അബൂദബി മലയാളി സമാജത്തിന് സ്വന്തം ആസ്ഥാനം ഉടനെ യാഥാർഥ്യമായേക്കും
text_fieldsഅബൂദബി : തലസ്ഥാന നഗരിയിൽ സർക്കാർ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന അബൂദബി മലയാളി സമാജത്തിന് സ്വന്തമായി ആസ്ഥാന മന്ദിരത്തിനുള്ള ശ്രമം അവസാനഘട്ടത്തിലേക്ക്. അബൂദബി ചേംബർ ഓഫ് കൊമേഴ്‌സ് ഡയറക്ടർ ബോർഡ് മെമ്പറും ലുലു ഗ്രൂപ്പ് ചെയർമാനും സമാജം ചീഫ് പാട്രനുമായ എം.എ.യൂസഫലിയുടെ നേതൃത്വത്തിലാണ് പദ്ധതിക്കുള്ള ശ്രമം ത്വരിതഗതിയിൽ പുരോഗമിക്കുന്നത്. സ്ഥലം അനുവദിക്കുന്നതിനു മുന്നോടിയായി അബൂദബി മലയാളി സമാജം ആസ്ഥാന സമുച്ചയത്തിെൻറ പ്‌ളാനും ത്രിമാന കാഴ്ചകളും ദൃശ്യങ്ങളും പദ്ധതി ചെലവ് സംബന്ധിച്ച കരടു രേഖകളും സാമൂഹിക വികസന മന്ത്രാലയത്തിന് സമർപ്പിച്ചതായി പ്രസിഡൻറ് ഷിബു വർഗീസ് അറിയിച്ചു.
140 ലക്ഷം ദിർഹം മുതൽ മുടക്കിലാണ് പ്രോജക്ട്. 52-ാം വാർഷികാഘോഷത്തിനു മുമ്പ് മലയാളി സമാജത്തിന് സ്ഥലം അനുവദിച്ചു കിട്ടുന്നതിനുള്ള പ്രവർത്തനം പുരോഗമിക്കുകയാണ്.ഇതിനു മുന്നോടിയായി സാമൂഹിക വികസന മന്ത്രാലയം അധികൃതർ മലയാളി സമാജം മാനേജിങ് കമ്മിറ്റിയുമായി പല ഘട്ടങ്ങളിലായി മീറ്റിങുകൾ നടത്തി. സമാജത്തിെൻറ അര നൂറ്റാണ്ടിലെ പ്രവർത്തന ചരിത്രവും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് ദിവസത്തിനകം ഈ രേഖകൾ കൈമാറും.
സമാജം രക്ഷാധികാരി ലൂയിസ് കുര്യാക്കോസ്, ഇസ്ലാമിക് സെൻറർ പ്രസിഡൻറ് പി. ബാവ ഹാജി, ഐ.എസ്.സി നിർമാണ പ്രവർത്തനസമിതി അംഗവും മുൻ സമാജം പ്രസിഡൻറുമായ അജയഘോഷ്, മുൻ ജനറൽ സെക്രട്ടറി സതീഷ് കുമാർ, വിജയരാഘവൻ, പ്രസിഡൻറ് ഷിബു വർഗീസ്, വൈസ് പ്രസിഡൻറ് സലിം ചിറക്കൽ, ജനറൽ സെക്രട്ടറി പി.കെ.ജയരാജൻ, ട്രഷറർ അബ്ദുൽ ഖാദർ തിരുവത്ര എന്നിവരാണ് ടെക്‌നിക്കൽ കമ്മിറ്റി അംഗങ്ങൾ. അബൂദബി മലയാളി സമാജത്തിന് സ്വന്തമായി സ്ഥലവും കെട്ടിടവും യഥാർഥ്യമാവുന്നതോടെ അബൂദബിയിൽ മൂന്നാമത്തെ ഇന്ത്യൻ സംഘടനക്കാവും ഈ സാക്ഷാൽക്കാരം. അബൂദബി ഇന്ത്യാ സോഷ്യൽ ആൻഡ് കൾചറൽ സെൻററിനും അബൂദബി ഇന്ത്യൻ ഇസ്ലാമിക് സെൻററിനുമാണ് നിലവിൽ വിശാല സൗകര്യങ്ങളോടെ കെട്ടിടങ്ങളുള്ളത്. മലയാളി സമാജത്തിനു പുറമെ കേരള സോഷ്യൽ സെൻറർ, ഇന്ത്യൻ ലേഡീസ് അസോസിയേഷൻ എന്നീ ഇന്ത്യൻ സംഘടനകൾക്കാണ് അബൂദബിയിൽ സമൂഹിക വികസന മന്ത്രാലയത്തിെൻറ അംഗീകാരമുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
