ചരക്കു ഗതാഗതത്തിന് പിന്നാലെ യാത്രാസർവിസും; പാസഞ്ചർ സ്റ്റേഷനുകൾ തുറക്കാൻ ഇത്തിഹാദ് റെയിൽ
text_fieldsദുബൈ: ചരക്കു ഗതാഗതത്തിന് പിന്നാലെ യാത്രാസർവിസും ലക്ഷ്യമിടുന്ന ഇത്തിഹാദ് റെയിൽ പാസഞ്ചർ സ്റ്റേഷനുകൾ നിർമിക്കാനൊരുങ്ങുന്നു. ഇതുസംബന്ധിച്ച കരാറിൽ ആൽസ്റ്റോം, എസ്.എൻ.സി.എഫ്, പ്രോഗസ് റയിൽ, താൽസ് ഗ്രൂപ് എന്നിവയുമായി ഒപ്പുവെച്ചു. ഇതിനുപുറമെ, അറ്റകുറ്റപ്പണി, റെയിൽ ഓപറേഷൻ എന്നിവയുടെ കരാറുകളും ഒപ്പിട്ടു. ആകെ നാലു കരാറുകളാണ് പുതിയതായി ഒപ്പുവെച്ചത്.
ആദ്യ പാസഞ്ചർ സ്റ്റേഷൻ ഫുജൈറയിലായിരിക്കും നിർമിക്കുക. മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ പായുന്ന ട്രെയിനിന് 400 യാത്രക്കാരെ വഹിക്കാനുള്ള ശേഷിയുണ്ടാവും. അബൂദബിയിൽനിന്ന് ദുബൈയിലേക്കും ദുബൈയിൽനിന്ന് ഫുജൈറയിലേക്കും 50 മിനിറ്റിൽ എത്താൻ കഴിയും. നിലവിൽ കാറിൽ യാത്രചെയ്യുന്നവർക്കുപോലും ഇതിന്‍റെ ഇരട്ടി സമയം വേണ്ടിവരുന്നുണ്ട്.
അബൂദബിയിൽനിന്ന് അൽ റുവൈസിലേക്ക് 70 മിനിറ്റും ഫുജൈറയിലേക്ക് 100 മിനിറ്റുമെടുക്കും. ഇതിനിടയിലെ വിവിധ എമിറേറ്റുകളിൽ സ്റ്റേഷനുകൾ തുറക്കാനാണ് കരാർ ലക്ഷ്യമിടുന്നത്. യു.എ.ഇയിലെ വിവിധ എമിറേറ്റുകളെ ബന്ധിപ്പിക്കുന്ന ഏക ട്രെയിൻ സർവിസായിരിക്കും ഇത്.
ആൽസ്റ്റോം ഗ്രൂപ്പുമായുള്ള സഹകരണം പരിസ്ഥിതി സംരക്ഷണ പദ്ധതികൾക്ക് ആക്കം കൂട്ടുമെന്ന് ഇത്തിഹാദ് റെയിൽ അധികൃതർ പ്രത്യാശ പ്രകടിപ്പിച്ചു. താൽസ് ഗ്രൂപ്പുമായുള്ള സഹകരണത്തിലൂടെ ലക്ഷ്യമിടുന്നത് ഡിജിറ്റലൈസേഷനാണ്.
സൗദി അറേബ്യൻ അതിർത്തിയിൽനിന്ന് ഫുജൈറ വരെ പോകുന്ന ലൈന് 1200 കിലോമീറ്റർ ദൈർഘ്യമുണ്ട്. 11 നഗരങ്ങളെ കോർത്തിണക്കിയാവും റെയിൽ.
എന്നാൽ, എവിടെയൊക്കയാവും സ്റ്റേഷൻ എന്ന വിവരം വ്യക്തമാക്കിയിട്ടില്ല. അടുത്തിടെ ആധുനിക പാസഞ്ചർ ട്രെയിൻ കമ്പാർട്ട്മെന്‍റുകൾ പുറത്തിറക്കിയിരുന്നു. കഴിഞ്ഞ മാസം ഹൈടെക് ട്രെയിനുകളും പുറത്തിറക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

