പാകിസ്താനെ വീഴ്ത്തി അഫ്ഗാൻ
text_fieldsഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പരിശീലനത്തിനിടെ മഗ്രിബ് നമസ്കരിക്കുന്ന പാകിസ്താൻ,
അഫ്ഗാനിസ്താൻ താരങ്ങൾ
ഷാർജ: നിറഞ്ഞുകവിഞ്ഞ ഗാലറിക്കു മുന്നിൽ പാകിസ്താനെ ആറു വിക്കറ്റിന് വീഴ്ത്തി അഫ്ഗാനിസ്താൻ. ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ആദ്യ ട്വൻറി20 മത്സരത്തിൽ ബാറ്റിങ്ങിലും ബൗളിങ്ങിലും അപ്രമാദിത്വം പുലർത്തിയാണ് അഫ്ഗാൻ ജയിച്ചുകയറിയത്. സ്കോർ: പാകിസ്താൻ 92/9 (20). അഫ്ഗാൻ: 98/4 (17.5).
മുൻനിര താരങ്ങൾക്ക് വിശ്രമം അനുവദിച്ച് പുതുമുഖങ്ങളുമായാണ് പാകിസ്താൻ കളത്തിലിറങ്ങിയത്. നാലു പാകിസ്താൻ താരങ്ങളുടെ അരങ്ങേറ്റ മത്സരം കൂടിയായിരുന്നു ഇത്. തുടക്കം മുതൽ തകർന്ന പാക് നിരയിൽ സയിം അയ്യൂബ് (17), തയ്യബ് താഹിർ (16), ഇമാദ് വസീം (18), നായകൻ ഷദബ് ഖാൻ (12) എന്നിവർക്കു മാത്രമാണ് രണ്ടക്കം കണ്ടെത്താനായത്. നാലോവറിൽ 13 റൺസ് വഴങ്ങിയ ഫസൽ ഹഖ് ഫാറൂഖിയും ഒമ്പതു റൺസ് വഴങ്ങിയ മുജീബുർ റഹ്മാനുമാണ് പച്ചപ്പടയെ പിടിച്ചുകെട്ടിയത്. മുഹമ്മദ് നബി മൂന്ന് ഓവറിൽ 12 റൺസ് മാത്രമാണ് വഴങ്ങിയത്.
മൂവരും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിൽ അഫ്ഗാന്റെ തുടക്കവും മികച്ചതായിരുന്നില്ല. എന്നാൽ, നാലാമനായി ഇറങ്ങി ആഞ്ഞടിച്ച മുഹമ്മദ് നബി (38) അഫ്ഗാനെ വിജയത്തിലെത്തിക്കുകയായിരുന്നു. നബിയാണ് മാൻ ഓഫ് ദ മാച്ച്. മൂന്നു മത്സരങ്ങൾ അടങ്ങിയ പരമ്പരയിലെ രണ്ടാം മത്സരം ഞായറാഴ്ച നടക്കും.