റോഡരികിൽ പരസ്യം ചെയ്യാം, വ്യവസ്ഥകളോടെ
text_fieldsദുബൈ: എമിറേറ്റിൽ ഔട്ട് ഡോർ പരസ്യ ബോർഡുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ മാർഗ നിർദേശങ്ങൾ പുറത്തിറക്കി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). ദുബൈ മുനിസിപ്പാലിറ്റി, ദുബൈ ഡിപാർട്ട് മെന്റ് ഓഫ് ഇകണോമി ആൻഡ് ടൂറിസം എന്നീ വകുപ്പുകളുമായി ചേർന്നാണ് 112 പേജുള്ള മാർഗ നിർദേശങ്ങൾ പുറത്തിറക്കിയത്.
കാൽ നടക്കാരുടെയും റോഡ് ഉപയോക്താക്കളുടെയും സുരക്ഷക്ക് തടസ്സമില്ലെങ്കിൽ ത്രീഡി പരസ്യങ്ങൾ, ഡ്രോണുകൾ, ലേസർ എന്നിവ ഉപയോഗിച്ചുള്ള പരസ്യങ്ങൾക്ക് അനുമതി ലഭിക്കും. പരസ്യങ്ങൾക്കായി ഉപയോഗിക്കുന്ന ചിത്രങ്ങൾ, അളവുകൾ, വെളിച്ച സംവിധാനങ്ങൾ, സ്ഥാനങ്ങൾ എന്നിവയെ കുറിച്ച് വിശദമായ വിവരങ്ങളും പുതിയ നിർദേശങ്ങളിൽ ഉൾകൊള്ളുന്നുണ്ട്. ഈ മാർഗ നിർദേശങ്ങളിൽ മാറ്റമുണ്ടെങ്കിൽ ആർ.ടി.എയുടെ സാങ്കേതിക സമിതിയുടെ അംഗീകരം നേടണം.
നിയമം ലംഘിക്കുന്ന പരസ്യങ്ങൾ ആർ.ടി.എ അല്ലെങ്കിൽ മുനിസിപ്പാലിറ്റി അധികൃതർ നീക്കം ചെയ്യും. പുതിയ മാർഗ നിർദേശങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ആർ.ടി.എയുടെ https://www.rta.ae/links/out-of-home-advertising.pdf എന്ന ലിങ്ക് സന്ദർശിക്കാം.
പ്രധാന നിർദേശങ്ങൾ
1. കെട്ടിടങ്ങളുടെ എമർജൻസി എക്സിറ്റികൾക്കും മറ്റ് സൗകര്യങ്ങൾക്കും പരസ്യബോർഡുകൾ തടസ്സമാകരുത്.
2. ഡ്രൈവറുടെ ഹെഡ്ലൈറ്റ് പ്രതിഫലനങ്ങൾ സൃഷ്ടിക്കാത്ത വിധത്തിലായിരിക്കണം പരസ്യബോർഡുകൾ
3. പരസ്യ ബോർഡുകൾ അല്ലെങ്കിൽ അതിന്റെ ഘടന ഡിവൈഡറിലോ നടപ്പാതയുള്ള പാർക്കിങ് മേഖലയിലേക്കോ നീണ്ടുനിൽക്കരുത്.
4. സൈൻ ബോർഡുകൾ ട്രാഫിക് സിഗ്നലുകളിൽ നിന്ന് കൃത്യമായ അകലത്തിൽ വേണം.
5. ട്രാഫിക് ലൈറ്റുകൾ പോലുള്ള ഗതാഗത നിയന്ത്രണ സംവിധാനങ്ങളുമായി സാമ്യതയുള്ള പരസ്യ ബോർഡുകൾ സ്ഥാപിക്കരുത്
6. ഏത് സാഹചര്യത്തിലായാലും പരസ്യ ബോർഡുകൾ ഡിവൈഡറുകളിൽ തൂങ്ങിക്കിടക്കുന്ന രൂപത്താലാവരുത്.
7. ദിശ സൂചിപ്പിക്കുന്ന വലിയ ട്രാഫിക് സൈൻ ബോർഡുകളുടെ നിറത്തോട് മത്സരിക്കുന്ന രീതിയിൽ പരസ്യ ചിത്രങ്ങൾക്ക് നിറം നൽകരുത്
8. ട്രാഫിക് സിഗ്നലുകൾ ആണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള റിഫ്ലക്ടറുകൾ പരസ്യ ബോർഡുകളിൽ ഉൾപ്പെടുത്തരുത്
9. റോഡ് സുരക്ഷയെ ബാധിക്കുന്ന സന്ദേശങ്ങൾ ഉൾപ്പെടുത്തരുത്
10. പരസ്യങ്ങൾ വായിക്കാവുന്ന രീതിയിൽ കുറഞ്ഞത് 150 മില്ലീ മീറ്റർ വലിപ്പമുള്ള വ്യക്തമായ അക്ഷങ്ങളിലായിരിക്കണം
11. തിളങ്ങുന്ന പരസ്യങ്ങളാണെങ്കിൽ ചുവപ്പ് നിറത്തിൽ വലിയ രീതിയിൽ പ്രദർശിപ്പിക്കരുത്
12. ഡ്രൈവർമാരുടെ ശ്രദ്ധ തിരിക്കുന്ന വീഡിയോ/ ആനിമേറ്റഡ് ഉള്ളടക്കങ്ങൾ ഉള്ള പരസ്യങ്ങൾക്ക് അംഗീകാരം ലഭിക്കില്ല.
ഇളവുകൾ
1. സർക്കാർ, പൊലീസ് സൂചന ബോർഡുകൾ, ദേശീയ കൊടികൾ
2. നിയന്ത്രണങ്ങൾ, മാർഗ നിർദേശങ്ങൾ അടങ്ങിയ ബോർഡുകൾ
3. നഗരങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സൂചന ബോർഡുകൾ
4. നഗരങ്ങളുടെ പേര്, കെട്ടിടങ്ങളുടെ എണ്ണം, കാർ പാർക്കിങ് നിർദേശങ്ങൾ എന്നിവ ഉൾപ്പെടെ കാൽനടക്കാർക്കും വാഹനങ്ങൾക്കുമുള്ള നിർദേശങ്ങൾ അടങ്ങിയ ട്രാഫിക് സിഗ്നലുകൾ
5. ആർ.ടി.എ/ഡി.എം മറ്റ് പ്രധാന അതോറിറ്റികൾ പുരാവസ്തുക്കൾ, സവിശേഷതകൾ എന്നിവയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സ്ഥാപിക്കുന്ന സൈൻ ബോർഡുകൾ
6. അപകട മുന്നറിയിപ്പ് ബോർഡുകൾ
7. ആഘോഷ പരിപാടികൾക്കായുള്ള അലങ്കാര ബോർഡുകൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

