റോഡപകട മരണങ്ങളിൽ 32 ശതമാനം കുറവ്
text_fieldsദുബൈ: റോഡപകട മരണങ്ങൾ ഇല്ലാതാക്കാനുള്ള യത്നങ്ങൾക്ക് മികച്ച പുരോഗതി. ദുബൈയിലെ അപകട മരണങ്ങളുടെ നിരക്ക് മുൻ വർഷങ്ങളേക്കാൾ കുറഞ്ഞതായാണ് കണക്ക്. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ സംഭവിച്ചതിനേക്കാൾ 32ശതമാനം കുറവാണ് ഇൗ വർഷം ഉണ്ടായ റോഡപകട മരണങ്ങൾ.
2017െൻറ ആദ്യ പകുതിയിൽ 1447 റോഡപകടങ്ങളാണുണ്ടായത്. ഇതിൽപ്പെട്ട് 76 പേർ മരിച്ചു. 996 പേർക്ക് പരിക്കേറ്റു. 2016ൽ ഇതേ നേരത്ത് 1490 അപകടങ്ങളാണുണ്ടായത്.112പേർ മരിക്കുകയും 1056 േപർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ദുബൈ പൊലീസ് കർശനമായി നടപ്പാക്കുന്ന നിയമ നിർവഹണവും ബോധവത്കരണവും ഫലം കാണുന്നതിെൻറ സൂചനയാണ് ഇൗ കണക്കുകൾ.
പുതിയ ഗതാഗത നിയമങ്ങൾ നിലവിൽ വന്നതോടെ അപകടങ്ങളും മരണങ്ങളും ഇനിയും കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി ഫെഡറൽ ട്രാഫിക് കൗൺസിൽ മേധാവിയും ദുബൈ പൊലീസ് അസി. കമാൻഡർ ഇൻ ചീഫുമായ മേജർ ജനറൽ മുഹമ്മദ് സൈഫ് അൽ സഫീൻ പറഞ്ഞു.
വാഹനങ്ങളുടെ കൂട്ടിയിടിയാണ് ഇക്കുറി കൂടുതൽ മരണങ്ങളുടെയൂം കാരണം^47 പേരാണ് ഇപ്രകാരം മരിച്ചത്. കാൽനടക്കാർ അപകടത്തിൽപ്പെട്ട് മരിച്ച 20 സംഭവങ്ങളുണ്ട്.
നിർദേശിക്കപ്പെട്ട സ്ഥലങ്ങളിലല്ലാതെ മുറിച്ചു കടക്കുന്നതാണ് ഇത്തരം അപകടങ്ങൾക്ക് മുഖ്യകാരണം.
ചിലർ ഹൈവേകൾ പോലും ക്രോസ് ചെയ്യാൻ ശ്രമിക്കാറുണ്ടെന്നും മേജർ ജനറൽ അൽ സഫീൻ പറഞ്ഞു.
അൽഖൂസ്, ഖിസൈസ് തുടങ്ങിയ തിരക്കേറിയ മേഖലകളിൽ ദുബൈ പൊലീസ് ഇതിനെതിരെ ബോധവത്കരണവും നടപടികളും കൈക്കൊളളുന്നുണ്ട്.