റമദാനിൽ നടപടി ശക്തം; രണ്ടാഴ്ചക്കിടെ ദുബൈയിൽ പിടിയിലായത് 37 യാചകർ
text_fieldsദുബൈ പൊലീസ് പിടികൂടിയ യാചകർ
ദുബൈ: റമദാൻ രണ്ടാഴ്ച പിന്നിടുമ്പോൾ ദുബൈയിൽ പിടിയിലായത് 37 യാചകർ. ദുബൈ പൊലീസിന്‍റെ ഭാഗമായ സസ്പീഷ്യസ് പേഴ്സൺസ് ആൻഡ് ക്രിമിനൽ ഫെനോമിന ഡിപാർട്ട്മെന്റ് നടത്തിയ പരിശോധനയിലാണ് കൂടുതൽ യാചകർ പിടിയിലായത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണ് അറസ്റ്റിലായവർ.
‘യാചനയില്ലാത്ത അവബോധമുള്ള സമൂഹം’ എന്ന തലക്കെട്ടിന് കീഴിൽ ദുബൈ പൊലീസ് റമദാനിൽ ആരംഭിച്ച ഭിക്ഷാടനത്തിനെതിരായ ക്യാമ്പയിനിന്റെ ഭാഗമായി എമിറേറ്റിലുടനീളമുള്ള വിവിധ പൊലീസ് സ്റ്റേഷനുകളുമായി സഹകരിച്ചായിരുന്നു പരിശോധന. ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫേഴ്സ്, ഇസ്ലാമിക് അഫേഴ്സ് ആൻഡ് ചാരിറ്റബ്ൾ ആക്ടിവിറ്റീസ് ഡിപാർട്ട്മെന്റ് തുടങ്ങിയ അതോറിറ്റികളും ഭിക്ഷാടനം തടയുന്ന നീക്കത്തിൽ പൊലീസുമായി സഹകരിക്കുന്നുണ്ട്. യാചനക്കെതിരെ സമൂഹത്തിൽ അവബോധം വളർത്തുക, രാജ്യത്തിന്‍റെ പരിഷ്കൃത മുഖം കാത്തുസൂക്ഷിക്കുക തുടങ്ങിയവയാണ് ലക്ഷ്യം.
വിവിധ അതോറിറ്റികളുമായി കൈകോർത്ത് നടത്തിയ യാചന വിരുദ്ധ ക്യാമ്പയ്ൻ റമദാനിൽ വൻ വിജയമാണെന്ന് സസ്പീഷ്യസ് പേഴ്സൺസ് ആൻഡ് ക്രിമിനൽ ഫെനോമിന ഡിപാർട്ട്മെന്റ് ഡയറക്ടർ ബ്രിഗേഡിയർ അലി സലിം അൽ ശംസി പറഞ്ഞു. പിടിയിലായവർക്കെതിരെ സ്വീകരിച്ച ശക്തമായ നിയമ നടപടികൾ മൂലം യാചകരുടെ എണ്ണം വർഷാ വർഷം കുറയുന്നതായാണ് കണക്കുകൾ.
യാചകരുടെ രീതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നതായും ഇതിൽ നിന്ന് സമൂഹത്തെ സംരക്ഷിക്കുന്നതിന് ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നതായും അദ്ദേഹം പറഞ്ഞു. റമദാനിൽ ജനങ്ങളുടെ സഹാനുഭൂതിയും അനുകമ്പയും ചൂഷണം ചെയ്താണ് ഭിക്ഷാടകർ അനധികൃതമായി പണം സമ്പാദിക്കുന്നത്. ഇതിനായി നിരവധി രീതികളും അവർ സ്വീകരിക്കുന്നുണ്ട്.
കുട്ടികളേയും സ്ത്രീകളേയും നിശ്ചയദാർഢ്യ വിഭാഗങ്ങളേയുമാണ് പലപ്പോഴും ഭിക്ഷാടന മാഫിയകൾ ഉപയോഗിക്കുന്നത്. ജനങ്ങളുടെ അനുകമ്പ പിടിച്ചുപറ്റാനാണ് ഇത് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭാവനകൾ യഥാർഥ ഗുണഭോക്താക്കൾക്ക് തന്നെയാണ് ലഭിക്കുന്നതെന്ന് എമിറേറ്റിലെ ജീവകാരുണ്യ സംഘടനകളും സ്ഥാപനങ്ങളും ഉറപ്പുവരുത്തണം. അതോടൊപ്പം സംഭാവനകൾ ഔദ്യോഗിക മാർഗങ്ങളിൽ കൂടി മാത്രം നൽകാൻ ശ്രമിക്കണമെന്ന ജനങ്ങളോടും അധികൃതർ അഭ്യർഥിച്ചു. യാചന ശ്രദ്ധയിൽപ്പെട്ടാൽ 901എന്ന ടോൾ ഫ്രീ നമ്പറിലോ ദുബൈ പൊലീസ് ആപ്പിലെ ‘പൊലീസ് ഐ’ സർവിസിലോ അറിയിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

