സമൂഹ മാധ്യമങ്ങളിലെ അധിക്ഷേപം; നിയമനടപടി ആലോചിക്കും: അപവാദ പ്രചാരണങ്ങൾ തന്നെ ബാധിക്കില്ല, കേരളത്തിൽ നിക്ഷേപം നടത്തുന്നതിൽനിന്ന് പിന്മാറ്റമില്ല
text_fieldsദുബൈ ലുലു ആസ്ഥാനത്ത് നടന്ന മീഡിയ ഓണ്‍ലൈന്‍
മീറ്റില്‍ ലുലു ഗ്രൂപ് ഇൻറര്‍നാഷനല്‍ ചെയര്‍മാന്‍ എം.എ. യൂസുഫലി സംസാരിക്കുന്നു. ലുലു ഗ്രൂപ്പ് മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻ വിഭാഗം ഡയറക്ടർ വി. നന്ദകുമാർ സമീപം
ദുബൈ: എല്ലാവര്‍ക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്നുണ്ടെങ്കിലും അത് മറ്റുള്ളവരുടെ സ്വാതന്ത്ര്യം ഹനിച്ചും അപമാനിച്ചുമാവരുതെന്ന് ലുലു ഗ്രൂപ് ഇൻറര്‍നാഷനല്‍ ചെയര്‍മാന്‍ എം.എ. യൂസുഫലി പറഞ്ഞു. ലുലു ആസ്ഥാനത്ത് നടന്ന മീഡിയ ഓണ്‍ലൈന്‍ മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ സംസ്‌കാര സമ്പന്നരാണ് കൂടുതലുള്ളതെങ്കിലും ഒരു ചെറിയ വിഭാഗം വ്യക്തിഹത്യക്ക് ഒരുങ്ങിപ്പുറപ്പെട്ടിരിക്കുകയാണ്. കേരളത്തില്‍ മാത്രമാണ് ഇത്തരം അപവാദ പ്രചാരണ പ്രവണത കൂടുതലായി കണ്ടിട്ടുള്ളതും. എന്നാൽ, എത്ര അപവാദ പ്രചാരണങ്ങൾ അഴിച്ചുവിട്ടാലും കേരളത്തിൽ നിക്ഷേപം നടത്തുന്നതിൽനിന്ന് പിന്മാറില്ലെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിലെ തന്നെ വമ്പന്‍ വ്യവസായികളായ മുകേഷ് അംബാനി, ഗൗതം അദാനി തുടങ്ങിയവരുമായി തനിക്ക് വലിയ ബന്ധമുണ്ട്. സഹോദര തുല്യമായ ബന്ധമാണത്. വിവാഹം പോലുള്ള അവസരങ്ങളില്‍ അത്തരം വ്യക്തിത്വങ്ങളുമായി താന്‍ സംഗമിക്കാറുണ്ട്. 10,000ത്തിലധികം കുട്ടികള്‍ പഠിക്കുന്ന ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍, ഐ.ബി.പി.സി അധ്യക്ഷന്‍ അങ്ങനെ നിരവധി സംരംഭങ്ങളിലും പ്രസ്ഥാനങ്ങളിലും നേതൃപരമായി പ്രവര്‍ത്തിച്ചു വരുന്ന തനിക്കെതിരെ ആര് കുപ്രചാരണം നടത്തിയാലും അത്, തന്നെ അറിയുന്നവര്‍ തള്ളിക്കളയുമെന്നും വ്യക്തമാക്കി. സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ അപവാദ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമപരമായ നടപടികള്‍ ആലോചിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
2020 വർഷം ബിസിനസ് മേഖലക്ക് നല്ല അനുഭവമല്ല നൽകിയത്. പ്രതീക്ഷാപൂര്‍വം മുന്നോട്ടു പോവുകയാണെന്നും എന്നാല്‍, ഈ പ്രതിസന്ധി കാലയളവിലും 2020ല്‍ 27 പ്രോജക്ടുകള്‍ ലുലു ഗ്രൂപ് പൂര്‍ത്തിയാക്കി. ഓണ്‍ലൈന്‍ വില്‍പനയില്‍ ലുലുവിന് 200 ശതമാനം വര്‍ധനയുണ്ട്. അത് 500 ശതമാനമായി വര്‍ധിക്കുമെന്നാണ് കരുതുന്നത്. ലുലു ഗ്രൂപ്പിലെ ജീവനക്കാരുടെ എണ്ണം 60,000 ആയി മാറുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. അടുത്ത വര്‍ഷം മാര്‍ച്ചോടെ 70,000ത്തിലധികം ജീവനക്കാര്‍ ആകുമെന്നാണ് ഇപ്പോള്‍ പ്രതീക്ഷിക്കുന്നതെന്നും സഹപ്രവര്‍ത്തകരായ 57,600ല്‍ 30,000ത്തിലധികം മലയാളികളാണെന്നും അദ്ദേഹം പറഞ്ഞു. വ്യവസായികളെയും നിക്ഷേപകരെയും പ്രോത്സാഹിപ്പിക്കുന്ന നയമാണ് നാം സ്വീകരിക്കേണ്ടത്. അതിലൂടെയാണ് വികസനം വരുന്നത്. വ്യവസായിയായിരുന്ന രാജന്‍പിള്ള ഇന്ന് ജീവിച്ചിരുന്നുവെങ്കില്‍ ലോകത്തിലെ ഏറ്റവും വലിയ മാനുഫാക്ചറര്‍ ആയി മാറുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ ഇനിയും വ്യവസായവും വികസനവും വരണമെന്നാണ് തെൻറ ആഗ്രഹമെന്നും കോഴിക്കോട്ടും കോട്ടയത്തും പുതിയ നിക്ഷേപ പദ്ധതികളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നോയ്ഡയില്‍ കോള്‍ഡ് സ്‌റ്റോറും ലോജിസ്റ്റിക് സെൻററും സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

