ആരോഗ്യമുള്ള പുലരി സമ്മാനിച്ച് അജ്മാൻ ഫജര്‍ ക്ലബ്ബ്
text_fieldsപ്രവാസികളുടെ ആകസ്മിക മരണങ്ങള് പലപ്പോഴും വലിയ ചര്‍ച്ചയാകാറുണ്ട്. ഇത്തരം മരണങ്ങള്‍ക്ക് പിന്നിലെ പ്രധാന കാരണങ്ങളിൽ ഒന്ന് ഹൃദയാഘാതങ്ങളാണ്. പ്രവാസികളിലെ ഹൃദയാഘാതങ്ങള്‍ക്ക് വലിയ കാരണങ്ങളാകുന്നത് ജീവിത ശൈലീ രോഗങ്ങളാണ് എന്നാണു ആരോഗ്യ രംഗത്തെ വിദഗ്ദര്‍ വിലയിരുത്തുന്നത്. ജോലി സംബന്ധമായ തിരക്കും പലവിധ ഗൃഹവിരഹ ദുഃഖങ്ങളും സദാ അലട്ടിക്കൊണ്ടിരിക്കുന്ന പ്രവാസികളില്‍ അധികപേരും സ്വന്തം ജീവനെപ്പറ്റി ചിന്തിക്കുന്നില്ല. ഭക്ഷണശീലങ്ങള്‍, വ്യായാമമില്ലായ്മ എന്നിവയാണ് പ്രവാസികളെ വിവിധങ്ങളായ ജീവിത ശൈലീ രോഗങ്ങള്‍ക്ക് അടിമകളാക്കുന്നത്.
ഇത് പലപ്പോഴും പ്രവാസ ലോകത്ത് ചർച്ചയാകാറുണ്ട് എങ്കിലും പ്രവൃത്തിയിലേക്ക് വരാറില്ല എന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ ഇനിയും ഇങ്ങനെ മുന്നോട്ട് പോയാല്‍ പോരാ എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തില്‍ അജ്മാനിലെ ഏതാനും ചെറുപ്പക്കാര്‍ മുന്‍കൈയെടുത്ത് തുടങ്ങിയ സംരംഭമാണ് അജ്മാനിലെ ഫജ്ര്‍. പ്രവാസി യുവാക്കളെ അതിരാവിലെ എഴുന്നേല്‍പ്പിച്ച് തുറസ്സായ പാര്‍ക്കുകളിലും ബീച്ചിലും എത്തിച്ച് വ്യായാമം പരിശീലിപ്പിക്കുക എന്ന മഹത്തായ പ്രവൃത്തി.
ഈ പുലരികളെ മനോഹരമാക്കുന്ന ഈ യജ്ഞത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് അജ്മാനിലെ മലപ്പുറം ജില്ല കെ.എം.സി.സിയാണ്. അതിരാവിലെ ഫജര്‍ നമസ്കാരത്തോട് കൂടി ആരംഭിക്കുന്ന ഹെല്‍ത്ത് ഈസ് വെല്‍ത്ത് ക്യാമ്പയിന് അജ്മാനിലെ സഫിയ പാര്‍ക്കിലാണ് നടക്കുന്നത്. വിവിധങ്ങളായ വ്യായാമങ്ങള്‍ക്ക് രണ്ട് മണിക്കൂറോളം സമയം കണ്ടെത്തും. ബാക്കിയുള്ള സമയം കുടുംബത്തിന് വേണ്ടി ചിലവഴിക്കുമ്പോള്‍ രാവിലെ ചെറിയ സമയം സ്വന്തത്തിന് വേണ്ടി മാറ്റിവെക്കുക എന്ന സുചിന്ത പ്രവാസികളുടെ മനസ്സിലേക്ക് ഇട്ടുകൊടുത്തത് നല്ല പ്രതികരണമായി മാറിയതാണ് ഫജര്‍ ക്ലബ്ബിന്റെ മികവ്.
ജീവിതത്തിന്റെ നാനാ തുറകളിലുള്ള പ്രവാസികള്‍ ഈ കൂട്ടായ്മയുടെ ഭാഗമാകുന്നുണ്ട്. പുഞ്ചിരിയോടെ ജീവിതത്തെ വരവേല്‍ക്കാനും ശരീരത്തിന്റെ ഊർജം നിലനിര്‍ത്താനും മികച്ച മാതൃകയാണ് ഫജര്‍ ക്ലബ്ബ്. ആഴ്ചയിലെ പ്രവൃത്തി ദിനങ്ങളില്‍ അജ്മാനിലെ സഫിയ പാര്‍ക്കിലും വാരാന്ത്യത്തില്‍ ഉമ്മുല്‍ ഖുവൈനിലെ ബീച്ചിലുമാണ് ഇപ്പോള്‍ ഫജ്ര്‍ ക്ലബ്ബിന്റെ പ്രവര്‍ത്തന മേഖല.
വാരാന്ത്യത്തില്‍ ആദ്യം വ്യായാമം പിന്നെ കടലില്‍ വിസ്തരിച്ചൊരു കുളി അതോടൊപ്പം ചെറിയൊരു ഭക്ഷണവും ഒരുക്കിയാണ് ഫജര്‍ ക്ലബ്ബ് പ്രവാസി സമൂഹത്തില്‍ പുഞ്ചിരി വിടര്‍ത്തുന്നത്. മന്‍സൂര്‍ കൂട്ടിലങ്ങാടി, ഇസ്മയില്‍ എളമഠം,മുസ്തഫ കാരത്തോട്. നാസർ പന്താവൂർ, മുനീർ, നൗഫല്‍ തങ്ങൾ തുടങ്ങിയവരാണ് ഫജര്‍ ക്ലബ്ബിനെ മുന്നോട്ട് നയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

