അപകടമരണം; അൽ ഫായ മരുഭൂമി അടച്ചു
text_fieldsഷാർജ: അപകടത്തിൽ യുവാവ് മരിച്ചതിനെ തുടർന്ന് ഷാർജയിലെ അൽ ഫായ മരുഭൂമിയിലേക്ക് പ്രവേശനം താൽക്കാലികമായി തടഞ്ഞു. മരുഭൂമിയിലെ മണൽ കൂനയിൽ റൈഡിങ്ങിനിടെ വാഹനം അപകടത്തിൽപെട്ട് ഏഷ്യക്കാരനായ 18കാരൻ വെള്ളിയാഴ്ച മരിച്ചിരുന്നു.
അപകടത്തിൽ ഒരാൾക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സുരക്ഷ ഉറപ്പാക്കുന്നതിന് ഷാർജ പൊലീസ് ഈ പ്രദേശത്തേക്ക് പ്രവേശനം തടഞ്ഞിരിക്കുന്നത്. സുരക്ഷാനിയമങ്ങളും മാർഗനിർദേശങ്ങളും പാലിക്കാത്തത് ശ്രദ്ധയിൽപെട്ട സാഹചര്യത്തിലാണ് അൽ ഫായ പൂർണമായും അടച്ചതെന്ന് ഷാർജ പൊലീസ് ജനറൽ കമാൻഡ് വ്യക്തമാക്കി.
നിയമവിരുദ്ധമായ ഓഫ്റോഡ് ഡ്രൈവിങ് വാഹനമോടിക്കുന്നവരുടെയും അവരെ അനുഗമിക്കുന്ന കുടുംബങ്ങളുടെയും വ്യക്തികളുടെയും ജീവന് അപകടകരമാണ് -മേജർ ജനറൽ സൈഫ് അൽ സാരി അൽ ശംസി പ്രസ്താവിച്ചു. അനധികൃതവും അശ്രദ്ധവുമായ ഡ്രൈവിങ് തടയുന്നതിനായി ഷാർജ പൊലീസ് നിരവധി ബോധവത്കരണ കാമ്പയിനുകൾ നടത്തിയിട്ടുണ്ട്.
വിനോദത്തിനായി പ്രദേശം സന്ദർശിക്കുന്ന കുടുംബങ്ങളുടെയും വ്യക്തികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് മണൽ നിറഞ്ഞ പ്രദേശങ്ങളിൽ സ്റ്റണ്ട് ചെയ്യുന്നത് ഒഴിവാക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. അപകടകരമായ പെരുമാറ്റം ശ്രദ്ധയിൽപെട്ടാൽ അടിയന്തര നമ്പർ (999) വഴി ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും പൊലീസ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

