അക്കാഫ് ലോകകപ്പ് ഫാൻസ് ഫുട്ബാൾ; ആവേശം നിറയ്ക്കാൻ 27ന് പന്തുരുളുന്നു
text_fieldsദുബൈ: കേരളത്തിലെ വിവിധ കോളജുകളിലെ അലുംനി അംഗങ്ങളെ ഒരുമിപ്പിക്കുന്ന പ്രമുഖ സംഘടനയായ അക്കാഫ് (അസോസിയേഷൻ ഓഫ് കേരള കോളജ് അലുംനി ഫോറംസ്) സംഘടിപ്പിക്കുന്ന ലോകകപ്പ് ഫാൻസ് ഫുട്ബാൾ ചാമ്പ്യൻഷിപ് 2026 ജൂൺ 27ന് വൈകീട്ട് എട്ടുമണി മുതൽ ദുബൈയിലെ അബുഹൈൽ അമാന സ്പോർട്സ് ബേയിൽ നടക്കും.
ചാമ്പ്യൻഷിപ്പിന്‍റെ ബ്രോഷർ പ്രകാശനം ചലച്ചിത്ര സംവിധായകൻ വൈശാഖ് നിർവഹിച്ചു. ചടങ്ങിൽ അക്കാഫ് ജനറൽ സെക്രട്ടറി ഷൈൻ ചന്ദ്രസേനൻ, ട്രഷറർ രാജേഷ് പിള്ള, ബോർഡ് മെമ്പർമാരായ ആർ. സുനിൽ കുമാർ, സി.എൽ. മുനീർ, സ്പോർട്സ് ക്ലബ് കൺവീനർ രമേഷ് നായർ, സമീർ ബാബു, ഹരികൃഷ്ണൻ, സ്റ്റീഫൻ ജോസഫ് എന്നിവർ സംബന്ധിച്ചു.
ലോകകപ്പിന്‍റെ ആവേശം പ്രവാസി മലയാളികൾക്കിടയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ടൂർണമെന്‍റിൽ, ഇത്തവണത്തെ ലോകകപ്പിൽ പങ്കെടുക്കുന്ന പ്രമുഖ ടീമുകളായ അർജന്‍റീന, ഫ്രാൻസ്, ബ്രസീൽ, സ്പെയിൻ, പോർചുഗൽ, നെതർലാൻഡ്സ്, ഇംഗ്ലണ്ട്, ജർമനി എന്നിങ്ങനെ എന്നിവയുടെ ജഴ്സിയണിഞ്ഞാണ് ടീമുകൾ മത്സരത്തിനിറങ്ങുന്നത്. വിവിധ കോളജ് അലുംനി അംഗങ്ങൾ ചേർന്നാണ് ഓരോ രാജ്യത്തെയും പ്രതിനിധീകരിക്കുന്ന ടീമുകൾ രൂപീകരിച്ചിരിക്കുന്നത്.
സൗഹൃദവും കായിക മനോഭാവവും വളർത്തുന്നതിനൊപ്പം വിവിധ കോളജുകളിലെ മുൻ വിദ്യാർഥികൾ തമ്മിലുള്ള കൂട്ടായ്മയും ബന്ധവും കൂടുതൽ ശക്തിപ്പെടുത്തുക എന്നതാണ് ചാമ്പ്യൻഷിന്‍റെ പ്രധാന ലക്ഷ്യം. ആവേശകരമായ മത്സരങ്ങൾക്കും മികച്ച കായിക പ്രകടനങ്ങൾക്കും വേദിയാകുന്ന ടൂർണമെന്‍റിൽ നൂറുകണക്കിന് ഫുട്ബാൾ പ്രേമികൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

