ആവേശമായി അഡിഹെക്സ് ഇന്ന് കൊടിയിറങ്ങുന്നു
text_fieldsഅബൂദബി: അറബ് ധീരതയുടെയും സാഹസികതയുടെയും അടയാളക്കൊടികൾ പാറിക്കുന്ന പതിനാറാമത് അന്താരാഷ്ട്ര വേട്ട- കുതിരചമയ പ്രദർശനം -അഡിഹെക്സ് ഇന്ന് സമാപിക്കും. 12ന് ആരംഭിച്ച പ്രദർശനം കാണാൻ ആയിരക്കണക്കിനാളുകളാണ് അബൂദബി നാഷനൽ എക്സിബിഷൻ സെൻററിലെത്തിയത്. അത്യാധുനിക വേട്ട ആയുധങ്ങൾ, ആകർഷകവും അതിധീരരുമായ വേട്ടമൃഗങ്ങൾ, കുതിര സവാരി ഉപകരണങ്ങൾ, വാഹനങ്ങൾ, അെമ്പയ്ത് ഉപകരണങ്ങൾ എന്നിവയുടെ അതിനൂതന ശ്രേണിയാണ് ലോകത്തിെൻറ പല ഭാഗങ്ങളിൽ നിന്നുള്ള കമ്പനികൾ എത്തിച്ചത്.
പ്രായം വകവെക്കാതെ ആവേശപൂർവം എത്തിയ വയോധികരും ഫാൽക്കണുകളുടെയും വേട്ടനായ്ക്കളുടെയും പ്രകടനങ്ങൾ ആസ്വദിച്ച് കുട്ടികളും മേളയെ ആഘോഷമാക്കി. ഒട്ടക-കുതിരയോട്ട മത്സരങ്ങളിൽ തൽപരനായ ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മത്കൂം മേള നഗരിയിൽ എത്തിയത് ശ്രദ്ധേയമായി. പുത്തൻ ആയുധങ്ങളുടെയും കുതിര ചമയ വസ്തുക്കളുടെയും വിവരങ്ങൾ ശൈഖ് ഹംദാൻ കൗതുകപുർവം ചോദിച്ചറിഞ്ഞു.
ഇമറാത്തി കരകൗശല വസ്തുക്കളുടെയും വിഭവങ്ങളുടെയും പ്രദർശനവും വിതരണവും മേള നഗരിയിലുണ്ട്. തത്സമയ ചിത്ര രചനയാണ് മറ്റൊരാകർഷണം.
മനംമയക്കുന്ന സുഗന്ധ വസ്തുക്കൾ തയ്യാറാക്കുന്നതിനുള്ള പരിശീലനം നഗരിയാകെ പരിമളം പരത്തി. ലക്ഷക്കണക്കിന് ദിർഹത്തിെൻറ മത്സരങ്ങളാണ് ഒാരോ ദിവസവും മേളയിൽ നടന്നത്.
ഡോ. സുബൈർ മേടമ്മൽ ഇക്കുറിയുമെത്തി
അബൂദബി: പതിവു തെറ്റിച്ചില്ല, കേരളത്തിലെ പ്രാപ്പിടിയൻ വിദഗ്ദൻ ഡോ. സുബൈർ മേടമ്മൽ ഇക്കുറിയും അഡിഹെക്സ് പ്രദർശനത്തിനെത്തി. കാലിക്കറ്റ് സർവ്വകലാശാല ജന്തുശാസ്ത്ര വിഭാഗത്തിൽ അസിസ്റ്റൻറ് പ്രഫസറായ ഡോ. സുബൈർ ഇത് പതിനാറാം തവണയാണ് മേളയിൽ പെങ്കടുക്കുന്നത്. രണ്ടു പതിറ്റാണ്ടിലേറെയായി ഫാൽക്കൺ പക്ഷികളെ കുറിച്ച് പഠനം നടത്തുന്ന ഇദ്ദേഹം ബയോളജി ആൻഡ് ബിഹേവിയർ ഓഫ് ഫാൽക്കൺസ് എന്ന പുസ്തകവും ,ഫാൽക്കൺസ് ആൻഡ് ഫാൽക്കണറി ഇൻ മിഡിൽ ഇൗസ്റ്റ് എന്ന ഡോക്യുമെൻററിയും തയ്യാറാക്കിയിട്ടുണ്ട്.
എമിറേറ്റ് ഫാൽക്കൺ ക്ലബ്ബിലെ അറബ് വംശജനല്ലാത്ത ഏക അംഗമാണ് താനെന്ന് സുബൈർ പറഞ്ഞു. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ ഫാൽക്കൺ കോൺഫറൻസുകളിൽ പങ്കെടുക്കാറുണ്ട്. വർഷങ്ങൾക്ക് മുൻപ് ജന്തുശാസ്ത്ര മേഖലയിലെ ജോലി തേടി അബൂദബിയിൽ എത്തിയവേളയിൽ അൽഖസ് നയിലുള്ള ഫാൽക്കൺ ഗവേഷണ ആശുപത്രിയിൽ ജോലി അന്വേഷിച്ചെങ്കിലും യോജിച്ച ജോലിയില്ലെന്നതിനാൽ ജർമ്മൻകാരനായ ആശുപത്രി മേധാവി മടക്കുകയായിരുന്നു. ഇൗ സംഭവമാണ് ഫാൽക്കൺപക്ഷികളെ കുറിച്ച് വിശദമായി പഠന ഗവേഷണം നടത്തി ഡോക്ടറേറ്റ് എടുക്കുന്നതിലേക്ക് നയിച്ചത്. ഫാൽക്കൺപക്ഷികളുടെ 15 തരം ശബ്ദങ്ങൾ റെക്കോഡ് ചെയ്തിട്ടുണ്ട്.
മലപ്പുറം തിരൂർ വാണിയന്നൂർ മേടമ്മൽ കുഞ്ഞൈദ്രു ഹാജിയുടെയും ,കെ ബി ഫാത്തിമയുടെയും മകനാണ്. വളവന്നൂർ ബാഫഖി യതീംഖാന ഹയർസെക്കൻഡറി സ്കൂൾ പ്ലസ് ടു അധ്യാപിക സജിതയാണ് ഭാര്യ. ആദിൽസുബൈർ , അമൽ സുബൈർ, അൽഫ സുബൈർ എന്നിവർ മക്കളാണ് .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
