You are here
ലൂവർ അബൂദബി മ്യൂസിയം രണ്ടാം വർഷത്തിലേക്ക്
ഇതുവരെ സന്ദർശിച്ചത് 20 ലക്ഷത്തിലധികം പേർ
അബൂദബി: ലൂവർ അബൂദബി മ്യൂസിയം ഈ മാസം രണ്ടാം വാർഷികം ആഘോഷിക്കാനൊരുങ്ങി. ഇതിനകം 20 ലക്ഷം സന്ദർശകരെത്തിയതായി മ്യൂസിയം ഔദ്യോഗിക വാർത്തക്കുറിപ്പിൽ വെളിപ്പെടുത്തി. പ്രധാന നേട്ടങ്ങളും പുതിയ പ്രോഗ്രാമുകളും പുതിയ കലാസൃഷ്്ടികളുമായാണ് ലൂവർ അബൂദബി മ്യൂസിയം വാർഷികാഘോഷത്തിനൊരുങ്ങുന്നത്. അറബ് ലോകത്ത് ഇത്തരത്തിലുള്ള ആദ്യത്തെ മ്യൂസിയമാണിത്. ലോകത്തിനൊരു സാംസ്കാരിക സമ്മാനമായാണ് ഈ മ്യൂസിയം ആരംഭിച്ചതെന്നും ഒരു സാർവത്രിക മ്യൂസിയം എന്ന കാഴ്ചപ്പാടോടെയാണ് ഈ മ്യൂസിയത്തിെൻറ പ്രവർത്തനങ്ങളിൽ അബൂദബി സാംസ്കാരിക വകുപ്പ് ശ്രദ്ധിക്കുന്നതെന്നും അബൂദബി സാംസ്കാരിക, ടൂറിസം വകുപ്പ് ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുബാറക് അറിയിച്ചു.
ലോകത്തിെൻറ എല്ലാ കോണുകളിൽനിന്നുമുള്ള അവിശ്വസനീയമായ കലാസൃഷ്്ടികളുടെ ശേഖരം വിന്യസിച്ചതുവഴി മനുഷ്യരാശിയുടെ ഒരു വൈജ്ഞാനികകേന്ദ്രവും സാംസ്കാരികകേന്ദ്രവുമാണിത്. വിപുലമായ സാംസ്കാരിക കൈമാറ്റത്തോടൊപ്പം സാമൂഹിക ഇടപഴകലിനും പുരോഗമന കലാസാംസ്കാരിക സംഭാഷണങ്ങൾക്കുമുള്ള ഇടമെന്ന നിലയിലും ലൂവർ അബൂദബി മ്യൂസിയത്തിെൻറ പ്രാധാന്യം വളരെ വലുതാണെന്ന് മ്യൂസിയം ഡയറക്ടർ മാനുവൽ റബേറ്റും ചൂണ്ടിക്കാട്ടി. മ്യൂസിയത്തിെൻറ പ്രാധാന്യത്തിനുതകുന്ന കലാസൃഷ്്ടികളുടെ ശേഖരം ഏറ്റെടുക്കൽ മുതൽ ആഗോള ശ്രദ്ധനേടിയ പ്രത്യേക പ്രദർശനങ്ങൾ വരെ ലൂവർ അബൂദബി മ്യൂസിയത്തിൽ ചുരുങ്ങിയ സമയത്തിനകം കാഴ്ചവെക്കാനായി.
സമൂഹത്തിലും നാഗരികതയിലുമുള്ള മാറ്റങ്ങളുടെ പ്രകടനമായി സംസ്കാരവും സർഗാത്മകതയും എങ്ങനെ പ്രവർത്തിച്ചിട്ടുണ്ടെന്നതിനെക്കുറിച്ച് വെളിച്ചം വീശുകയാണ് പ്രധാന ലക്ഷ്യം. ലൂവർ അബൂദബി മ്യൂസിയത്തിൽ നടന്നുകൊണ്ടിരിക്കുന്ന 10,000 വർഷത്തെ ആഡംബര കാഴ്ചകൾ ലോകത്തിലെ ആഡംബര ചരിത്രത്തെക്കുറിച്ചുള്ള ആദ്യത്തെ സമഗ്ര പ്രദർശനമാണ്.