അഡ്‌നോക്കും ദുബൈ സപ്ലൈ അതോറിറ്റിയും പ്രകൃതിവാതക വിൽപനക്ക് കരാർ
text_fieldsഅഡ്‌നോക്കും ദുബൈ സപ്ലൈ അതോറിറ്റിയും പ്രകൃതിവാതക വിൽപനക്ക് കരാറിൽ ഒപ്പുവെക്കുന്നത് ശൈഖ് മുഹമ്മദ് ബിൻ സായിദും ശൈഖ് മുഹമ്മദ് ബിൻ റാശിദും വീക്ഷിക്കുന്നു
ദുബൈ: അബൂദബി നാഷനൽ ഓയിൽ കമ്പനിയും (അഡ്നോക്) ദുബൈ സപ്ലൈ അതോറിറ്റിയും പ്രകൃതിവാതക വിൽപന സംബന്ധിച്ച കരാറിൽ ഒപ്പുവെച്ചു. കരാർ പ്രകാരം ദുബൈ ഹസിയാൻ പവർ കോംപ്ലക്‌സിൽ വൈദ്യുതി ഉൽപാദിപ്പിക്കുന്നതിന് അഡ്‌നോക് വാതകം നൽകും. കൽക്കരിക്കുപകരം പ്രകൃതിവാതകം ഉപയോഗിച്ച് വൈദ്യുതി ഉൽപാദിപ്പിക്കാൻ സഹായിക്കുന്ന പദ്ധതിയിലൂടെ കാർബൺ പുറന്തള്ളൽ ഗണ്യമായി കുറയുകയും 2050ഓടെ പൂർണമായും പരിസ്ഥിതി സൗഹൃദ ഊർജമെന്ന യു.എ.ഇയുടെ ലക്ഷ്യത്തിന് മുതൽക്കൂട്ടാവുകയും ചെയ്യും.
യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനും യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും കരാറിൽ ഒപ്പിടുന്നതിന് സാക്ഷ്യംവഹിച്ചു. കരാർ അബൂദബിയും ദുബൈയും തമ്മിലെ ഊർജ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുമെന്നും ബന്ധങ്ങളുടെ ആഴവും പരപ്പും വർധിപ്പിക്കാൻ സഹായിക്കുമെന്നും ദുബൈ സുപ്രീം കൗൺസിൽ ഓഫ് എനർജി ചെയർമാനും സപ്ലൈ അതോറിറ്റി ഡയറക്ടർ ജനറലുമായ ശൈഖ് അഹമ്മദ് ബിൻ സഈദ് ആൽ മക്തൂം പറഞ്ഞു.
രാഷ്ട്രീയ അനിശ്ചിതത്വവും ഊർജ വിലയിലെ ചാഞ്ചാട്ടവും കാരണമായി ലോകമെമ്പാടും പല രാജ്യങ്ങളും കൽക്കരിയിലേക്ക് മടങ്ങുമ്പോൾ, യു.എ.ഇ ഊർജ മേഖലയെ കാർബൺ മുക്തമാക്കാനുള്ള പ്രതിബദ്ധത നിറവേറ്റുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2050ഓടെ കാർബൺ ന്യൂട്രൽ സമ്പദ്‌വ്യവസ്ഥയായി മാറാനും എമിറേറ്റിന്റെ മൊത്തം വൈദ്യുതി 100 ശതമാനവും ശുദ്ധമായ ഊർജ സ്രോതസ്സുകളിൽനിന്ന് ഉൽപാദിപ്പിക്കാനുമാണ് ദുബൈ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

