അധ്യയന വർഷത്തിന് സമാരംഭം
text_fieldsആദ്യ സ്കൂൾ ദിനത്തിൽ ക്ലാസ് മുറിയിലെത്തി കുട്ടികളുമായി സംവദിക്കുന്ന ദുബൈ പൊലീസ്
ഉദ്യോഗസ്ഥർ
ദുബൈ: രാജ്യമെങ്ങും വേനലവധിക്കുശേഷം സ്കൂളുകളിൽ പുതിയ അധ്യയന വർഷത്തിന് തിങ്കളാഴ്ച സമാരംഭം. 12ാം ക്ലാസുവരെ 10 ലക്ഷത്തിലധികം കുട്ടികളാണ് സ്കൂളുകളിലെത്തിയത്. എല്ലാ എമിറേറ്റുകളിലെയും വിവിധ സർക്കാർ സംവിധാനങ്ങൾ ഏകോപിച്ച് സുരക്ഷയും സുഗമമായ യാത്രയും ഉറപ്പുവരുത്തിയിരുന്നു. രണ്ടു മാസത്തെ വേനലവധിക്കുശേഷം കുട്ടികൾ സ്കൂളിലെത്തുന്ന ദിവസം വിപുലമായ ഒരുക്കങ്ങളാണ് അധികൃതർ നടത്തിയത്. പല സ്കൂളുകളും ആദ്യദിനത്തിൽ സ്കൂൾ ബസ് സേവനം ലഭ്യമാക്കിയിരുന്നില്ല. അതിനാൽ തന്നെ രക്ഷിതാക്കൾ നേരിട്ടാണ് കുട്ടികളെ സ്കൂളുകളിലെത്തിച്ചത്.
സ്കൂളുകളിൽ ഐസ്ക്രീമും മധുരവും നൽകിയാണ് പുതിയ കുട്ടികളെ സ്വീകരിച്ചത്. അധ്യയന വർഷാരംഭത്തോട് അനുബന്ധിച്ച് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം തുടങ്ങി ഭരണാധികാരികൾ വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും ആശംസകൾ നേർന്നു. നിരവധി പ്രത്യേകതകളോടെയാണ് ഇത്തവണ അധ്യയന വർഷം ആരംഭിച്ചിരിക്കുന്നത്.
ഏകീകൃത സ്കൂൾ കലണ്ടർ, അറബിക്, ഇസ്ലാമിക് കരിക്കുലത്തിലെ നവീകരണം, രാജ്യത്ത് ആദ്യ നിർമിത ബുദ്ധി (എ.ഐ) സിലബസിന്റെ തുടക്കം എന്നിവ ഇതിലുൾപ്പെടും. ദുബൈയിലടക്കം വിവിധ സ്കൂളുകളിൽ പൊലീസ് ഉദ്യോഗസ്ഥർ കുട്ടികളെ നേരിട്ടെത്തി ആശംസയറിയിച്ചു. ജുമൈറയിലെ അൽ ഇത്തിഹാദ് സ്കൂളിൽ സന്ദർശനം നടത്തിയ ദുബൈ പൊലീസ് ആക്ടിങ് അസി. കമാൻഡന്റ് മേജർ ജനറൽ സൈഫ് മുഹൈർ അൽ മസ്റൂയി വിദ്യാർഥികൾക്കും അധ്യാപകർക്കും മറ്റു അഡ്മിനിസ്ട്രേറ്റിവ്, ഫാക്കൽറ്റി അംഗങ്ങൾക്കും രക്ഷിതാക്കൾക്കും വിദ്യാഭ്യാസ മന്ത്രാലയത്തെയും ആശംസ അറിയിച്ചു.
സ്കൂൾ തുറക്കുന്നതിനോട് അനുബന്ധിച്ച് രാജ്യത്താകമാനം ‘അപകടരഹിത ദിനം’ ആചരിക്കുന്നതിന്റെ ഭാഗമായി കൂടിയാണ് സന്ദർശനം നടന്നത്. ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റ് സന്ദർശിച്ച് രജിസ്റ്റർ ചെയ്ത ശേഷം ആ ദിവസം അപകടമില്ലാതെ വാഹനമോടിച്ചാൽ ലൈസൻസിലെ നാല് ബ്ലാക്ക് പോയന്റുകൾ വരെ കുറക്കാനുള്ള അവസരമൊരുക്കിയിരുന്നു. നിരവധിപേർ ഈ സൗകര്യം ഉപയോഗപ്പെടുത്തി. സ്കൂൾ ബസുകളുടെ ഫിറ്റ്നസ് പരിശോധനയും ഡ്രൈവർമാർക്കും ആയമാർക്കുമുള്ള പരിശീലന പരിപാടികളും നേരത്തെ വിവിധ എമിറേറ്റുകളിൽ പൂർത്തിയാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

