അഡിഹെക്സിന് ഇന്ന് തുടക്കം
text_fieldsഅബൂദബി: 22ാമത് അബൂദബി അന്താരാഷ്ട്ര ഹണ്ടിങ് ആന്‍ഡ് ഇക്വേസ്ട്രിയന്‍ എക്സിബിഷന് (അഡിഹെക്സ്) ആഗസ്റ്റ് 30 ശനിയാഴ്ച തുടക്കമാവും. അഡ്നക് സെന്ററില്‍ സപ്തംബര്‍ ഏഴു വരെയാണ് പ്രദർശനം. ഇതുവരെ നടന്നതിൽവെച്ച് ഏറ്റവും വലിയ എക്സിബിഷനാണ് ഇത്തവണത്തേത്. ഫാല്കണ്റി, വേട്ട, കുതിരസവാരി, മല്‍സ്യബന്ധനം, ഔട്ട് ഡൗര്‍ സ്പോര്‍ട്സ് എന്നീ മേഖലകളിലെ ഇമാറാത്തി പൈതൃകവും സംസ്കാരവുമാണ് ആഘോഷിക്കുന്ന വേദിയാണ് അഡിഹെക്സ്.
എല്ലാ ദിവസവും രാവിലെ 11 മുതല്‍ രാത്രി 10 വരെയാണ് പ്രദര്‍ശനം. ഫാല്‍കണുകളുടെ ലേലവും ഒട്ടക ഓട്ടവും കുതിര ഷോകളും അടക്കമുള്ള വ്യത്യസ്തമായ ഒട്ടേറെ പരിപാടികള്‍ ഇത്തവണയും ഒരുക്കിയിട്ടുണ്ട്. 15 മേഖലകളില്‍ നിന്നുള്ള മുന്‍നിര കമ്പനികള്‍ തങ്ങളുടെ നവീന ഉല്‍പ്പന്നങ്ങളും സാങ്കേതികവിദ്യകളും പ്രദര്‍ശിപ്പിക്കുകയും വില്‍ക്കുകയും ചെയ്യും. കൂടാതെ സെമിനാറുകളും ചര്‍ച്ചകളും വിവിധ മല്‍സരങ്ങളും അരങ്ങേറും. 92000 ചതുരശ്ര മീറ്ററിലാണ് ഇത്തവണത്തെ അഡിഹെക്സ് വേദി. മുന്‍ തവണത്തേത്തിനേക്കാള് ഏഴു ശതമാനമാണ് വിസ്തൃതിയാണ് ഇത്തവണ വരുത്തിയത്. പുതിയ 11 രാജ്യങ്ങൾ അടക്കം 68 രാജ്യങ്ങളാണ് ഇത്തവണ അഡിഹെക്സില്‍ പങ്കെടുക്കുക.
ഒട്ടകം, അറേബ്യന്‍ സലൂകി, കത്തികള്‍, സൂഖ് എന്നിങ്ങനെ നാലു പുതിയ മേഖലകള്‍ ഇത്തവണ പ്രദര്‍ശനത്തില്‍ തയ്യാറാക്കിയിട്ടുണ്ട്. ഏറെ ശ്രദ്ധേയമായ നേട്ടങ്ങളും പ്രത്യേകതകളുമായിട്ടാണ് 21ാമത് അബൂദബി അന്താരാഷ്ട്ര ഹണ്ടിങ് ആന്‍ഡ് ഇക്വേസ്ട്രിയന്‍ എക്സിബിഷൻ സമാപിച്ചത്. ഒരു ഗിന്നസ് ലോക റെക്കോർഡ് കൂടി രാജ്യത്തിന് സ്വന്തമാവുകയും ചെയ്തു. ഒട്ടകത്തോൽ കൊണ്ട് 1.95 മീറ്റർ വലുപ്പമുള്ള ഫാൽക്കൺ ഹുഡ് നിർമ്മിച്ചാണ് ഗിന്നസ് ബുക്കിൽ ഇടംപിടിച്ചത്. ഏറ്റവും വലിയ ഫാൽക്കൺ ഹുഡ് എന്ന പ്രത്യേകതയാണ് ഇതിനുള്ളത്. മറ്റൊന്ന് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ ഒട്ടകം ലേലം ആയിരുന്നു. ഓരോ വർഷവും ഫാൽകണുകളെയും ഒട്ടകങ്ങളെയും ഒക്കെ വിറ്റഴിക്കുന്നത് വൻതുകയ്ക്കാണ്. കഴിഞ്ഞതവണ 15 അറേബ്യന്‍ ഒട്ടകങ്ങളെ ലേലത്തില്‍ വിറ്റത് 25 ലക്ഷം ദിര്‍ഹമിനാണ്. ഓട്ടമല്‍സരത്തില്‍ പേരുകേട്ട മികച്ച ബ്രീഡുകളാണ് വൻതുകയ്ക്ക് ലേലത്തില്‍ വിറ്റുപോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

