'അഡിഹെക്‌സ്' പൈതൃക സംരക്ഷണ പ്രദര്‍ശനത്തിന് ഉജ്ജ്വല തുടക്കം
text_fieldsഅബൂദബി നാഷനല്‍ എക്‌സിബിഷന്‍ സെന്‍ററില്‍ ആരംഭിച്ച അഡിഹെക്‌സ്-2022 പ്രദര്‍ശനത്തിൽനിന്ന്
അബൂദബി: പശ്ചിമേഷ്യയിലെയും ആഫ്രിക്കയിലെയും ഏറ്റവും വലിയ വേട്ട, കുതിരസവാരി, പൈതൃക സംരക്ഷണ പ്രദര്‍ശനമായ അബൂദബി ഇന്‍റര്‍നാഷനല്‍ ഹണ്ടിങ് ആൻഡ് ഇക്വേസ്ട്രിയന്‍ എക്‌സിബിഷന് (അഡിഹെക്‌സ്-2022) ഉജ്ജ്വല തുടക്കം. അബൂദബി നാഷനല്‍ എക്‌സിബിഷന്‍ സെന്‍ററില്‍ ആരംഭിച്ച പ്രദര്‍ശനം ഏഴുദിവസം നീളും. വേട്ടപ്പക്ഷികള്‍, സലൂക്കി, പൊലീസ് നായ്ക്കള്‍, കുതിരകള്‍, ഒട്ടകങ്ങള്‍, മറ്റ് മൃഗങ്ങള്‍ എന്നിവയെ പ്രദര്‍ശനത്തിനെത്തിച്ചിട്ടുണ്ട്.
അഡിഹെക്‌സ്-2022 പ്രദര്‍ശനം കാണാനെത്തിയവർ
പ്രദര്‍ശനമേളയുടെ ഭാഗമായി ഒട്ടേറെ ലൈവ് പരിപാടികളാണ് വേദിയില്‍ അരങ്ങേറുന്നത്. ധാബിയന്‍ ഇക്വസ്ട്രിയന്‍ ക്ലബ്, ബൂദൈബ് ഇക്വസ്ട്രിയന്‍ അക്കാദമി, അബൂദബി പൊലീസ്, അല്‍ഐന്‍ സൂ, ഫാത്തിമ ബിന്‍ത് മുബാറക് ലേഡീസ് സ്‌പോര്‍ട്‌സ് അക്കാദമി എന്നിവയുടെ പങ്കാളിത്തത്തോടെ നിരവധി വിനോദ പരിപാടികളാണ് അഡിഹെക്‌സ്-2022 വേദിയില്‍ അവതരിപ്പിക്കുന്നത്. അറേബ്യന്‍ സലൂക്കി സൗന്ദര്യമത്സരം, കുതിര, ഫാല്‍ക്കണ്‍ ലേലം, അറേബ്യന്‍ കുതിര സൗന്ദര്യ മത്സരം, പൊലീസ് നായ്ക്കളുടെ അഭ്യാസം എന്നിവക്കുപുറമേ അല്‍ഐന്‍ മൃഗശാലയില്‍ നിന്നെത്തിക്കുന്ന വേട്ടപ്പക്ഷികളായ ഫാല്‍ക്കണുകള്‍, കഴുകന്മാര്‍ തുടങ്ങിയവയും മേളയിലെ ആകര്‍ഷണങ്ങളാണ്.
ധാബിയന്‍ ഇക്വസ്ട്രിയന്‍ ക്ലബ് സന്ദര്‍ശകര്‍ക്കായി കുതിരയോട്ട പരിശീലനവും നല്‍കും. മേഖലയിലെ ആദ്യത്തെ ഒട്ടകസവാരി പരിശീലന സ്ഥാപനമായ അറേബ്യന്‍ ഡെസര്‍ട്ട് റൈഡിങ് സെന്‍ററും മേളയില്‍ ഒട്ടകയോട്ടം, ഒട്ടകയോട്ട അമ്പെയ്ത്ത് എന്നിവ പ്രദര്‍ശിപ്പിക്കും. എമിറേറ്റ്‌സ് ഹെറിറ്റേജ് ക്ലബ് സന്ദര്‍ശകര്‍ക്ക് ഒട്ടക സവാരിയില്‍ പരിശീലനം നല്‍കും. ജനപ്രിയമായതും പരമ്പരാഗതവുമായ കളികളും ക്ലബ് സന്ദര്‍ശകര്‍ക്കായി അവതരിപ്പിക്കും. അബൂദബി നാഷനല്‍ എക്‌സിബിഷന്‍ സെന്‍ററില്‍ നടക്കുന്ന 'അഡിഹെക്‌സ്-2022'ല്‍ 58 രാജ്യങ്ങളില്‍നിന്നായി 900ത്തിലേറെ പ്രദര്‍ശകരാണ് പങ്കെടുക്കുന്നത്. 60,000 ചതുരശ്രമീറ്ററിലേറെയാണ് പ്രദര്‍ശനവേദിയുടെ വിസ്തൃതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

