റോഹിംഗ്യന്‍ വംശഹത്യക്കുപിന്നില്‍ രാഷ്ട്രീയ ബുദ്ധിസം: പ്രഫ. ചേരന്‍ രുദ്രമൂര്‍ത്തി
text_fieldsദുബൈ: ഭരണകൂടവുമായി ഒട്ടിനില്‍ക്കുന്ന രാഷ്ട്രീയ ബുദ്ധിസ്റ്റുകളാണ് മ്യാന്‍മറില്‍ റോഹിംഗ്യര്‍ക്കെതിരെ അതിക്രമങ്ങള്‍ അഴിച്ചുവിടുന്നതെന്ന് പ്രമുഖ സിംഹള ചിന്തകനും കവിയുമായ പ്രഫ. ചേരന്‍ രുദ്രമൂര്‍ത്തി.
അഹിംസയിലൂന്നിയ ദര്‍ശനമാണ് ബുദ്ധിസം മുന്നോട്ടുവെക്കുന്നത്. എന്നാല്‍ ലങ്കയിലും മ്യന്‍മറിലുമെല്ലാം ബുദ്ധിസം ഭരണകൂടവുമായി ചേര്‍ന്ന് നിന്ന് രാഷ്ട്രീയ ബുദ്ധിസമായി രൂപാന്തരം പ്രാപിച്ച് ഹിംസാത്മകമായി മാറിയിരിക്കുകയാണ്. ഇന്ത്യയില്‍ ഹിന്ദുത്വം ചെയ്യുന്നതും ഇതു തന്നെയാണ്. എല്ലാ മതങ്ങള്‍ക്കും ഇത്തരം രൂപാന്തരം സംഭവിക്കുന്നുണ്ട്. മഹത്തായ കലകളും തത്വചിന്തകളും സംഭാവന ചെയ്ത ജര്‍മനിയില്‍ തന്നെയാണ് ഹിറ്റ്ലറും ഉദയമെടുത്തതെന്നും ഓര്‍മിക്കണമെന്ന് ദുബൈയില്‍ ഒ.എന്‍.വി. ഫൗണ്ടേഷന്‍െറ ആഗോള കവിതാ പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം മാധ്യമങ്ങളുമായി സംസാരിക്കവെ ചേരന്‍ ചൂണ്ടിക്കാട്ടി.
മലയാളികളെ പീഡിപ്പിച്ചും കൂട്ടക്കൊല ചെയ്തുമാണ് ലങ്കയില്‍ വംശീയ അതിക്രമങ്ങള്‍ ആരംഭിച്ചത്. പതിറ്റാണ്ടുകളായി തുടരുന്ന വംശഹത്യയില്‍ മനുഷ്യരെ മാത്രമല്ല സംസ്കാരത്തെയും ഭാഷയെയും തുടച്ചുനീക്കാനാണ് ശ്രമം നടക്കുന്നത്. അതിനെതിരായ ചെറുത്തുനില്‍പ്പാണ് താനും മറ്റ് എഴുത്തുകാരും ചെയ്തുപോരുന്നത്. 94 എഴുത്തുകാരും മാധ്യമപ്രവര്‍ത്തകരും കവികളുമാണ് ലങ്കന്‍ സേന, ഇന്ത്യന്‍ സൈന്യം, എല്‍.ടി.ടി.ഇ എന്നിവരുടെ അതിക്രമങ്ങള്‍ക്കിരയായി കൊല്ലപ്പെട്ടതെന്ന് എട്ടുതവണ വധശ്രമങ്ങള്‍ നേരിട്ട ചേരന്‍ പറഞ്ഞു.