ആറുമാസം അഡ്നോക് ഡിസ്ട്രിബ്യൂഷന്റെ ലാഭം 35.8 കോടി ഡോളർ
text_fieldsഅബൂദബി: എമിറേറ്റിലെ ദേശീയ എണ്ണ കമ്പനിയായ അഡ്നോകിന്റെ അനുബന്ധസ്ഥാപനമായ അഡ്നോക് ഡിസ്ട്രിബ്യൂഷൻ ഈ വർഷം ആദ്യ പകുതിയിൽ നേടിയത് 56.6 കോടി ഡോളറിന്‍റെ അറ്റാദായം. കഴിഞ്ഞ വർഷം ഇതേകാലയളവിനെ അപേക്ഷിച്ച് 10 ശതമാനത്തിന്‍റെ വളർച്ചയാണ് രേഖപ്പെടുത്തിയത്. കമ്പനി നേടുന്ന എക്കാലത്തേയും റെകോഡ് വരുമാനമാണ് ഈ വർഷം ആദ്യ പകുതിയിൽ കൈവരിച്ചത്. കമ്പനിയുടെ അറ്റ ലാഭം 35.8 കോടി ഡോളറാണ്.
കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് അറ്റ ലാഭത്തിൽ 12.2 ശതമാനമാണ് വളർച്ച. ആറു മാസത്തിനിടെ കമ്പനി വിതരണം ചെയ്തത് 7.62 ശതകേടി ലിറ്റർ എണ്ണയാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 5.6 ശതമാനം വളർച്ചയാണ് കൈവരിച്ചത്. 2024-28 വളർച്ച നയം വിജയകരമായിരുന്നുവെന്നതിന്‍റെ തെളിവാണ് 2025ലെ ആദ്യ പകുതിയിലെ ലാഭകണക്കുകൾ സൂചിപ്പിക്കുന്നതെന്ന് അഡ്നോക് ഡിസ്ട്രിബ്യൂഷൻ സി.ഇ.ഒ ബദർ സഈദ് അൽ ലംകി പറഞ്ഞു.
പ്രവർത്തന മികവും ഉപഭോക്തൃ കേന്ദ്രീകൃതമായ നവീകരണവുമാണ് ശക്തമായ വളർച്ചക്ക് കാരണം. നൂതന സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തിക്കൊണ്ടും പുതിയ പ്രവർത്തന കാര്യക്ഷമതകൾ തുറന്നിട്ടും ഗുണനിലവാരമുള്ള സേവനം കൂടുതൽ ആളുകളിലേക്ക് എത്തിച്ചും പങ്കാളികൾക്ക് ദീർഘകാല ലാഭം നൽകാൻ കമ്പനി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, എണ്ണയിതര ചെറുകിട ബിസിനസ് രംഗത്തും ശക്തമായ വളർച്ച നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ രംഗത്തെ വളർച്ച 14.9 ശതമാനമാണ്.
അറ്റ ലാഭം 10.4 ശതമാനവും. കൂടാതെ ചെറുകിട മേഖലയിൽ വിപുലീകരണവും വേഗത്തിൽ പുരോഗമിക്കുകയാണ്. ഈ വർഷം ആദ്യ പകുതിയിൽ 47 പുതിയ പെട്രോൾ സ്റ്റേഷനുകളാണ് കമ്പനി തുറന്നത്. ഇതോടെ കമ്പനിയുടെ ആകെ സ്റ്റേഷനുകളുടെ എണ്ണം 940ലെത്തി. സൗദി അറേബ്യയിലാണ് കൂടുതൽ പെട്രോൾ സ്റ്റേഷനുകൾ. ഈ വർഷാവസാനത്തോടെ 70 പുതിയ സ്റ്റേഷനുകൾ കൂടി തുറക്കും. ഇതിൽ 50 സ്റ്റേഷനുകൾ സൗദി അറേബ്യയിലായിരിക്കും. ഈ വർഷം മേയിൽ ഈജിപ്തിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

