അഡിപെക് സമാപിച്ചു; ഉഭയകക്ഷി ബന്ധങ്ങൾക്ക് ‘എണ്ണയിട്ട്’ ഇന്ത്യയും യു.എ.ഇയും
text_fieldsഅബൂദബി: ക്രൂഡോയിൽ മേഖലയിലെ സാധ്യതകളും വെല്ലുവിളികളും ചർച്ച ചെയ്ത് അബൂദബി അന്താരാഷ്ട്ര പെട്രോളിയം പ്രദർശന^സമ്മേളനം (അഡിപെക്) സമാപിച്ചു. ഉൗർജ മേഖലയിൽ വിവിധ രാഷ്ട്രങ്ങൾ തമ്മിലുള്ള നിരവധി കരാറുകൾക്കും ധാരണാപത്രങ്ങൾക്കും നാല് ദിവസത്തെ സമ്മേളനം വേദിയായി. ഇന്ധനമേഖലയിലെ സഹകരണങ്ങൾക്കും സാധ്യതകൾക്കും വാതായനങ്ങൾ തുറന്നിടുന്ന ചർച്ചകളും ശിൽപശാലകളും സംഘടിപ്പിക്കപ്പെട്ടു.
യു.എ.ഇയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വിപുലപ്പെടുത്താനും സമ്മേളനം ഉപകരിച്ചു. കർണാടകയിൽ അബൂദബി നാഷനൽ ഒായിൽ കമ്പനിക്ക് (അഡ്നോക്) ക്രൂഡോയിൽ സംഭരിക്കാൻ അനുമതി നൽകുന്ന പുതിയ കരാറാണ് സമ്മേളനത്തിൽ ഇന്ത്യയെ സംബന്ധിച്ച ഹൈലൈറ്റ്.
1.7 കോടി ബാരൽ സംഭരണശേഷിയുള്ള പഡുർ ക്രൂഡ് ഒായിൽ സംഭരണിയുടെ പകുതി ശേഷി ഉപയോഗപ്പെടുത്താനുള്ള കരാറിലാണ് അഡ്നോകും ഇന്ത്യൻ സ്ട്രാറ്റജിക് പെട്രോളിയം റിസർവ്സും (ഐഎസ്.പി.ആർ.എൽ) ഒപ്പുവെച്ചത്. കർണാടകയിലെ തന്നെ മംഗളുരുവിൽ അഡ്നോക് ക്രൂഡോയിൽ സംഭരിച്ച് വരുന്നുണ്ട്. ഇവിടെ 58.6 ലക്ഷം ബാരലുകൾ സംഭരിക്കാനാണ് കരാർ. പുതിയ കരാറോടെ 1.436 കോടി ബാരലുകൾ ഇന്ത്യയിൽ സംഭരിക്കാൻ യു.എ.ഇക്ക് സാധിക്കും. യു.എ.ഇ മാത്രമേ ഇത്തരത്തിൽ ഇന്ത്യയിൽ ക്രുഡോയിൽ സംഭരിക്കുന്നുള്ളൂ.
ഇരു രാജ്യങ്ങൾക്കും പ്രയോജനകരമായ കരാറാണിത്. രാജ്യത്ത് ആവശ്യമുള്ള എണ്ണയുടെ 80 ശതമാനത്തിലധികം ഇറക്കുമതി ചെയ്യുന്ന ഇന്ത്യക്ക് പണച്ചെലവില്ലാതെ തന്നെ കരുതൽ ശേഖരം ഒരുക്കാം എന്നതാണ് ഇതിലുള്ള നേട്ടം. ഏതെങ്കിലും കാരണത്താൽ ഇന്ത്യയിലേക്കും മറ്റു ഏഷ്യൻ രാജ്യങ്ങളിലേക്കുമുള്ള ഇന്ധന വിതരണത്തിൽ തടസ്സം നേരിടുകയാണെങ്കിൽ ഈ കരുതൽ ശേഖരത്തിൽനിന്ന് എടുത്ത് വിതരണം ചെയ്യാൻ സാധിക്കുമെന്നതാണ് യു.എ.ഇക്ക് ഇതിലുള്ള മെച്ചം. 2040 വരെയുള്ള കാലയളവിൽ ഇന്ത്യയുടെ ഉൗർജ ആവശ്യം മറ്റേതൊരു രാജ്യത്തേക്കാളും കൂടുമെന്ന് അന്താരാഷ്ട്ര ഉൗർജ ഏജൻസി (െഎ.ഇ.എ) പ്രവചിച്ചിട്ടുണ്ട്. 2040ഒാടെ ഇന്ത്യയുടെ ഉൗർജ ഉപഭോഗം മൂന്നിരട്ടിയോളം വർധിച്ച് 60.7 കോടി മെട്രിക് ടൺ ആകുമെന്ന് ഇന്ത്യൻ പെട്രോളിയം^പ്രകൃതി വാതക മന്ത്രി ധർമേന്ദ്ര പ്രധാൻ അഡിപെകിൽ പ്രസ്താവിച്ചിരുന്നു. ഇന്ത്യയുടെ ഉൗർജ ആവശ്യത്തിെൻറ 82 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. ഇതിൽ എട്ട് ശതമാനമാണ് യു.എ.ഇയിൽനിന്ന് ഇറക്കുമതി ചെയ്യുന്നത്.
ഇന്ത്യൻ കമ്പനികളായ ഒായിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപറേഷൻ (ഒ.എൻ.ജി.സി) വിദേശ്, ഇന്ത്യൻ ഒായിൽ കമ്പനി, ഭാരത് പെട്രോ റിസോഴ്സസ് ലിമിറ്റഡ് എന്നിവയുടെ കൺസോർഷ്യത്തിന് അബൂദബിയുടെ ലോവർ സകും എണ്ണപര്യവേക്ഷണ പദ്ധതിയിൽ പത്ത് ശതമാനം ഒാഹരി അനുവദിച്ചുള്ള കരാറും എണ്ണമേഖലയിൽ ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള ശക്തമായ ബന്ധത്തിെൻറ അടയാളമാണ്. 2018 ഫെബ്രുവരിയിലാണ് 220 കോടി ദിർഹത്തിെൻറ ഇൗ സുപ്രധാന കരാറിൽ ഒപ്പുവെച്ചത്. കരാർ പ്രകാരം പദ്ധതിയുടെ 60 ശതമാനം ഒാഹരി അഡ്നോക് കൈവശം വെക്കും. ബാക്കി 30 ശതമാനം മറ്റു അന്താരാഷ്ട്ര കമ്പനികൾക്ക് നൽകും. 2018 മാർച്ച് ഒമ്പത് മുതൽ 40 വർഷത്തേക്കാണ് ഇന്ത്യൻ കമ്പനികളുമായുള്ള കരാറിന് പ്രാബല്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
