ഷാർജയിൽ അവധി ദിനങ്ങളിൽ അപകടം കുറഞ്ഞു
text_fieldsഷാർജ: ഈദ് അവധി ദിവസങ്ങളിൽ എമിറേറ്റിൽ റോഡ് അപകടങ്ങളിൽ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഷാർജ പൊലീസ്. ഗുരുതരമായ രണ്ട് അപകടങ്ങൾ മാത്രമാണ് ഈദ് അവധി ദിവസങ്ങളിൽ രേഖപ്പെടുത്തിയത്. ഷാർജ പൊലീസിന്‍റെ ഓപറേഷൻ റൂമിന് ഏപ്രിൽ 29 മുതൽ മേയ് എട്ടുവരെ 42,042 ഫോൺ കാളുകൾ ലഭിച്ചിട്ടുണ്ട്. അതിൽ 999 എന്ന എമർജൻസി നമ്പറിലൂടെ 39,008 ഫോൺ കാളുകളും 901 എന്ന നമ്പറിലൂടെ 3,034 നോൺ എമർജൻസി കാളുകളും ലഭിച്ചു -പൊലീസ് അറിയിച്ചു. പള്ളികൾ, വാണിജ്യ കേന്ദ്രങ്ങൾ, പാർക്കുകൾ എന്നിവിടങ്ങളിൽ പൊലീസിന്‍റെ വിവിധ ടീമുകൾ നടത്തിയ പരിശോധനകളാണ് അവധി ദിനങ്ങളിൽ സുരക്ഷ ഉറപ്പാക്കാൻ സഹായിച്ചതെന്ന് പൊലീസ് ഓപറേഷൻസ് ഡിപ്പാർട്ട്മെന്‍റ് ഡയറക്ടർ കേണൽ ജാസിം ബിൻ ഹദ്ദ അൽ സുവൈദി പറഞ്ഞു. ട്രാഫിക് സുരക്ഷ നടപടിക്രമങ്ങൾ ഡ്രൈവർമാരും കാൽനടയാത്രക്കാരും പാലിച്ചതിനാലാണ് പൊലീസിന്‍റെ ആസൂത്രണം വിജയിക്കാനും അപകടങ്ങളുടെ എണ്ണം കുറക്കാനും സഹായിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തെരുവുകളിലും പ്രധാന റോഡുകളിലും ഉൾറോഡുകളിലും കനത്ത ഗതാഗതക്കുരുക്കുണ്ടായിട്ടും കുറഞ്ഞ അപകടങ്ങൾ മാത്രമാണുണ്ടയതെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

