രാസപദാര്‍ഥങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധ അനിവാര്യം –ഷാര്‍ജ പൊലീസ്
text_fieldsഷാര്‍ജ: ശുചിമുറിയില്‍ സുരക്ഷാമാനദണ്ഡങ്ങള്‍ തെല്ലും പാലിക്കാതെ, വാച്ച്മാന് ഒഴിച്ച ആസിഡ് ശ്വസിച്ച് രണ്ട് ഏഷ്യന്‍ തൊഴിലാളികള്‍ അവശരായി. ഷാര്‍ജയുടെ ഉപനഗരമായ അല്‍ ദൈദിലാണ് അപകടം നടന്നത്. അപകടത്തില്‍പ്പെട്ട തൊഴിലാളികൾക്ക് ദൈദ് ആശുപത്രിയില്‍ ചികിത്സ നല്കി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് അറിയുന്നത്. ശുചിമുറികള്‍ വൃത്തിയാക്കുവാനും മാലിന്യം ഒഴുകി പോകുന്ന പൈപ്പിലെ തടസം നീക്കുവാനുമാണ് സള്‍ഫ്യൂരിക് ആസിഡ് മുതലായവ ഒഴിക്കാറുള്ളത്.
അലുമിനിയം ഫോസ്ഫൈഡ് ഒഴിവാക്കുക
പ്രവാസികള്‍ക്കിടയില്‍ ‘ബോംബ്’ എന്ന അപരനാമത്തില്‍ അറിയപ്പെടുന്നതും അപകടകാരിയുമായ രാസവസ്തുവാണ് അലുമിനിയം ഫോസ്ഫൈഡ്. മുട്ടകളെയും മറ്റ് കീടങ്ങളെയും തുരത്തുവാനാണ് ഈ ബോംബ് ഗുളികകള്‍ പ്രവാസികള്‍ ഉപയോഗിക്കാറ്.
എന്നാല്‍ പോയ വര്‍ഷങ്ങളില്‍ നിരവധി പേരുടെ മരണത്തിന് ഇതിെൻറ തെറ്റായ ഉപയോഗം വഴിവെച്ചിരുന്നു. സ്വന്തം മുറിയില്‍ ഉപയോഗിക്കുമ്പോള്‍ ചില്ലര്‍ സംവിധാനങ്ങള്‍ വഴിയും മറ്റും സമീപത്തെ മുറികളിലേക്ക് ഇതിെൻറ വാതകം കടന്ന് ചെല്ലും. ബോംബ് ഉപയോഗിച്ച മുറി വായുപോലും പുറത്ത് പോകാത്ത രീതിയില്‍ ബന്ധിപ്പിച്ചാണ് ആളുകള്‍ പുറത്ത് പോകുക. വെള്ളവുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചാണ് അലുമിനിയം ഫോസ്ഫൈഡ് മാരകമായ വാതകം പുറത്ത് വിടുക.
കീടങ്ങളെ ശ്വാസം മുട്ടിച്ച് കൊല്ലുന്നതാണ് ഇതിെൻറ രീതി. മനുഷ്യരെയും മൃഗങ്ങളെയും സമാന രീതിയില്‍ കൊല്ലുവാന്‍ ഇവക്ക് കഴിയും. എന്നാല്‍ തൊട്ടടുത്ത മുറിയിലെ അപകടം അറിയാതെ അടുത്ത ഫ്ളാറ്റുകളില്‍ കഴിയുന്നവരുടെ പ്രാണവായുവില്‍ ഇതിെൻറ വിഷം കലരുകയും അബോധാവസ്ഥയിലാകുകയും ചെയ്യുന്നു. അനധികൃത പെസ്റ്റ് കണ്ട്രോള് കമ്പനികളാണ് ബോംബ് ഉപയോഗിക്കുന്നതില്‍ മുന്നില്‍. സാമ്പത്തിക ലാഭം നോക്കി പ്രവാസികള്‍ നേരിട്ടും ഇത് ഉപയോഗിക്കാറുണ്ട്. അജ്മാനിലും ഷാര്‍ജയിലും നിരവധി അപകടങ്ങളാണ് പോയവര്‍ഷങ്ങളില്‍ ഇതുവഴി ഉണ്ടായത്.
ബോംബ് ഉപയോഗം മൂലം തൊട്ടടുത്ത ഫ്ളാറ്റിലെ കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ മലയാളികള്‍ കേസിലായതും ലക്ഷങ്ങള്‍ നഷ്ടപരിഹാരം കൊടുത്ത് അവരെ മോചിപ്പിച്ചതും പഴയ കഥയല്ല. കീടങ്ങളെ തുരത്തുവാന്‍ ലൈസന്‍സുള്ള അംഗീകൃത കമ്പനികള്‍ നിരവധിയുണ്ട്. ഇവയിലെ പരിശീലനം ലഭിച്ച തൊഴിലാളികളെ ഉപയോഗിച്ച് വേണം കീടനിയന്ത്രണം നടത്താനെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
എന്നാല്‍ സാന്ദ്രത കൂടിയ ആസിഡ് വായുമണ്ഡലത്തില്‍ പെട്ടെന്ന് കലരുകയും ഓക്സിജെൻറ അളവ് കുറക്കുകയും ചെയ്യുന്നത് പരിസരത്ത് നില്‍ക്കുന്നവര്‍ക്ക് ശ്വാസതടസം ഉണ്ടാക്കുവാനും ഉപയോഗിക്കുന്നവരുടെ കൈകളും മറ്റും പൊള്ളാനും കാരണമാകുന്നു. ദൈദിലെ താമസ കെട്ടിടത്തിലെ ശുചിമുറിയില്‍ തൊഴിലാളികള്‍ കയറിയതും ആസിഡ് ഉപയോഗിച്ചതും ഏതാണ്ട് ഒരേസമയത്ത് ആയതാണ് അപകടം വിതച്ചതെന്നാണ് സൂചന. മറ്റുതൊഴിലാളികളുടെ രക്ഷാപ്രവര്‍ത്തനവും പൊലീസിെൻറ ജാഗ്രതയുമാണ് തുണയായത്.
അവശരായ തൊഴിലാളികളെ കൂടെ പ്രവര്‍ത്തിക്കുന്നവര്‍ വലിച്ച് പുറത്തെത്തിക്കുകയും അപകടം അറിഞ്ഞെത്തിയ പൊലീസ് ഇവരെ ഉടനെ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. ഏതുതരം രാസ വസ്തുക്കള്‍ ഉപയോഗിക്കുമ്പോളും സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് പൊലീസ് നിര്‍ദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.