പള്ളിനിർമാണത്തിനിടെ അപകടം: ഷാർജയിൽ തൊഴിലാളി മരിച്ചു
text_fieldsഷാർജ: എമിറേറ്റിൽ പള്ളി നിർമാണത്തിനിടെ സ്കഫോൾഡിങ് തകർന്നുവീണ് തൊഴിലാളി മരിച്ചു. യുഗാണ്ടൻ സ്വദേശിയായ 28കാരനാണ് മരിച്ചത്. നാലു പേർക്ക് പരിക്കേറ്റു. ഷാർജയിലെ അൽ ഖാൻ ഏരിയയിൽ ചൊവ്വാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം.
ഗുരുതരമായി പരിക്കേറ്റ 28കാരൻ സംഭവസ്ഥലത്തുവെച്ച് മരിച്ചതായി ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു. മിനാരത്തിന്റെ പണി നടക്കുന്നതിനിടെ സ്കഫോൾഡിങ് തകർന്ന് അഞ്ചു തൊഴിലാളികളും താഴേക്ക് വീഴുകയായിരുന്നു. സമീപത്തുണ്ടായിരുന്നവരാണ് ഷാർജ പൊലീസിന്റെ ഓപറേഷൻ റൂമിൽ വിവരം അറിയിച്ചത്. തുടർന്ന് പൊലീസ് എത്തി ആംബുലൻസിൽ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
എന്നാൽ, ഗുരുതരമായി പരിക്കേറ്റ യുഗാണ്ടൻ യുവാവ് മരിച്ചിരുന്നു. പരിക്കേറ്റ മറ്റ് തൊഴിലാളികളുടെ പേര് വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. മൂന്നു പേരെ പ്രാഥമിക ചികിത്സക്ക് ശേഷം ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തിട്ടുണ്ട്. 26കാരനായ യുഗാണ്ടൻ സ്വദേശിയാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.
ഇദ്ദേഹത്തിന്റെ നില ഗുരുതരമല്ലെന്നാണ് സൂചന. അതേസമയം, മരിച്ച യുവാവിന്റെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 99 ശതമാനം പണി പൂർത്തിയായി വരുന്ന പള്ളി റമദാനിന്റെ അവസാനത്തോടെ ഉദ്ഘാടനം ചെയ്യാനിരിക്കവെയാണ് ദാരുണമായ അപകടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

