അബൂദബിയിൽനിന്നുള്ള എണ്ണ സ്വീകരിക്കാൻ ഇന്ത്യ ഒരുങ്ങി –ധർമേന്ദ്ര പ്രധാൻ
text_fieldsഅബൂദബി: യു.എ.ഇയും ഇന്ത്യയും തമ്മിലുള്ള കരാർ പ്രകാരം സംഭരണത്തിനായി അബൂദബിയിൽനിന്ന് അയക്കുന്ന ക്രൂഡ് ഒായിൽ സ്വീകരിക്കാൻ ഇന്ത്യ ഒരുക്കം പൂർത്തിയാക്കിയതായി ഇന്ത്യൻ എണ്ണകാര്യ മന്ത്രി ധർമേന്ദ്ര പ്രധാൻ. എണ്ണ സംഭരിക്കുന്ന മംഗലുരുവിലെ പെട്രോളിയം റിസർവിൽ ഇതിനായുള്ള പ്രവർത്തനങ്ങൾ ഏപ്രിലിൽ തുടങ്ങും. മേയിൽ സംഭരണിയിൽ എണ്ണ നിറക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ന്യൂഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ധർമേന്ദ്ര പ്രധാൻ. രണ്ട് നിലവറകളിലായി 15 ലക്ഷം ടൺ പെട്രോളിയം സംഭരിക്കാൻ ശേഷിയുള്ളതാണ് മംഗലുരുവിലെ സംഭരണിയെന്ന് മന്ത്രി വ്യക്തമാക്കി. കരാർ പ്രകാരം സംഭരണിയുടെ പകുതി ക്രൂഡ് ഒായിലാണ് അബൂദബിയിൽനിന്ന് അയക്കുക. പകുതി നിറക്കാൻ മൂന്ന് വലിയ കപ്പലുകൾ വേണ്ടിവരും. ഇന്ത്യൻ സർക്കാറിൽനിന്ന് ഫണ്ട് ലഭ്യമാക്കി സംഭരണിയുടെ പകുതി നേരത്തെ തന്നെ നിറച്ചിട്ടുണ്ട്.
ക്രൂഡോയിലിെൻറ തന്ത്രപ്രധാന സംഭരണത്തിന് മൂന്നിടങ്ങളിലായി ഇന്ത്യക്ക് ഇപ്പോൾ സൗകര്യമുണ്ട്. ഇവ മൂന്നിലുമായി മൊത്തം 53 ലക്ഷം ക്രൂഡ് ഒായിൽ സംഭരിക്കാൻ സാധിക്കും. മംഗലുരുവിലെ 15 ലക്ഷം ടണ്ണിന് പുറമെ വിശാഖപട്ടണത്ത് 13.3 ലക്ഷം ടണ്ണും പാടൂറിൽ 25 ലക്ഷം ടണ്ണും സംഭരിക്കാനാവും. ഭാവിയിൽ ശേഷി വർധിപ്പിക്കുന്നതിനെ കുറിച്ചും യു.എ.ഇയുമായി സഹകരണം വ്യാപിപ്പിക്കുന്നതിനെ കുറിച്ചും ആലോചിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. അബൂദബി ദേശീയ എണ്ണക്കമ്പനിയും (അഡ്നോക്) ഇന്ത്യൻ സ്ട്രാറ്റജിക് പെട്രോളിയം റിസർവ്സ് ലിമിറ്റഡും (െഎ.എസ്.പി.ആർ.എൽ) 2017 ജനുവരിയിലാണ് എണ്ണ സംഭരണത്തിന് കരാറിൽ ഒപ്പുവെച്ചത്.
2017ലെ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ മുഖ്യാതിഥിയായി പെങ്കടുക്കാൻ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ഇന്ത്യയിലെത്തിയ സമയത്തായിരുന്നു ഇത്. 2018 ഫെബ്രുവരി പത്തിന് ഇന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദർശനവേളിയിലാണ് ഇൗ കരാറിൽ ചില ഭേദഗതികൾ വരുത്തിയതും മംഗളുരുവിൽ എണ്ണസംഭരണത്തിന് ധാരണയായതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
