പ്രതികൂല കാലാവസ്ഥ: ദുബൈ ഗ്ലോബൽ വില്ലേജ് താൽക്കാലികമായി അടച്ചു; ഇന്നു തുറക്കും
text_fieldsഗ്ലോബൽ വില്ലേജ് കവാടം
ദുബൈ: ദിവസവും ആയിരക്കണക്കിന് സന്ദർശകരെത്തുന്ന ദുബൈ ഗ്ലോബൽ വില്ലേജ് ഞായറാഴ്ച താൽക്കാലികമായി അടച്ചു. പ്രതികൂലമായ കാലാവസ്ഥ കാരണം സന്ദർശകരുടെ സുരക്ഷ മുൻനിർത്തിയാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുകൾകൂടി പരിഗണിച്ചാണ് തീരുമാനം. തിങ്കളാഴ്ച വൈകീട്ട് നാലു മുതൽ വീണ്ടും സന്ദർശകരെ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
ഗ്ലോബൽ വില്ലേജ് സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളിലടക്കം ഞായറാഴ്ച രാവിലെ മുതൽ മൂടിക്കെട്ടിയ കാലാവസ്ഥയും തുടർച്ചയായ കാറ്റുമുണ്ടായിരുന്നു. ഗ്ലോബൽ വില്ലേജിലെ വിവിധ രാജ്യക്കാരായ ജീവനക്കാരുടെയും പ്രദർശകരുടെയും സുരക്ഷിതത്വം കൂടി പരിഗണിച്ചാണ് ഒരു ദിവസം സഞ്ചാരികളെ പ്രവേശിപ്പിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. ഗ്ലോബൽ വില്ലേജിന്റെ 26ാമത് എഡിഷന് ഒക്ടോബർ 26നാണ് തുടക്കമായത്. പുതുവത്സരാഘോഷ വേളയിൽ റെക്കോഡ് സന്ദർശകരാണ് വെടിക്കെട്ടും മറ്റു പരിപാടികളും കാണാൻ ഇവിടെയെത്തിയത്. ആറുമാസം നീണ്ടുനിൽക്കുന്ന പ്രദർശനം ഏപ്രിലിലാണ് അവസാനിക്കുക.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

