അപകടം വര്‍ധിച്ചു; ഡെലിവറി ബൈക്കുകള്‍ക്ക് അബൂദബിയിലെ ഹൈവേകളില്‍ വിലക്ക്
text_fieldsഅബൂദബി: ഡെലിവറി ബൈക്കുകള്‍ അപകടത്തില്‍പ്പെടുന്നത് വര്‍ധിച്ച സാഹചര്യത്തില്‍ അബൂദബിയിലെ പ്രധാന ഹൈവേകളില്‍ വിലക്കേര്‍പ്പെടുത്തി. സുരക്ഷ ശക്തമാക്കുന്നതിന്‍റെ ഭാഗമായി മണിക്കൂറില്‍ 120 കിലോമീറ്ററോ അതില്‍ കൂടുതലോ വേഗതയുള്ള റോഡുകളിലാണ് ഡെലിവറി മോട്ടോര്‍ സൈക്കിളുകള്‍ക്ക് നിരോധനം.
റൈഡര്‍മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ അബൂദബി മൊബിലിറ്റിയുടെ ഇന്‍റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്‍റര്‍ (ഐ.ടി.സി) ആണ് നിയന്ത്രണം പ്രഖ്യാപിച്ചത്. നഗരത്തിലെ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ സ്ട്രീറ്റില്‍ ശൈഖ് സായിദ് പാലം മുതല്‍ ശൈഖ് സായിദ് ടണല്‍ വരെയുള്ള ഭാഗത്തും നിയന്ത്രണം ബാധകമാണ്. പുതിയ നിയമപ്രകാരം മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയുള്ള റോഡുകളില്‍ ഡെലിവറി ബൈക്കുകള്‍ വലതുവശത്തെ ട്രാക്കിലൂടെ മാത്രമേ സഞ്ചരിക്കാവൂ.
അബൂദബിയില്‍ മൊത്തത്തിലുള്ള റോഡ് അപകട മരണങ്ങള്‍ കുറയുമ്പോഴും ഡെലിവറി റൈഡര്‍മാര്‍ക്കിടയിലെ മരണനിരക്കും ഗുരുതര പരിക്കുകളും വര്‍ധിക്കുന്നതായി ട്രാഫിക് വിവരങ്ങളും ഫീല്‍ഡ് പഠനങ്ങളും വ്യക്തമാക്കുന്നു. ഇതേത്തുടര്‍ന്നാണ് നടപടി. 2025ലെ റോഡപകട മരണങ്ങളില്‍ 2023നെ അപേക്ഷിച്ച് ആറ് ശതമാനം കുറവുണ്ടായെങ്കിലും ഡെലിവറി റൈഡര്‍മാരെ ബാധിക്കുന്ന മാരകമായ അപകടങ്ങള്‍ ഉയര്‍ന്നുതന്നെയാണ് നില്‍ക്കുന്നത്.
2023നും 2025നും ഇടയില്‍ ഡെലിവറി ബൈക്കുകള്‍ ഉള്‍പ്പെട്ട 72 ഗുരുതര അപകടങ്ങളാണ് രേഖപ്പെടുത്തിയത്. ഡെലിവറി റൈഡര്‍മാര്‍ ദിവസേന സഞ്ചരിക്കുന്ന ആകെ ദൂരത്തിന്‍റെ അഞ്ച് ശതമാനത്തില്‍ താഴെ മാത്രമാണ് ഇത്തരം ഹൈവേകള്‍ ഉപയോഗിക്കുന്നതെങ്കിലും റൈഡര്‍മാരുടെ മരണങ്ങളില്‍ 22 ശതമാനവും സംഭവിക്കുന്നത് മണിക്കൂറില്‍ 120 കിലോമീറ്ററോ അതില്‍ കൂടുതലോ വേഗതയുള്ള റോഡുകളിലാണെന്ന് ഐ.ടി.സി പഠനങ്ങള്‍ വ്യക്തമാക്കുന്നു.
റോഡ് ഉപയോക്താക്കളുടെ ജീവന്‍ സംരക്ഷിക്കുന്നതിനാണ് തങ്ങള്‍ പ്രഥമ പരിഗണന നല്‍കുന്നതെന്ന് ഇന്‍റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്‍റര്‍ ആക്ടിങ് ഡയറക്ടര്‍ ജനറല്‍ ഡോ. അബ്ദുല്ല ഹമദ് അല്‍ ഗഫ്‌ലി പറഞ്ഞു. ഡെലിവറി മേഖലയിലെ സേവനങ്ങള്‍ കാര്യക്ഷമമായി തുടരുന്നതിനൊപ്പം റൈഡര്‍മാരുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി കമ്പനികളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതിയ നിയന്ത്രണങ്ങളുടെ ഭാഗമായി റൈഡര്‍ സ്റ്റേഷനുകള്‍ പുനക്രമീകരിക്കാനും യാത്രാദൂരം കുറയ്ക്കാനും താമസമേഖലകളില്‍ പരിസ്ഥിതി സൗഹൃദ ഗതാഗത മാര്‍ഗങ്ങള്‍ വ്യാപിപ്പിക്കാനും ഐ.ടി.സി. പദ്ധതിയിടുന്നുണ്ട്. ബദല്‍ റൂട്ടുകള്‍ ഉപയോഗിക്കുന്നത് വഴി ഡെലിവറി സമയത്തില്‍ വലിയ മാറ്റമുണ്ടാകില്ലെന്നും യാത്രാസമയത്തില്‍ ശരാശരി നാല് മുതല്‍ ഏഴ് മിനിറ്റ് വരെ മാത്രമേ വര്‍ധനവ് ഉണ്ടാകൂ എന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.
റൈഡര്‍മാര്‍ക്ക് വിശ്രമിക്കാനും ഉഷ്ണതരംഗത്തില്‍ നിന്ന് രക്ഷനേടാനുമായി പ്രത്യേക വിശ്രമകേന്ദ്രങ്ങളും അതോറിറ്റി ഒരുക്കിയിട്ടുണ്ട്. വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതോടൊപ്പം അപകടങ്ങള്‍ കുറയ്ക്കുന്നതിനുമായി നടപ്പിലാക്കുന്ന 'ഡെലിവറി റൈഡേഴ്‌സ് സേഫ്റ്റി' പ്രോഗ്രാമിന്‍റെ ഭാഗമായാണ് ഈ പുതിയ സുരക്ഷാ നടപടികള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

