെ സൃഷ്ടികൾ വെളിച്ചം കണ്ടു. ഖത്തറിൽ പരസ്യ- മാർക്കറ്റിങ് രംഗത്ത് പ്രവർത്തിക്കുന്ന ഇജാസ് മുഹമ്മദ് മൂത്ത മകനാണ്. മകൾ ഹിബാ സുൽത്താന ജർമനി ഫ്രയ്ബർഗ് യൂനിവേഴ്സിറ്റിയിൽ വിദ്യാർഥിനിയാണ്. ആറാം ക്ലാസ് വിദ്യാർഥിയായ ഇളയ മകൻ അഫം അയ്ദിനും ഭാര്യ സഫിയയും നാട്ടിലാണ്. പ്രവാസം സമ്മാനിച്ച സൗഹൃദങ്ങളും, അനുഭവങ്ങളും ഏറെ വിലപ്പെട്ടതാണെന്നും മൂന്നര പതിറ്റാണ്ടിനപ്പുറം വീട്ടിൽ നിന്നിറങ്ങിയ അതേ വേദനയോടും നഷ്ട ബോധത്തൊടുമാണ് ഈ പ്രവാസ ഭൂമിയോട് വിട പറയുന്നതൊന്നും ഇസ്മായിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

