ഞെട്ടലോടെ മലയാളി സമൂഹം: സൗഹൃദ വഴിയില്‍ യുവാക്കളുടെ ദുരന്ത യാത്ര
text_fieldsറാസല്‍ഖൈമ: ചൊവ്വാഴ്ച്ച പുലര്‍ച്ചെ റാസല്‍ഖൈമയില്‍ വാഹനാപകടത്തില്‍പ്പെട്ട അഞ്ച് മലയാളി യുവാക്കള്‍ സഹപാഠികളും ആത്മസുഹൃത്തുക്കളും. പഠനകാലത്ത് തുടങ്ങിയ സൗഹൃദമാണ് അഞ്ച് പേരെയും ഒരുമിച്ച് യു.എ.ഇയിലെ റാസല്‍ഖൈമയിലെത്തിച്ചത്. പഠനം കഴിഞ്ഞ് കാറ്ററിംഗ് കോളജ് അധികൃതര്‍ തന്നെയാണ് ജോലി റാസല്‍ഖൈമയില്‍ സംഘടിപ്പിച്ചു നൽകിയത്. ബിദൂന്‍ ഒയാസിസിലെ ടൂറിസ്റ്റ് കേന്ദ്രത്തിലും റാക് ഹോട്ടലിലും ജോലി ചെയ്തിരുന്ന ഇവര്‍ സമയം കണ്ടെത്തി ഒത്തുകൂടുക പതിവായിരുന്നു. ചൊവ്വാഴ്ച്ച ഈ സൗഹൃദകൂട്ടം നടത്തിയ യാത്ര ദുരന്തത്തില്‍ കലാശിക്കുകയായിരുന്നു. പ്രിയ സുഹൃത്തുക്കളായ അതുലും അര്‍ജുനും തങ്ങളെ വിട്ടു പിരിഞ്ഞത് അറിയാതെ ആശുപത്രിയുടെ നാല് ചുവരുകള്‍ക്കുള്ളില്‍ കഴിയുകയാണ് വിനു, സഞ്ജയ്, ശ്രേയസ് എന്നിവര്‍. പുലര്‍ച്ചെ റാക് പൊലീസ് ഓപ്പറേഷന്‍ റൂമില്‍ അപകട വിവരം ലഭിച്ചയുടന്‍ പൊലീസ് സേന സംഭവ സ്ഥലത്തത്തെി രക്ഷാ പ്രവര്‍ത്തനം നടത്തിയെങ്കിലും അപകടത്തില്‍പ്പെട്ടവരെ തിരിച്ചറിഞ്ഞിരുന്നില്ല. എമിറേറ്റ്സ് ട്രാന്‍സ്പോര്‍ട്ടിലെ ജീവനക്കാരനും കെ.എം.സി.സി പ്രവര്‍ത്തകനുമായ അറഫാത്തിെൻറ ഇടപെടലാണ് അപകടത്തില്‍പ്പെട്ടവര്‍ മലയാളികളാണെന്ന വിവരം വേഗത്തില്‍ പുറം ലോകത്തെത്തിച്ചത്.
പുലര്‍ച്ചെ മൂന്നരയോടെ റാക് സഖര്‍ ആശുപത്രിയില്‍ നിന്ന് ഫോണ്‍ കോള്‍ എത്തിയപ്പോഴാണ് താന്‍ അപകട വിവരം അറിഞ്ഞതെന്ന് അറഫാത്ത് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. രണ്ട് മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഫോണ്‍. ആശുപത്രിയിലുണ്ടായിരുന്ന പൊലീസ് ആളുകളെ തിരിച്ചറിഞ്ഞിരുന്നില്ല. സഞ്ജയ്, ശ്രേയസ് എന്നിവരുമായുള്ള സംസാരത്തില്‍ നിന്ന് ലഭിച്ച സൂചനയെ തുടർന്ന് റാക് ഹോട്ടലില്‍ വിവരമറിയിച്ചു. തുടർന്ന് ഹോട്ടല്‍ അധികൃതരും കാറ്ററിംഗ് കോളജ് പ്രതിനിധികളും റാക് കേരള സമാജം ഭാരവാഹികളും ആശുപത്രിയിലത്തെി തുടര്‍ നടപടികള്‍ സ്വീകരിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
