35 വർഷത്തെ പ്രവാസം; മുബാറക് ഇമ്പാർക്ക് നാട്ടിലേക്ക്
text_fieldsമുബാറക്
അജ്മാൻ: മൂന്നര പതിറ്റാണ്ടിന്റെ പ്രവാസം മതിയാക്കി മുബാറക് ഇമ്പാർക്ക് നാട്ടിലേക്ക് തിരിക്കുന്നു. 1991ലാണ് ചാവക്കാട് ഇമ്പാറക്ക് കുഞ്ഞുമോൻ ഹാജിയുടെ മൂത്ത മകനായ മുബാറക് പ്രവാസത്തിനായി ബോംബെ വഴി യു.എ.യിലേക്ക് എത്തുന്നത്. ദുബൈയിലെ ഷിപ് ചാനലിങ് കമ്പനിയിലേക്ക് കസിന്റെ ഭർത്താവ് സംഘടിപ്പിച്ചതായിരുന്നു വിസ. ജോലിക്ക് കയറി ആറുമാസം പിന്നിടുമ്പോഴേക്കും മുബാറക്കിന് ഡ്രൈവിങ് ലൈസൻസ് ലഭിച്ചു. തുടർന്ന് ഏഴു വർഷത്തോളം അവിടെ ജോലി ചെയ്ത ശേഷം പടിയിറങ്ങി. സ്വന്തം പിതാവുമായി ചേർന്ന് ഷാർജയിൽ ഗോൾഡൻ ഡ്രീം എന്ന പേരിൽ ഒരു റസ്റ്റാറന്റ് തുടങ്ങി. ഇത് വിജയിച്ചതോടെ ഷാർജയിൽതന്നെ മറ്റൊരു റസ്റ്റാറന്റ് കൂടി ആരംഭിച്ചു. താമസിയാതെ മറ്റൊരു ജനറൽ ട്രേഡിങ് സ്ഥാപനവും തുടങ്ങി.
എങ്കിലും പുതിയ സ്ഥാപനങ്ങൾ വിചാരിച്ച പോലെ വിജയം കണ്ടില്ല. അതോടെ ബിസിനസ് വിട്ട് ട്രൈലർ ഡ്രൈവറായി ജോലിക്ക് കയറി. ഒരു വർഷത്തിന് ശേഷം ആ ജോലി മതിയാക്കി. പിന്നീട് 2005ലാണ് ഇപ്പോൾ ജോലി ചെയ്യുന്ന മോർ ഡാറ്റാ റിക്കവറി എന്ന സ്ഥാപനത്തിൽ ജോലിക്ക് കയറുന്നത്. 20 വർഷത്തോളം അവിടെ തുടർന്നു. ഇനി നാട് പിടിക്കാം എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോൾ പ്രവാസം മതിയാക്കുന്നത്.
പ്രവാസ ലോകത്തെ നിരവധി കൂട്ടായ്മകളുടെ നേതൃത്വ പദവികളിൽ സജീവമായിരുന്നു മുബാറക് ഇമ്പാർക്ക്. നമ്മൾ ചാവക്കാട്ടുകാർ ആഗോള കൂട്ടായ്മ, ഇൻകാസ്, പ്രചര ചാവക്കാട്, ചാവക്കാട് അസോസിയേഷൻ, മുതുവട്ടൂർ മഹല്ല് പ്രവാസി കൂട്ടായ്മ, സമദർശിനി തുടങ്ങിയ സാമൂഹിക സംഘടനകളിൽ നേതൃത്വപരമായി സജീവമായിരുന്നു. ചാവക്കാട്ടെ പ്രമുഖ ജീവകാരുണ്യ പ്രസ്ഥാനമായ കൺസോൾ ചാരിറ്റബിളിന്റെ ഗൾഫിലെ കോഓഡിനേറ്റർ ആണ്. ഫോട്ടോഗ്രഫി പാഷനായി കൊണ്ടുനടക്കുന്ന വ്യക്തിയാണ് മുബാറക്.
ഫോട്ടോഗ്രഫി ഇഷ്ടവിനോദമായി കൊണ്ടുനടക്കുന്നവരെ സംഘടിപ്പിച്ച് ക്ലിക്ക്സ് വേൾഡ് ദുബൈ എന്ന കൂട്ടായ്മ സംഘടിപ്പിച്ചു. ഇതുവഴി നിരവധി പേർക്ക് പരിശീലനം നൽകാനും കഴിഞ്ഞു. പ്രവാസം വിട്ട് നാട്ടിലെത്തിയാൽ മികച്ച ഒരു ഉൽപന്നം കണ്ടെത്തി കച്ചവടത്തിൽ സജീവമാകണമെന്നാണ് ആഗ്രഹം. ജസീറയാണ് ഭാര്യ. മക്കൾ: ഫാത്തിമ മെഹ്ജബിൻ, മർവാൻ ഇമ്പാർക്ക്, സഫ്വാൻ ഇമ്പാർക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

