താങ്ങാവുന്ന നിരക്കിൽ വീട്; പദ്ധതി നടപ്പിലാക്കാൻ കരാറായി
text_fieldsതാങ്ങാവുന്ന നിരക്കിൽ വീടുകൾ ലഭ്യമാക്കുന്ന പദ്ധതി നടപ്പിലാക്കുന്നതിന് ആർ.ടി.എയും ദുബൈ മുനിസിപ്പാലിറ്റിയും വസ്ൽ ഗ്രൂപ്പും ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ്
ആൽ മക്തൂമിന്റെ സാന്നിധ്യത്തിൽ കരാറൊപ്പിടുന്നു
ദുബൈ: നഗരത്തിൽ താങ്ങാവുന്ന നിരക്കിൽ വീടുകൾ ലഭ്യമാക്കുന്ന പദ്ധതി നടപ്പിലാക്കുന്നതിന് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ)യും ദുബൈ മുനിസിപ്പാലിറ്റിയും വസ്ൽ ഗ്രൂപ്പും തമ്മിൽ കരാറൊപ്പിട്ടു. സ്വകാര്യ, പൊതുമേഖലകളിലെ ജോലി ചെയ്യുന്ന പ്രഫഷനലുകളെ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. നിർമാണത്തിന് ആവശ്യമായ ഭൂമി അനുവദിച്ചുകൊണ്ട് ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം മാർച്ച് മാസത്തിൽ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പദ്ധതിയിൽ 17,080 വീടുകൾ നിർമിക്കാനാണ് ലക്ഷ്യമിടുന്നത്.
അൽ മുഅസ്സിം 1, അൽ തവാർ 1, അൽ ഖിസൈസ് ഇൻഡസ്ട്രിയൽ 5, അൽ ലിയാൻ 1 എന്നിങ്ങനെ ആറ് മേഖലകളിലായി പദ്ധതിയുടെ ആദ്യഘട്ടത്തിൽ 14.6 ലക്ഷം സ്ക്വയർ മീറ്റർ പ്രദേശത്താണ് വീടുകൾ നിർമിക്കുന്നത്. ദുബൈയിലെ തൊഴിലാളികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയും ലോകത്ത് താമസിക്കാനും ജോലി ചെയ്യാനും ഏറ്റവും മികച്ച സൗകര്യമുള്ള നഗരങ്ങളിലൊന്നായി നഗരത്തിന്റെ പദവി ഉയർത്തുകയും ചെയ്യുന്ന ഗുണനിലവാരമുള്ള വീടുകൾ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് ശൈഖ് ഹംദാൻ ചൊവ്വാഴ്ച ‘എക്സി’ൽ കുറിച്ചു.
ദുബൈയുടെ മിതമായ നിരക്കിൽ ഭവനമെന്ന നയത്തിന്റെയും ദുബൈ 2040 അർബൺ മാസ്റ്റർ പ്ലാനിന്റെയും ഭാഗമായാണ് എമിറേറ്റിലെ വിദഗ്ധരായ പ്രഫഷനലുകളെ ലക്ഷ്യമിട്ട് പദ്ധതി നടപ്പിലാക്കുന്നത്.
പദ്ധതി പൂർത്തിയാകുന്നതോടെ വലിയവിഭാഗം ജനങ്ങൾക്ക് താങ്ങാവുന്ന വാടകയിൽ വീടുകൾ ലഭ്യമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതോടൊപ്പം പദ്ധതി പ്രദേശങ്ങൾ നഗരത്തിലെ പ്രധാന മേഖലകളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കുന്നതുമാണ്. ആവശ്യ സേവനങ്ങളുടെ ലഭ്യതയും ഈ മേഖലയിൽ ഉറപ്പുവരുത്തുമെന്നും നേരത്തേ അധികൃതർ വ്യക്തമാക്കിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.