പ്രതിസന്ധിയിലെ നടപടികൾ വിലയിരുത്തി ഭരണാധികാരികൾ; സേനകളുടെ ജാഗ്രതയെയും കാര്യക്ഷമതയെയും നേതാക്കൾ പ്രശംസിച്ചു
text_fieldsശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനും ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും കൂടിക്കാഴ്ച നടത്തുന്നു
ദുബൈ: യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനും യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും രാജ്യംനേരിട്ട പ്രതിസന്ധിയിൽ സൈനിക-സിവിൽ സ്ഥാപനങ്ങൾ കൈക്കൊണ്ട ഇടപെടലുകൾ വിലയിരുത്തി. സൗഹൃദ സംഭാഷണങ്ങൾ നടന്ന കൂടിക്കാഴ്ചയിൽ യു.എ.ഇയുടെ സ്ഥിരത, സുരക്ഷ, സമൃദ്ധി എന്നിവ തുടർന്നും നിലനിൽക്കട്ടെയെന്ന് നേതാക്കൾ ആശംസിച്ചു.
യു.എ.ഇ പ്രതിസന്ധി മറികടന്നത് സമൂഹ ഐക്യത്തിലൂടെയും സ്ഥാപനങ്ങളുടെ കാര്യക്ഷമതയിലൂടെയുമാണെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. ഇറാനിൽ നിന്നുണ്ടായ ഭീകരാക്രമണശ്രമങ്ങളെ നേരിടുന്നതിൽ സായുധസേനയും സുരക്ഷാസേനകളും കാണിച്ച ജാഗ്രതയെയും കാര്യക്ഷമതയെയും നേതാക്കൾ പ്രശംസിച്ചു. രാജ്യത്തിന്റെ അതിർത്തികളും ജനങ്ങളുടെയും താമസക്കാരുടെയും സുരക്ഷയും ഉറപ്പാക്കുന്നതിൽ ഇവരുടെ പങ്ക് നിർണായകമാണെന്ന് ചൂണ്ടിക്കാട്ടി. പ്രതിസന്ധികളെ ശക്തിയോടെയും ദൃഢനിശ്ചയത്തോടെയും മറികടക്കാൻ യു.എ.ഇക്ക് കഴിഞ്ഞതായി നേതാക്കൾ വ്യക്തമാക്കി. സമൂഹത്തിലെ ഐക്യവും സ്ഥാപനങ്ങളുടെ കാര്യക്ഷമതയും രാജ്യത്തിന്റെ പ്രധാന ശക്തികളാണെന്നും, വെല്ലുവിളികളെ വിജയകരമായി നേരിടാനുള്ള കഴിവ് രാജ്യത്തിനുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
യു.എ.ഇ വൈസ്പ്രസിഡൻറും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ, അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ആൽ നഹ്യാൻ, ദുബൈ ഫസ്റ്റ് ഉപഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനകാര്യമന്ത്രിയുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം തുടങ്ങി പ്രമുഖർ കൂടിക്കാഴ്ചയിൽ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

