അരനൂറ്റാണ്ട് പിന്നിട്ട പ്രവാസം; മുഹമ്മദലി ഇന്ന് മടങ്ങും
text_fieldsമുഹമ്മദലി
ദുബൈ: പ്രവാസത്തിന്‍റെ ആദ്യകാലത്ത് സാഹസികമായി യു.എ.ഇയിൽ എത്തിച്ചേർന്ന് ജീവിതം കെട്ടിപ്പടുത്ത തൃശൂർ പുത്തൻചിറ സ്വദേശി മുഹമ്മദലി അരിപ്പുറത്ത് ഞായറാഴ്ച ജന്മനാട്ടിലേക്ക് മടങ്ങുന്നു. മുംബൈ വഴി ഗൾഫിലേക്ക് ലോഞ്ചിലാണ് അദ്ദേഹം യാത്ര ചെയ്തത്. ആദ്യ ശ്രമത്തിൽ അധികൃതർ തടഞ്ഞതിനെ തുടർന്ന് യാത്ര മുടങ്ങി.
എന്നാൽ ജീവിത സാഹചര്യങ്ങൾ തിരിച്ചുപോക്കിന് അനുവദിക്കുന്നതായിരുന്നില്ല. അങ്ങനെ വീണ്ടും ലോഞ്ചിൽ കയറി ഗൾഫിലേക്ക് പുറപ്പെട്ടു. 1971ൽ ദുബൈയിൽ പ്രവാസിയായി വന്നിറങ്ങി. അബൂദബിയിൽ പിതൃസഹോദരന്‍റെ ഹോട്ടലിലാണ് ആദ്യം ജോലിയിൽ പ്രവേശിച്ചത്. പിന്നീട് 1974ൽ ‘അഡ്മ’യിൽ ജോലി ലഭിച്ചു. നാലുവർഷത്തിന് ശേഷം സ്വന്തമായി ഒരു സംരംഭം തുടങ്ങി. അൽ ഇമാം ഓട്ടോ സ്പെയർപാർട്സ് ആയിരുന്നു പാർട്ണർഷിപ്പിൽ തുടങ്ങിയ സ്ഥാപനം. കഴിഞ്ഞ മാസംവരെ സ്ഥാപനവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു. വലിയ സമ്പാദ്യമൊന്നുമില്ലെങ്കിലും ഏറെ സംതൃപ്തിയോടെയാണ് യു.എ.ഇയിൽ നിന്ന് മടങ്ങുന്നതെന്ന് അദ്ദേഹം പറയുന്നു. 1981 മുതൽ ഭാര്യയും മക്കളും പലപ്പോഴും അബൂദബിയിൽ കൂടെയുണ്ടായിരുന്നു. മക്കളുടെ വിവാഹശേഷം കഴിഞ്ഞ 17വർഷമായി ഭാര്യ മെഹ്റുന്നിസ പ്രവാസത്തിൽ കൂട്ടിനുണ്ട്. മൂന്ന് പെൺമക്കൾ എല്ലാവരും വിവഹിതരായി കുടുംബമായി കഴിയുകയാണ്.
ചെറിയ ശാരീരിക വിശമതകളോടെയാണ് മുഹമ്മദലി നാട്ടിലേക്ക് മടങ്ങുന്നത്. കുടുംബത്തോടൊപ്പം നാട്ടിൽ കഴിയാമെന്ന ആശ്വാസത്തിലാണ് അരനൂറ്റാണ്ടിലേറെ കാലം പിന്നിട്ട പ്രവാസത്തെ ഉപേക്ഷിച്ച് അദ്ദേഹം യാത്ര തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

