‘അപകടരഹിത ദിനം’; നാല് ബ്ലാക്ക് പോയിൻറ് കുറക്കാൻ അവസരം
text_fieldsദുബൈ: ഡ്രൈവിങ് ലൈസൻസിൽ ബ്ലാക്ക് പോയിൻറുകൾ കുറക്കാൻ അവസരം നൽകുന്ന ‘അപകടരഹിത ദിനം’ ക്യാമ്പയ്ൻ പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം. വേനൽ അവധിക്ക് ശേഷം സ്കൂളുകൾ തുറക്കുന്ന ആദ്യ ദിനത്തിലാണ് ക്യാമ്പയ്ൻ. ഈ വർഷം ആഗസ്റ്റ് 25നാണ് സ്കൂളുകൾ തുറക്കുന്നത്. ആദ്യ പ്രവൃത്തി ദിനത്തിൽ റോഡപകടങ്ങൾ ഇല്ലാതാക്കുകയാണ് ക്യാമ്പയ്നിൻറെ ലക്ഷ്യം. എല്ലാ പൊലീസ് വകുപ്പുകളുടെയും സഹകരണത്തോടെ നടത്തുന്ന ക്യാമ്പയ്നിൽ പങ്കെടുക്കുന്ന ഡ്രൈവർമാർക്ക് ലൈസൻസിൽ നാല് ബ്ലാക്ക് പോയിൻറുകൾ കുറക്കാനും അവസരമുണ്ട്. ഇതിനായി ക്യാമ്പയ്ൻ ദിവസം ആഭ്യന്തര മന്ത്രാലയത്തിൻറെ വെബ്പോർട്ടലിൽ പ്രവേശിച്ച് പ്രതിജ്ഞയെടുക്കുകയും രജിസ്റ്റർ ചെയ്യുകയും വേണം.
തുടർന്ന് അന്നേ ദിവസം അപകടമില്ലാതെ വാഹനമോടിച്ചാൽ നിലവിലുള്ള നാല് ബ്ലാക്ക്പോയിൻറുകൾ കുറവ് വരുത്തും. ക്യാമ്പയ്നിൽ രജിസ്റ്റർ ചെയ്തവരുടെ നടപടി വിലയിരുത്തിയ ശേഷം സെപ്റ്റംബർ 15നായിരിക്കും ബ്ലാക്ക്പോയിൻറുകൾ നീക്കം ചെയ്യുക. ഇതിനായി സർവീസ് സെൻററുകൾ സന്ദർശിക്കേണ്ടതില്ലെന്ന് അധികൃതർ അറിയിച്ചു.
കുട്ടികൾ സ്കൂളിലെത്തുന്ന ആദ്യ ദിനത്തിൽ റോഡ് സുരക്ഷ വർധിപ്പിക്കുക മാത്രമല്ല സംരംഭത്തിൻറെ ലക്ഷ്യം. അതോടൊപ്പം ആവർത്തിച്ചുള്ള ഗതാഗത നിയമലംഘനങ്ങളെ കുറിച്ച് ഡ്രൈവർമാരെ ബോധവത്കരിക്കുക കൂടിയാണെന്ന് ഫെഡറൽ ട്രാഫിക് കൗൺസിൽ ചെയർമാൻ ബ്രിഗേഡിയർ ഹുസൈൻ അഹമ്മദ് അൽ ഹാരിതി പറഞ്ഞു. എല്ലാ വർഷവും വേനൽ അവധി കഴിഞ്ഞുള്ള സ്കൂളുകളുടെ ആദ്യ പ്രവൃത്തി ദിനത്തിൽ ആഭ്യന്തര മന്ത്രാലയം ‘അപകട രഹിത ദിന’ ക്യാമ്പയ്ൻ പ്രഖ്യാപിക്കാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

